അക്രൈസ്തവന്റെ ക്രൈസ്തവസാക്ഷ്യം

395

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ CMI എഴുതിയ അനുഭവസാക്ഷ്യം

ഭാരതത്തിലെ വിവിധ നഗരങ്ങളിൽ അംബരചുംബികളായ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ നിർമിക്കുന്ന ഹൈന്ദവ സുഹൃത്ത് തന്റെ ഭവനത്തിൽ പ്രാർത്ഥന നടത്തുന്നതിനും പ്രഭാത ഭക്ഷണത്തിനുമായി ഒരിക്കൽ എന്നെ ക്ഷണിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഭവനത്തിലെത്തിയപ്പോൾ അദ്ദേഹവും മറ്റു കുടുംബാംഗങ്ങളും പാദംതൊട്ടു വന്ദിച്ച് എന്നെ സ്വീകരിച്ചു. അതിനുശേഷം സ്വീകരണ മുറിയിൽ പ്രവേശിച്ചപ്പോൾ അവിടെ ആദ്യം കണ്ടത് കത്തിച്ച തിരികളുടെ നടുവിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപമാണ്. നാലടിയിലേറെ പൊക്കം വരുന്ന ആ പ്രതിമയ്ക്കു ചുറ്റും ദീപാലങ്കാരവുമുണ്ടായിരുന്നു.
ആ ഭവനത്തിലെ കുടുംബാംഗങ്ങളോടൊപ്പം നടത്തിയ പ്രാർത്ഥനയ്ക്കുശേഷം ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു: ”എന്തുകൊണ്ടാണ് വിശുദ്ധ യൗസേപ്പിതാവിന്റെ രൂപം സ്വീകരണമുറിയിൽ സ്ഥാപിച്ചിരിക്കുന്നത്?”

അപ്പോൾ അദ്ദേഹം പറഞ്ഞു: ”നമ്മുടെ കർത്താവിനെ ഈലോക ജീവിതകാലത്ത് സംരക്ഷിച്ചു വളർത്തിയത് വിശുദ്ധ യൗസേപ്പിതാവല്ലേ? അങ്ങനെയുള്ള പിതാവിന്റെ സംരക്ഷണം നമുക്കുവേണമല്ലോ. അതുകൊണ്ടാണ് ഞാൻ വിശുദ്ധ യൗസേപ്പിതാവിനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.” എത്ര അർത്ഥവത്തായ വീക്ഷണവും അതിൽനിന്നു ഉടലെടുത്ത പ്രവൃത്തിയും!
ഈ സുഹൃത്ത് തന്റെ വീട്ടിൽ മാത്രമല്ല വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. അദ്ദേഹം പടുത്തുയർത്തിയ എല്ലാ അപ്പാർട്ടുമെന്റ് കോംപ്ലക്‌സുകളുടെയും മുകളിൽ വിശുദ്ധ യൗസേപ്പിന്റെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ടത്രേ.

പ്രാർത്ഥന കഴിഞ്ഞു ഡൈനിംഗ് റൂമിലേക്കു കടന്നപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ആറടിയോളം നീളം വരുന്ന അന്ത്യത്താഴത്തിന്റെ പടം! അതോടൊപ്പം കർത്താവിന്റെയും മാതാവിന്റെയുമൊക്കെ ഫ്രെയിം ചെയ്ത വലിയ പടങ്ങളും!ഭക്ഷണത്തിനുശേഷം സുഹൃത്ത് എന്നെ കെട്ടിടത്തിന്റെ വിശാലമായ രണ്ടാം നിലയിലേക്കു കൊണ്ടുപോയി. എന്റെ ബഹുമാനാർത്ഥം ഒരു കച്ചേരി നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കർണാട്ടിക് സംഗീതം പഠിച്ചിട്ടുള്ളവരാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരനും. അവരിലൊരാൾ ഫ്‌ളൂട്ട് വായിച്ചപ്പോൾ മറ്റേയാൾ അതിമനോഹരമായി തബല വായിച്ചു. അവരോടൊപ്പം പാടുവാൻ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു.

അവർ അതിമനോഹരമായി കച്ചേരി നടത്തുമ്പോൾ എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് ആ ഹാളിൽ കണ്ട ചിത്രങ്ങളായിരുന്നു. അവയിൽ ഒരെണ്ണം ഒഴികെ എല്ലാം കർത്താവിന്റെയും മാതാവിന്റെയും വിശുദ്ധരുടെയും ചിത്രങ്ങളായിരുന്നു!

ഇന്ത്യയിലെ പ്രഗത്ഭരായ പല അക്രൈസ്തവ സംഗീതജ്ഞരും പതിവായി സന്ദർശിക്കുന്ന വീടും പ്രൈവറ്റായി കച്ചേരി നടത്തുന്ന സ്ഥലവുമാണിത്. അവിടെ ഈ ഹൈന്ദവസുഹൃത്ത് കർത്താവിനും അവിടുത്തെ പഠനത്തിനും സജീവസാക്ഷ്യം വഹിക്കുന്നു. താൻ പഠിച്ചിറങ്ങിയ ക്രൈസ്തവ കലാലയത്തിൽനിന്നു ലഭിച്ച ക്രൈസ്തവവിശ്വാസം ധൈര്യസമേതം പ്രഘോഷിക്കുന്നു. മാമോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും ദൈവപുത്രനായ യേശുവിന്റെ ഭക്തനായി ജീവിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

പ്രഭാതഭക്ഷണത്തിനും കച്ചേരിക്കുമൊക്കെ നന്ദി പറഞ്ഞു യാത്ര പറയുമ്പോൾ അദ്ദേഹം നൽകിയ സമ്മാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു കരങ്ങളുമുയർത്തി ആശീർവദിച്ചുകൊണ്ടുനിൽക്കുന്ന നമ്മുടെ കർത്താവിന്റെ ഫ്രെയിം ചെയ്ത വലിയൊരു ചിത്രമായിരുന്നു! ആർക്കെങ്കിലും ഇത്തരമൊരു സംഭവം മറക്കാനാവുമോ?

ഒരു അക്രൈസ്തവന് ഇത്രയും മനോഹരമായി യേശുവിനു സാക്ഷ്യം വഹിക്കാൻ സാധിക്കുമെങ്കിൽ അതിൽ എത്രയേറെ മനോഹരമായി സാക്ഷ്യം വഹിക്കാൻ നമുക്ക് സാധിക്കേണ്ടതാണ്?
നമ്മിലും നമ്മുടെ സ്ഥാപനങ്ങളിലും വിവിധ സേവനകേന്ദ്രങ്ങളിലും യേശുവിന്റെ സാന്നിധ്യമുണ്ടെന്നു നാം ഉറപ്പു വരുത്തണം. അതുപോലെ, അവിടുത്തെ അറിയാനും അവിടുത്തെ കേൾക്കാനും നമ്മുടെ സ്ഥാപനങ്ങളിലൂടെ മറ്റുള്ളവർക്ക് നാം അവസരം ഒരുക്കണം. സ്ഥാപനങ്ങൾ വിജയകരമായി നടത്തുവാനുള്ള തത്രപ്പാടിൽ യേശുവിന് സാക്ഷ്യം വഹിക്കുന്നതിനും അവിടുത്തെ മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിനും നാം മറന്നു പോകരുത്.