അക്രമി തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളും യുവതികളും മോചിരായി

0
370

ബെനിൻ (നൈജീരിയ): നൈജീരിയയിൽ യൂക്കരിസ്റ്റിക്ക് ഹാർട്ട് ഓഫ് ജീസസ് കോൺവെന്റിൽ നിന്നും തോക്കുധാരി തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളും യുവതികളും മോചിതരായി. വെറോണിക്ക അജായി, റോസിലിൻ ഇസിയോച്ചാ, ഫ്രാൻസസ് ഉഡി എന്നീ മൂന്ന് കന്യാസ്ത്രീകളും നിത്യവ്രത പരിശീലനത്തിലായിരുന്ന മൂന്ന് യുവതികളുമാണ് മോചിതരായത്.

കോൺവെന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ അഗത ഒസരേഖയാണ് കന്യാസ്ത്രീകൾ മോചിതരായതായി അറിയിച്ചത്. കന്യാസ്ത്രീകൾ പൂർണ്ണ സുരക്ഷിതരാണെന്നും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും സിസ്റ്റർ അഗത പറഞ്ഞു. കന്യാസ്ത്രീകളെ മോചിപ്പിക്കാൻ 20 ദശലക്ഷം നൈറയാണ് അക്രമികൾ ആവശ്യപ്പെട്ടത്. എന്നാൽ തുക നൽകാതെ തന്നെ കന്യാസ്ത്രീകളുടെ മോചനം സാധ്യമായതായി അഗത പറഞ്ഞു.

സിസ്റ്റർ വെറോനിക്ക അജായി ശനിയാഴ്ച ആറുമണിയോടെയും മറ്റുള്ളവർ അന്ന് അർദ്ധരാത്രിക്ക് മുൻപേയുമാണ് മോചിതരായത്. അതേസമയം ,പോലീസിന്റെ കാര്യക്ഷമമായ ഇടപെടലാണ് കന്യാസ്ത്രീകൾ മോചിതരാകാൻ കാരണമെന്ന് കമ്മീഷണർ ഓഫ് പോലീസ് ജോൺസൺ കോകുമോ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഓവിയ സൗത്ത്-വെസ്റ്റിലെ ഇഗ്വോരിയാഖിയിലുള്ള മഠം കൊള്ളയടിച്ച തോക്കുധാരികൾ കന്യാസ്ത്രീകളെയും യുവതികളേയും തട്ടിക്കൊണ്ടുപോയത്. തോക്കുചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തി ബോട്ടിൽ കയറ്റിയ അജ്ഞാതനായ അക്രമി പിന്നീട് ഇവരുമായി കടന്നുകളയുകയായിരുന്നു.

അക്രമികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളുടെ മോചനത്തിനായി ഡിസംബർ 2 പ്രാർത്ഥനാ ദിനമായി നൈജീരിയയിലെ ബിഷപ്പ്‌സമിതി പ്രഖ്യാപിച്ചിരുന്നു. കന്യാസ്ത്രീകളുടെ മോചനാർത്ഥം നടത്തുന്ന പ്രാർത്ഥനാദിനത്തിൽ താനും പങ്കുചേരുന്നതായി ഫ്രാൻസിസ് പാപ്പയും അറിയിച്ചിരുന്നു. അതേസമയം, ക്രിസ്മസിന്റെ പിറ്റേന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ക്രോസ്സ് റിവർ കോളേജ് ഓഫ് എഡ്യുക്കേഷൻ മെഡിക്കൽ സെൻററിലെ ഡോ. ഉസാങ്ങ് എകാനേമും മോചിതനായതായി റിപ്പോർട്ടുണ്ട്.