അന്ന് നീരുറവ, ഇന്ന് നീലസാഗരം

നീരുറവപോലെ തുടങ്ങി നീലസാഗരംപോലെ വളർന്ന വാൽഷിഹാം തീർത്ഥാടനത്തിന്റെ ആരംഭ കഥ, അതിന് ആരംഭം കുറിച്ച ഫാ. കാനൻ മാത്യു വണ്ടാലക്കുന്നേൽ പങ്കുവെക്കുന്നു.

325

ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും സജീവ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ജനവിഭാഗമാണ് മലയാളികൾ. പക്ഷേ, ഏതൊക്കെ നാട്ടിലായാലും എത്രയൊക്കെ സൗഭാഗ്യങ്ങളുടെയും കഷ്ടതകളുടെയും ഇടയിലായാലും നാം മലയാളികൾ അനുഭവിക്കുന്ന ഒരു പൊതു വികാരമാണ് ജന്മ നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം. പതിനാറു വർഷംമുമ്പ് ഞാൻ ഉപരി പ~നത്തിനായി ഇംഗ്ലണ്ടിലെത്തി നോർവിച്ചിലെ സെന്റ് ജോൺസ് റോമൻസ് കത്തീഡ്രലിൽ വൈദികനായി സേവനം ആരംഭിച്ച നാളുകളിൽ വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളെ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

ഒരു പറിച്ചുനടലിന്റെ ആദ്യനാളുകളിൽകൂടി കടന്നുപോകുകയായിരുന്ന അവരിലെല്ലാംതന്നെ തങ്ങളുടെ ഉറ്റവരെയും ജന്മനാടിനെയും പരമ്പരാഗതമായി ആചരിച്ചു പോന്നിരുന്ന വിശ്വാസജീവിതത്തെയും പിരിയേണ്ടി വന്നതിന്റെ വല്ലാത്തൊരു നൊമ്പരം തളം കെട്ടി നിൽക്കുന്നത് ദൃശ്യമായിരുന്നു. ഈ ഗൃഹാതുരത്വത്തിനിടയിൽ നല്ല ഒരു ആശ്വാസമായി അന്ന് ഞാനടക്കമുള്ള വിശ്വാസികൾ ഒരുപോലെ അഭയം പ്രാപിച്ചിരുന്ന പ്രധാന സങ്കേതമായിരുന്നു വാൽഷിഹാം എന്ന കൊച്ചു ഗ്രാമത്തിൽ വിശുദ്ധിയുടെ പരിമളം പരത്തി നിലനിന്നിരുന്ന പരിശുദ്ധ അമ്മയുടെ ദൈവാലയം.

ജന്മം നൽകിയ പെറ്റമ്മയെ പിരിഞ്ഞു മനസുനൊന്തു കഴിഞ്ഞിരുന്ന പലരും ആ ദുഃഖം മറക്കാൻ മറുനാട്ടിലെ മാതൃസ്‌നേഹമായി കണ്ട് നെഞ്ചിലേറ്റിയ ദിവ്യ മാതൃത്വമായിരുന്നു വാൽഷിഹാം അമ്മ. അങ്ങിനെയൊരു ശക്തമായ അധ്യാത്മിക ബന്ധത്തിന്റെ നിഴലിൽനിന്നാണ് മലയാളികൾക്കായി വാൽഷിഹാം തീർത്ഥാടനം എന്ന ആശയം എന്റെ മനസിൽ രൂപം പ്രാപിച്ചത്. ഇക്കാര്യം ഞാൻ എന്റെ മേലധ്യക്ഷനായിരുന്ന കാലം ചെയ്ത ബിഷപ്പ് മൈക്കിൾ ഇവാൻസിനെ അറിയിച്ചു. ഒട്ടും അമാന്തം കൂടാതെ അദ്ദേഹം അതിനു പൂർണ സന്തോഷത്തോടെ സമ്മതം മൂളയതോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത്.

2006 ജൂലൈ മാസത്തെ മൂന്നാം ശനിയാഴ്ചയായിരുന്നു മലയാളികളുടെ ആദ്യത്തെ തീർത്ഥാടനം. നോർവിച്ചിലും സമീപപ്രദേശങ്ങളിലുമുള്ള ഏതാനും മലയാളി കുടുംബങ്ങൾമാത്രമാണ് ഈ തീർത്ഥാടനത്തിനുണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഈ വിശ്വാസസഞ്ചയത്തിന്റെ വളർച്ച അഭൂതപൂർവമായ രീതിയിൽ വികസിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. ഇന്നിപ്പോൾ നാം നടത്തുന്ന വാൽഷിഹാം തീർത്ഥാടനത്തെ മറ്റു രാജ്യക്കാർപോലും അത്ഭുതാദരവുകളോടെയാണ് വീക്ഷിക്കുന്നത്.

അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കീഴിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്വന്തമായി ഈ തീർത്ഥാടനത്തെ ഏറ്റെടുത്തതോടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. വരും നാളുകളിൽ അനേകങ്ങൾക്ക് ആശ്വാസവും സന്തോഷവും പകരുന്ന രീതിയിൽ ദൈവജനനിയുടെ കൃപകൾ ഇടതടവില്ലാതെ വർഷിക്കുന്ന അനുഗ്രഹ വേദിയായി ഈ തീർത്ഥാടനം മാറട്ടെ എന്ന് ആശംസിക്കുന്നു.