യുവജനങ്ങളോട് മാപ്പിരന്ന് പാപ്പ; യുവജന സിനഡിന് സമാപനം

0
1305

വത്തിക്കാൻ സിറ്റി: യുവജനങ്ങളെ കേൾക്കാതിരുന്നിട്ടുള്ള അവസരങ്ങൾക്ക് അജപാലകരെപ്രതി മാപ്പിരന്ന് ഫ്രാൻസിസ് പാപ്പ. യുവജനളെ കേൾക്കുന്നതിനു പകരം അവരെ അമിത ഭാഷണംകൊണ്ട് അലോസരപ്പെടുത്തിട്ടുണ്ടാകാമെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ മാപ്പ് അപേക്ഷിച്ചത്. വത്തിക്കാനിൽ സമ്മേളിച്ച യുവജന സിനഡിന് സമാപനം കുറിച്ച് ദിവ്യബലി അർപ്പിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സഭയുടെ നാമത്തിൽ യുവജനങ്ങളെ ഇനിയും സ്‌നേഹത്തോടെ കേൾക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ സഭയുടെ നാമത്തിൽ യുവജനങ്ങളെ ഇനിയും സ്‌നേഹത്തോടെ കേൾക്കാൻ സഭ ആഗ്രഹിക്കുകയാണ് ഈ സിനഡിലൂടെ. കാരണം രണ്ടു കാര്യങ്ങൾ ഉറപ്പാണ്. ദൈവത്തിന്റെ മുന്നിൽ നിങ്ങളുടെ ജീവിതങ്ങൾ വിലപ്പെട്ടതാണ്. ദൈവമായ ക്രിസ്തു യുവാവാണ്, അവിടുന്നു യുവജനങ്ങളെ സ്‌നേഹിക്കുന്നു. അതുപോലെ യുവജനങ്ങളുടെ ജീവിതം സഭയ്ക്കും വിലപ്പെട്ടതാണ്, കാരണം മുന്നോട്ടുള്ള പ്രയാണത്തിൽ യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്.

ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് നമ്മുടെ വിശ്വാസം വളരുന്നത്. മറിച്ച് വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോൾ അത് ഏറെ ബൗദ്ധികമായി മാറുന്നു. അത് ഹൃദയത്തെ സ്പർശിക്കാതെ പോകുന്നു. എന്നാൽ വിശ്വാസം കുറെ പ്രവർത്തനങ്ങൾ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായും പരിണമിക്കും. വിശ്വാസം ജീവിതമാണ്, അത് നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവത്തിന്റെ സ്‌നേഹം ജീവിക്കുന്നതാണ്.

അവിടുത്തോടു ചേർന്നുനിന്നുകൊണ്ടും പരസ്പരം കൂട്ടായ്മയിൽ ജീവിച്ചുകൊണ്ടും സഹോദരങ്ങളുടെ കൂടെ നടന്നുകൊണ്ടും ദൈവികമായി കർത്തവ്യം നിറവേറ്റാൻ വിളിക്കപ്പെട്ടവരാണ് അജപാലകർ. നാം യേശുവിനെ അനുഗമിക്കേണ്ടവരാണ്. ദൈവമായ ക്രിസ്തു നമ്മെ ഓരോരുത്തരെയും രക്ഷിക്കാൻ കൈ അഴുക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കണം. ദൈവം മനുഷ്യന്റെ അയൽക്കാരനാകുന്ന സാമീപ്യത്തിൽനിന്നാണ് എല്ലാറ്റിന്റെയും തുടക്കം. അതിനാൽ ദൈവസ്‌നേഹത്തെ, നമ്മെ സ്‌നേഹിച്ച ദൈവത്തെപ്രതി നിങ്ങളും ഞാനും അയൽക്കാരനാകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.