അന്നത്തെ ഗര്‍ഭച്ഛിദ്ര കേന്ദ്രത്തിന്റെ ഇന്നത്തെ സ്ഥിതി…

0
1355

ഒരിക്കല്‍ ഗര്‍ഭച്ഛിദ്ര കേന്ദ്രമായിരുന്ന അമെതിയസ്റ്റ് മെഡിക്കല്‍ സെന്റര്‍ ഇന്ന് സൗജന്യ ആരോഗ്യപരിരക്ഷാ കേന്ദ്രമായി മാറിയിരിക്കുന്നു. അനേകം ജീവനുകള്‍ ഇല്ലാതായ ഈ സെന്റര്‍ ഇന്ന് അനേകം കുഞ്ഞുങ്ങള്‍ക്ക് രക്ഷയായി മാറിയിരിക്കുന്നു. 1989ല്‍ അമേരിക്കയിലെ വിര്‍ജീനിയയില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിനിക്കാണ് ഇന്ന് നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷാകേന്ദ്രമായി മാറിയിരിക്കുന്നത്.

വിര്‍ജിനിയയിലെ കത്തോലിക്ക സന്നദ്ധ സംഘടനകളാണ് ഈ ആരോഗ്യപരിരക്ഷാ കേന്ദ്രത്തിന് രൂപം നല്‍കിയതും മേല്‍നോട്ടം വഹിക്കുന്നതും. സ്ഥാപനം പുനരാരംഭിച്ച് ഒരുവര്‍ഷം പിന്നിടുമ്പേള്‍ ജീവന്‍ സംരക്ഷണമേഖലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ക്ലിനിക്കിന് സാധിച്ചിട്ടുണ്ടെന്നത് ഏറെ പ്രശംസനീയമാണ്.

മദര്‍ ഓഫ് മേഴ്‌സി എന്ന് പേരിട്ടിരിക്കുന്ന സൗജന്യ ആരോഗ്യപരിരക്ഷാ കേന്ദ്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ് പ്രധാനമായും സൗജന്യ ചികിത്സ നല്‍കുന്നത്. ഇവിടെ ആരോഗ്യ സെമിനാറുകള്‍, രോഗനിര്‍ണ്ണയങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. കൂടാതെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും ക്ലിനിക്ക് വലിയ വിജയമാണ്.

സ്ഥാപനത്തിന് ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജീവനുവേണ്ടി നിലകൊള്ളുന്നത് അഭിമാനകരമായി കാണുന്നുവെന്നും ക്ലിനിക്കിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും അഭിപ്രായപ്പെട്ടതായി അര്‍ലിങ്ടണ്‍ രൂപതയിലെ ചാരിറ്റി സംഘടനയുടെ പ്രസിഡന്റ് അര്‍ട്ട് ബെന്നറ്റ് പറയുന്നു.

അഞ്ഞൂറിലധികം രോഗികള്‍ ഇതിനോടകം ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നും ദിവസവും ആളുകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ക്ലിനിക്കിന്റെ ഡയറക്ടര്‍ അലക്‌സാണ്ട്ര ലുയിവാനോ പറയുന്നു.

കൂടാതെ ആഴ്ചയില്‍ ഒരു പ്രവര്‍ത്തി ദിവസം എന്നത് നാലുദിവസമായി വിപുലീകരിക്കാനും വിശ്രമ സ്ഥലം, പ്രാര്‍ത്ഥനാമുറി എന്നിവ പ്രത്യേകം സജ്ജീകരിക്കാനും സംഘടനക്ക് പദ്ധതിയുണ്ട്.

2015 ല്‍ ക്ലിനിക് അടച്ചുപൂട്ടാനുണ്ടായ സാഹചര്യം ഇന്നും വ്യക്തമല്ല. അബോര്‍ഷന്‍ ക്ലിനിക്കായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ആരോഗ്യപരിരക്ഷ നിയമങ്ങള്‍ ലംഘിക്കുകയും യാതൊരു ശ്രദ്ധയും കൂടാതെ ഗര്‍ഭച്ഛിദ്രം നടത്തകയുമാണ് ചെയ്തിരുന്നതെന്ന് പറയുന്നു. ഇതെത്തുടര്‍ന്ന് നിരവധി സ്ത്രീകളുടെ ഗര്‍ഭപ്രാത്രം പോലും എടുത്തുകളയേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ചിലരെങ്കിലും ഗര്‍ഭഛിദ്രത്തിനിടയില്‍ മരിക്കാനിടയായിട്ടുണ്ടെന്നതും ഈ ക്ലിനിക്കിനെ കുപ്രസിദ്ധമാക്കി മാറ്റി.

ഈ കാരണങ്ങള്‍ കൊണ്ടാകാം ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. ക്ലിനിക്ക് അടച്ചുപൂട്ടിയത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കുമാത്രമല്ല, വിര്‍ജിനിയയിലെ സ്ത്രീകളുടെ ജീവിതത്തിനും ഏറെ മുതല്‍കൂട്ടായി. പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് കേട്ടത്.

ഇതേസമയം പുതുവര്‍ഷം ജീവന്റെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ ഭരണകൂടം നിയമനിര്‍മ്മാണ സമിതിയില്‍ പരിഗണിക്കുന്നതിനായി നിരവധി പ്രൊ-ലൈഫ് നിയമങ്ങളാണ് സെനറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ധാരാളം ഗര്‍ഭഛിദ്ര സെന്ററുകള്‍ അടച്ചുപൂട്ടാനുളള സാധ്യതയും കാണുന്നുണ്ട്.

അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ഹൃദയമിടിപ്പ് തുടങ്ങി കഴിഞ്ഞാലുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള ബില്ല് അവതരിപ്പിച്ചിരുന്നു. സൗത്ത് കരോലിന, കെന്റക്കി, മിസ്സോറി എന്നിവിടങ്ങളില്‍ ഈ ബില്ല് പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനത്തേയും ഗവര്‍ണര്‍മാര്‍ ജീവന്റെ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കുന്നവരുമാണ്. അതിനാല്‍ തന്നെ പ്രൊ-ലൈഫ് ബില്ലുകള്‍ പാസ്സാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയില്‍ കുറച്ചു നാളുകളായി പ്രൊ-ലൈഫ് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. സജീവ പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അമേരിക്ക ജീവന്റെ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കുന്ന നിലയിലേക്ക് എത്തിയത്.

ഗര്‍ഭച്ഛിദ്രംമൂലം 2018ല്‍ പൊലിഞ്ഞത് 41 മില്യന്‍ ജീവനുകള്‍

ലോകത്ത് മരണസംഖ്യ വര്‍ധിക്കുന്നതിനുള്ള പ്രഥമകാരണം ഗര്‍ഭച്ഛിദ്രമെന്ന് വേള്‍ഡ് മീറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. 2018ല്‍ 41 മില്യന്‍ കുട്ടികളാണ് ജനിക്കുന്നതിനുമുമ്പ് മരണപ്പെട്ടത്.

2018 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം 41.9 മില്യന്‍ ഭ്രൂണഹത്യകള്‍ ലോകത്ത് നടന്നിട്ടുണ്ട്. കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ച ഡിസംബര്‍ 28ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ‘വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍’ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഭ്രൂണഹത്യയുടെ കണക്കുപ്രകാരമാണ് വേള്‍ഡ് മീറ്റേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

8.2 മില്യന്‍ ആളുകള്‍ കാന്‍സര്‍ മൂലവും അഞ്ച് മില്യന്‍ ആളുകള്‍ പുകവലി മൂലവും 1.7 മില്യന്‍ പേര്‍ എയ്ഡ്‌സ് മൂലവും മരണപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് ഉണ്ടാകുന്ന ഗര്‍ഭധാരണങ്ങളില്‍ 23 ശതമാനവും ഗര്‍ഭച്ഛിദ്രത്തിലാണ് അവസാനിക്കുന്നത്.

കാന്‍സര്‍, മലേറിയ, എയ്ഡ്‌സ്, പുകവലി, മദ്യപാനം, വാഹനാപകടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ കൂടുതലാണ് ഗര്‍ഭച്ഛിദ്രം വഴിയുണ്ടാകുന്ന മരണങ്ങള്‍. കുതിച്ചുയരുന്ന മരണനിരക്കിന് ഗര്‍ഭച്ഛിദ്രം കാരണമാകുന്നതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രത്തെ ഈ കാലഘട്ടത്തിന്റെ ഒരു സാമുഹ്യപ്രശ്‌നമായാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷണത്തിന് വേണ്ടിയുള്ള അയര്‍ലണ്ടിന്റെ എട്ടാമത്തെ ഭേദഗതി നിരസിക്കപ്പെട്ടതും 2018 ല്‍ ആണെന്നതും ഏറെ ശ്രദ്ധേയമാണ്.

അതേസമയം ‘യുണിക് ഫ്രെം ഡേ വണ്‍’ എന്ന ആശയം ഉള്‍കൊണ്ടുകൊണ്ട് ജീവന്‍ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന വാര്‍ഷികജാഥ ജനുവരി 18ന് വാഷിംഗ്ടണില്‍ നടക്കും.

പൊതു ഇടങ്ങളില്‍ ജനങ്ങളെ പ്രോ ലൈഫിനെക്കുറിച്ച് ബോധവാന്മാരാക്കുകയും പ്രൊ ലൈഫിനുവേണ്ടി ഒരുമിപ്പിക്കുകയും ചെയ്യുന്നതുവഴി ഗര്‍ഭച്ഛിദ്രം നിര്‍ത്തലാക്കുകയാണ് ഈ ജാഥയുടെ ലക്ഷ്യം.