ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിത പുണ്യങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം

0
273

വത്തിക്കാൻ സിറ്റി: മലയാളിയും എറണാകുളം അങ്കമാലി രൂപതാ വൈദികനും അഗതികളുടെ സന്യാസസമൂഹം സ്ഥാപകനുമായ ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ  വീരോചിതപുണ്യങ്ങൾ വത്തിക്കാൻ അംഗീകരിച്ചു. കഴിഞ്ഞ ദിവസം വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘാദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ അമോത്ത പാപ്പയെ സന്ദർശിച്ചിരുന്നു. തുടർന്നാണ് ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങൾ വത്തിക്കാൻ അംഗീകരിച്ചത്.

ഏറണാകുളത്തെ കോന്തുരുത്തി പെരുമാനൂരിൽ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളിയിൽ 1876 ഓഗസ്റ്റ് 8-നാണ് വർഗീസ് ജനിച്ചത്. ദൈവവിളി തിരിച്ചറിഞ്ഞ് വൈദികനായതിനെ തുടർന്ന് 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ ശുശ്രൂഷ ചെയ്ത ഫാ. വർഗീസ് ആലുവ സെന്റ്. മേരീസ് ഹൈസ്‌കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. ദിവ്യകാരുണ്യ ഈശോയിൽ കേന്ദ്രീകൃതമായി ജീവിതം നയിച്ച അദ്ദേഹം എല്ലാ ഞായറാഴ്ചയും റെയിൽവേ തൊഴിലാളികൾക്കുവേണ്ടി ഷൊർണ്ണൂർവരെ യാത്രചെയ്ത് ദിവ്യബലി അർപ്പിച്ചിരുന്നു.

1929 – ഒക്ടോബർ 5ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ നാമകരണനടപടികൾ 80 വർഷങ്ങൾക്കു ശേഷമാണ് ആരംഭിച്ചത്. 2009 സെപ്റ്റംബറിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ ദൈവദാസനായി ഉയർത്തി. കോന്തുരുത്തി മാർ യോഹന്നാൻ നെപുംസിയാനോസ് സുറിയാനി ദൈവാലയത്തിലെ കബറിടം തുറന്നു പരിശോധിച്ച ശേഷമാണ് 2009 ൽ ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾ തുടങ്ങിയത്.

ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നിവരാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചത്. തുടർന്ന് പ്രത്യേക പേടകത്തിലാക്കിയ ഭൗതീകാവിശിഷ്ടങ്ങൾ മാർ തോമസ് ചക്യത്തിന്റെ കാർമ്മികത്വത്തിൽ പുതിയ കബറിടത്തിൽ സംസ്‌കരിച്ചു.

ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്‌സ്) ഇന്ന് 11 രാജ്യങ്ങളിൽ സേവനം ചെയ്യുന്നു.