അപ്പന്‍ പറഞ്ഞു നീ കൊല്ലപ്പെടേണ്ട കുഞ്ഞായിരുന്നു

0
1532

തിരുവല്ലയ്ക്കടുത്ത് കുന്നന്താനം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന സന്യാസസമൂഹത്തിലെ അംഗമായ സിസ്റ്റര്‍ മേരി മാലിനി എല്‍.എസ്.ഡി.പി പറഞ്ഞത് ദൈവം ഉള്ളംകയ്യില്‍ സംരക്ഷിക്കുന്ന ജീവനെക്കുറിച്ചായിരുന്നു.
”കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് പുന്നത്തുറയാണ് എന്റെ സ്വദേശം. പുളിന്താനം ജോസഫ്-തങ്കമ്മ ദമ്പതികളുടെ മൂത്തമകള്‍. എനിക്ക് അരുണ്‍ എന്ന അനുജനുമുണ്ട്. എന്റെ അമ്മയുടെ അനുജത്തി സിസ്റ്റര്‍ അല്‍ഫോന്‍സ് എല്‍.എസ്.ഡി.പി സന്യാസ സമൂഹത്തിലെ ആദ്യകാല സന്യാസിനിയാണ്. ആന്റിയെ കാണാനായി ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കുന്നന്താനത്ത് വരികയും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും അതില്‍ ആകൃഷ്ടയാവുകയും ചെയ്തു. അങ്ങനെയാണ് ആ സന്യാസ സമൂഹത്തില്‍ ചേരാന്‍ തീരുമാനമെടുത്തത്. എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ തീരുമാനം മാതാപിതാക്കളെ അറിയിച്ചെങ്കിലും പ്രീഡിഗ്രി കഴിയട്ടെ എന്നായിരുന്നു അവരുടെ അഭിപ്രായം.
പഠനം പൂര്‍ത്തിയായതിനുശേഷം ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അപ്പന്‍ അനുകൂലിച്ചെങ്കിലും അമ്മ എതിര്‍ത്തു. അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഇല്ലാതെ എന്നെ ദൈവം ഭൂമിയിലേക്കയച്ചത് അത്തരം ആളുകളെ ശുശ്രൂഷിക്കാനായിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ പെട്ടെന്ന് സമ്മതിച്ചു. പെട്ടെന്നുള്ള ആ മനംമാറ്റത്തിന്റെ കാരണം 2003-ല്‍ എന്റെ പ്രഥമ വ്രതവാഗ്ദാനത്തിനും സഭാവസ്ത്ര സ്വീകരണത്തിനുംശേഷം മാത്രമാണ് എന്റെ അപ്പനുമമ്മയും എന്നോട് പറഞ്ഞത്. അതിങ്ങനെയാണ്.
എന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റും അമ്മ അലോപ്പതി ഹോസ്പിറ്റലിലെ നഴ്‌സുമായി ജോലി ചെയ്യുമ്പോഴാണ് ഞാന്‍ അമ്മയുടെ ഉദരത്തില്‍ ജന്മമെടുക്കുന്നത്. ഒരുഘട്ടത്തില്‍ അമ്മക്ക് പെട്ടെന്ന് രക്തസ്രാവം ഉണ്ടായി. ഉടനെ തന്നെ മീനച്ചില്‍ താലൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ഗര്‍ഭസ്ഥശിശുവിനെ അബോര്‍ട്ട് ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടര്‍മാര്‍ അപ്പനോട് പറഞ്ഞത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ അപ്പനെ വിളിച്ച് ദീര്‍ഘനേരം സംസാരിക്കുകയും കുഞ്ഞിനെ നശിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇനി മുന്നോട്ട് പോയാല്‍ അംഗവൈകല്യമോ മാനസിക ബൗദ്ധിക വെല്ലുവിളികളോ ഉള്ള കുട്ടിയാവും ജനിക്കുന്നതെന്നും അവര്‍ അപ്പനെ അറിയിച്ചു. വളരെ ശക്തമായ വിശ്വാസമൊന്നും അപ്പനില്ലായിരുന്നെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഒരു വാചകം അദേഹം പറഞ്ഞു: ”ഈ കുഞ്ഞിനെ എപ്രകാരം ദൈവം തന്നാലും ഞാനതിനെ സ്വീകരിക്കും.” തുടര്‍ന്ന് പാലായിലൊരു സ്വകാര്യ ആശുപത്രിയില്‍ അമ്മയെ പ്രവേശിപ്പിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റ് സൂചിപ്പിച്ചെങ്കിലും ഭയപ്പെടേണ്ടതില്ല എന്ന് ഡോക്ടര്‍ ആശ്വസിപ്പിച്ചു. മൂന്നാം മാസം മുതല്‍ ഏതാണ്ട് തുടര്‍ച്ചയായി അമ്മ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. 1982 മാര്‍ച്ച് 26-ന് സിസേറിയനിലൂടെയാണ് ജനനം.”
അപ്പനുമ്മയും എന്നോടു പറഞ്ഞ സംഭവം മദര്‍ ലിറ്റിയെ അറിയിച്ചപ്പോള്‍ മദറാണ് ജീവനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കുമെന്നും മറ്റുളളവരോട് പറയണമെന്നും ഓര്‍മിപ്പിച്ചത്. അപ്രകാരം പല വേദികളിലും ഞാനീ സംഭവം പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഒട്ടും കൂസലില്ലാതെ ഭ്രൂണഹത്യക്ക് ശ്രമിക്കുന്നവര്‍ ദൈവികപദ്ധതിയില്‍നിന്നും വളരെ അകലെയാണ്.