അഭിഷിക്തകരങ്ങൾ നിഷ്‌കളങ്കം: വൈദികനോട് മാപ്പ് ചോദിച്ച് അഭിഭാഷകസംഘം

0
429

സെന്റ് ലൂയിസ്: സെന്റ് ലൂയിസിലെ വൈദികനോട് മാപ്പ് പറഞ്ഞ് അഭിഭാഷകസംഘം. വൈദികരാൽ ചൂഷണം ചെയ്യപ്പെട്ടവരുടെ സംഘടനയായ സ്‌നാപ്പാണ് ലൈംഗീകാരോപണ കേസിൽ വൈദികനോട് മാപ്പ് ചോദിച്ചത്. വൈദികനെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ ഫെഡറൽ കോടതി തള്ളിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തെറ്റോ കൃത്യമല്ലാത്തതോ ആയ പരാമർശം നടത്തിയതിന് സംഘടന മാപ്പ് ചോദിച്ചത്. സംഘടന നൽകിയ ഖേദപ്രകടനം സെന്റ് ലൂയിസ് അതിരൂപത കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

“സനാപ്പ് സംഘടനാ പ്രവർത്തകർക്ക് ഒരാളും തെറ്റിദ്ധരിക്കപ്പെട്ട് കുറ്റാരോപിതരാകണമെന്നില്ല. വൈദികരുടെ ലൈംഗീക ചൂഷണത്തെപറ്റിയുള്ള വ്യാജവാർത്തകൾ സംഭവിക്കുന്നുണ്ട്. സ്‌നാപ്പ് പ്രവർത്തകർക്ക് ഫാ. ജിയാങ്ങിനെതിരെയുള്ള പരാതിയെപ്പറ്റി വ്യക്തിപരമായി അറിവില്ല. അതേസമയം ഫാ.ജിയാങ്ങിനെതിരെയുള്ള എല്ലാകുറ്റാരോപണങ്ങളും തള്ളിയെന്നോ തീർപ്പുകൽപ്പിക്കപ്പെട്ടെന്നോ അംഗീകരിക്കുന്നു”. സ്‌നാപ്പ് പ്രവർത്തകർ ഖേദ പ്രസ്താവനയിൽ വ്യക്തമാക്കി.

തെറ്റായ കുറ്റാരോപണം വഴി കത്തോലിക്കാ സഭയ്ക്കുമുഴുവനും വൈദികനും വന്ന അപമാനങ്ങൾക്കും മാപ്പ് ചോദിക്കുന്നതായി സ്‌നാപ്പ് ഖേദപ്രസ്താവനയിൽ വ്യക്തമാക്കി. “ഫാ. ജോസഫ് ജിയാങ്ങിനെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട് സ്‌നാപ്പോ അതിന്റെ പ്രതിനിധികളോ നടത്തിയ കൃത്യമല്ലാത്ത പ്രസ്താവനകൾ വഴി ഏതെങ്കിലും തരത്തിൽ ഫാ.ജോസഫ് ജിയാങ്ങിന്റെയും ആർച്ച്ബിഷപ്പ് റോബർട്ട് ജെ കാൾസണിന്റെയും മോൺസെന്ന്യൂർ ജോസഫ് ഡി പിൻസിന്റെയും അതിരൂപതയുടേയും സൽപ്പേരിന് കോട്ടം തട്ടിയെങ്കിൽ തങ്ങൾ ക്ഷമ ചോദിക്കുന്നു”. സംഘടന ഖേദപ്രകടനത്തിൽ വിശദീകരിച്ചു.

അതേസമയം, ഫാ. ജോസഫ് ജിയാങ് 2015 ൽ ഫയൽ ചെയ്ത മാനനഷ്ട കേസിന്റെ സെറ്റിൽമെന്റുമായി ബന്ധപ്പെട്ടാണ് സംഘടന മാപ്പ് പറഞ്ഞതെന്ന് സെന്റ് ലൂയിസ് അതിരൂപതയിൽ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ലൈംഗീക ചൂഷണം നടത്തി എന്ന ആരോപണത്തെ തുടർന്ന് ഫാ.ജോസഫ് ജിയാങ്ങിനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ 2015 ൽ കോടതി റദ്ദാക്കിയിരുന്നു. നുണപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ താൻ ഒരിക്കലും ആരെയും ലൈംഗീക ചൂഷണം നടത്തിയിട്ടില്ലെന്ന് ഫാ.ജോസഫ് പറയുകയും ചെയ്തു.

തനിക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിയതിനെ തുടർന്നാണ് വ്യാജ ആരോപണങ്ങൾ തനിക്ക് മാനനഷ്ടമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ സ്‌നാപ്പിന്റെ അധികൃതർക്കെതിരെയും, താൻ പീഢിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും ഫാ. ജോസഫ് ജിയാങ് കേസ് ഫയൽ ചെയ്തത്. തുടർന്ന് 2016 ൽ സ്‌നാപ്പ് ഫാ. ജിയാങ്ങിനെതിരെ അശ്രദ്ധയോടെയും വീണ്ടുവിചാരമില്ലാതെയും സത്യത്തെ അവഗണിച്ചും തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ഫെഡറൽ ജഡ്ജ് വിധിച്ചു. കഴിഞ്ഞമാസം സ്‌നാപ്പുമായും കുട്ടിയുടെ മാതാപിതാക്കളുമായുള്ള കേസിന്റെ ആദ്യഭാഗത്തിൽ തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് കേസിന്റെ രണ്ടാം ഭാഗം ഈ മാസം ആദ്യം കോടതി തള്ളുകയും ചെയ്തു.