അമലോത്ഭവം എന്നാല്‍

0
1321

‘അമലോത്ഭവം’ എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ സഭകള്‍ മറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യസഭകളും അതില്‍ അണിചേര്‍ന്നു.

ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആനന്ദത്തിന്റെ മഹോത്സവമാണ്. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണില്‍ അവതരിക്കാന്‍ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മൂന്നൊരുക്ക ഭാഗമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീര്‍പ്പാര്‍ന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂര്‍ണ്ണതയുടെ രംഗകര്‍ട്ടന്‍ ഉയരുകയും ചെയ്തു.
മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളില്‍ തെളിവുകള്‍ തേടി അലയുന്നവരുണ്ട്. മംഗള വാര്‍ത്തയില്‍ മറിയത്തോടുള്ള ഗബ്രിയേല്‍ മാലാഖയുടെ അഭിസംബോധനയില്‍ത്തന്നെ പ്രസ്തുത തെളിവ് അന്തര്‍ലീനമായിരിക്കുന്നു.
”ദൈവകൃപ നിറഞ്ഞവളേ” എന്നാണല്ലോ അഭിസംബോധന. സാധാരണയായ യഹൂദ സംബുദ്ധി ഹെബ്രായ ഭാഷയില്‍ ‘ഷാലോം’ എന്നാണ്. ‘സമാധാനം നിന്നോടുകൂടെ’എന്നര്‍ത്ഥം.
എന്നാല്‍ ‘കൈറേ’ എന്ന ഗ്രീക്കുവാക്കുകൊണ്ടാണ് ദൈവദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്യുന്നത്. ‘സ്വസ്തി’ എന്ന പദംകൊണ്ട് ‘കൈറേ’ യെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ‘ആനന്ദിച്ചാലും’ എന്നതാണ് ‘കൈറേ’ യുടെ കൂടുതല്‍ അര്‍ത്ഥഭംഗിയുള്ള പരിഭാഷ. വലിയ ആനന്ദത്തിന്റെ സദ്വാര്‍ത്തയാണ് ദൈവദൂതന്‍ ദൈവപക്കല്‍ നിന്ന് കൊണ്ടുവന്നത്. ഹര്‍ഷോന്മാദത്തോടെയാണ് അത് മറിയത്തെ അറിയിച്ചതും. കാരണം, അതോടുകൂടി പുതിയനിയമ സദ്വാര്‍ത്തയുടെ – സുവിശേഷാനന്ദത്തിന്റെ – ആരംഭം കുറിക്കുകയാണ്.
മറിയമാകട്ടെ, അത് അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞു എന്നതാണ് അവളുടെ കൃപാവരം.
മറിയം അനന്യമായ കൃപകളാലും വരദാനങ്ങളാലും അമലോത്ഭവയാണ്. ദൈവപുത്രന് വസിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അതിശ്രേഷ്ഠവ്യക്തി എന്ന നിലയില്‍ അവള്‍ അമലോത്ഭവയാണ്. പുത്രന്‍ തമ്പുരാന്റെ അമ്മയാകാന്‍ നിയോഗിക്കപ്പെട്ട അതുല്യദൗത്യം വഴി അവള്‍ അമലോത്ഭവയാണ്. മാലാഖയുടെ അഭിസംബോധനയില്‍ മറിയം, ‘കൃപ നിറഞ്ഞവള്‍’ ആണല്ലോ. അവളില്‍ കൃപ നിറഞ്ഞത് അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം തന്നെയാണ്.
അതിനാല്‍ അവള്‍ അമലോത്ഭവയാണ്. അതല്ല, അവള്‍ ഉത്ഭവ പാപത്തിലാണ് ജനിച്ചിരുന്നതെങ്കില്‍, തന്റെ അടിമയായി ഉത്ഭവപാപത്തില്‍ പിറന്ന ഒരു സാധാരണ സ്ത്രീയില്‍ നിന്നാണ് യേശു ജനിച്ചതെന്ന് സാത്താന് പില്‍ക്കാലത്ത് വമ്പു പറയുവാന്‍ അവസരം കിട്ടുമായിരുന്നു. എങ്കില്‍, മരുഭൂമിയിലെ പരീക്ഷണത്തില്‍ യേശുവിനു നേരെ സാത്താന്‍ പ്രസ്തുത തൊടുന്യായം കൂടി എടുത്ത് വാളുപോലെ വീശുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ”തന്റെ സന്തതി സാത്താന്റെയും അവന്റെ സന്തതികളുടെയും തല തകര്‍ക്കുമെന്ന്” (ഉല്‍ 3:15) സൃഷ്ടിയുടെ സമാരംഭത്തില്‍ പ്രവചിക്കപ്പെട്ട ദൗത്യനിര്‍വഹണത്തിന് ദൈവം തെരഞ്ഞെടുത്ത മറിയത്തിന് ഉത്ഭവപാപത്തില്‍ ജനിച്ച് സാത്താന് വിധേയയാകുവാന്‍ സാധിക്കുമായിരിന്നുവോ? ഉത്ഭവപാപത്തില്‍ ഉരുവായ ഒരാളില്‍നിന്ന് പരമപരിശുദ്ധ ദൈവപുത്രന്‍ ജന്മമെടുക്കുക എന്നത് അചിന്തനീയവും അനുചിതവും അസംഭ്യവമായ വൈരുദ്ധ്യവുമാണ്.
മാത്രവുമല്ല, മണ്‍രൂപ നിര്‍മ്മിതികളായ ആദവും ഹവ്വായും ദൈവനിശ്വസനത്താല്‍ അവിടുത്തെ ആത്മാവിനെ നേരിട്ട് സ്വീകരിച്ച് ഉത്ഭവപാപം കൂടാതെ സൃഷ്ടിക്കപ്പെട്ടവരാണ്. പക്ഷേ, പിന്നീട് അനുസരണക്കേടു കാട്ടി പാപശിക്ഷ ഏറ്റുവാങ്ങിയ ഹവ്വായെക്കാള്‍ ഉത്കൃഷ്ഠയാണ് രണ്ടാം ഹവ്വായായ മറിയം. അതിനാല്‍ അവള്‍ ഉത്ഭവപാപത്തിന് ഉപരിയസ്തിത്വം-അമലോത്ഭവാസ്ഥ-ഉള്ളവളായിരിക്കണമല്ലോ. സായംസന്ധ്യകളില്‍ തേടി വന്നിരുന്ന ദൈവത്തിന്റെ സാന്നിധ്യ,സ്വരങ്ങളില്‍നിന്ന് പാപശേഷം ഓടിയൊളിച്ചവളാണ് ഹവ്വായെങ്കില്‍ ദൈവസന്നിധിയിലെ സ്വര്‍ഗസ്വരവുമായി വന്ന ഗബ്രിയേല്‍ മാലാഖയ്ക്ക്, ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ എന്ന സമ്മോഹനമായ സമ്മതഗീതം പാടിയവളാണ് മറിയം. അവളുടെ ഔന്നത്യവും ദൗത്യവും സംബന്ധിച്ച് അമലോത്ഭവയായി സൃഷ്ടിക്കപ്പെടുക എന്നത് യഥാക്രമം അനുയോജ്യവും അനുപേക്ഷണീയവുമായിരുന്നു.
ഇതേപ്പറ്റി വിശുദ്ധ ഡണ്‍സ് സ്‌കോട്ടസ് (1266-1308) രസകരമായ ഒരു താത്വിക അടിത്തറ കണ്ടെത്തുന്നുണ്ട്. ”ദൈവത്തിന് മറിയത്തെ അമലോത്ഭവയായി സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നു. അപ്രകാരം ചെയ്യുക അവളെ സംബന്ധിച്ച് അനുയോജ്യമായിരുന്നു. അതുകൊമണ്ട് ദൈവം മറിയത്തെ അമലോത്ഭവയായി സൃഷ്ടിച്ചു”.
മനുഷ്യവര്‍ഗ്ഗത്തിന് ക്രിസ്തു നേടിയ രക്ഷയുടെ കൃപ, മറിയത്തിന് അവളുടെ ഉത്ഭവസമയം തന്നെ നല്‍കിയതിനാല്‍ ഏതൊരു സൃഷ്ടിയേയുംപോലെ രക്ഷിക്കപ്പെട്ടവളാണ് മറിയവും. മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രജ്ഞരില്‍ ഏതാനം പേര്‍ ഒന്നുചേര്‍ന്ന് പ്രസ്താവിക്കുന്നു: വനത്തിലെ ഒഴുക്കുള്ള പുഴ കടക്കുന്നവന് രണ്ട് തരത്തില്‍ സഹായം കിട്ടാം. മുങ്ങിപ്പോകാതെ രക്ഷിക്കുന്ന കരം; മുങ്ങിത്താണശേഷം രക്ഷിക്കുന്ന അതേ കരം. ഒന്നാമത്തേത് ഉത്ഭവപാപത്തില്‍നിന്ന് മറിയത്തെ രക്ഷിക്കുന്നതിനു തുല്യമാണ്; രണ്ടാമത്തേത് ഉത്ഭവപാപത്തില്‍ ജനിച്ചവര്‍ ജ്ഞാനസ്‌നാനം വഴി രക്ഷിക്കപ്പെടുന്നതിനും തുല്യവും. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിക്കുന്നു; രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാവിധ പാപങ്ങളില്‍ നിന്നും അത് അവളെ സംരക്ഷിച്ചു. അവള്‍ ഒന്‍പതുമാസക്കാലം യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും യേശുവിന് യോഗ്യമായ വാസസ്ഥാനവുമായി വര്‍ത്തിച്ചു. സഭ വിട്ടുപോയ മാര്‍ട്ടിന്‍ ലൂഥര്‍ മറിയത്തിന്റെ അമലോത്ഭവ സത്യത്തിന്റെ വക്താവായിരുന്നു. അദ്ദേഹം എഴുതി; ”മറിയത്തിന്റെ ഉത്ഭവം, ഉത്ഭവപാപം കൂടാതെ സംഭവിച്ചു. ജീവന്റെ ആദ്യനിമിഷം മുതല്‍ അവള്‍ വിശുദ്ധയായി ജീവിച്ചു തുടങ്ങി. സകല പാപങ്ങളില്‍നിന്നും അവള്‍ മുക്തയായിരുന്നു”. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ 491-ാം നമ്പര്‍ പഠിപ്പിക്കുന്നു: ”ദൈവത്താല്‍ കൃപാവരം കൊണ്ട് നിറയ്ക്കപ്പെട്ട മറിയം അവളുടെ ഉത്ഭവ നിമിഷം മുതല്‍ രക്ഷിക്കപ്പെട്ടവള്‍ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി”. 1830 ല്‍ വിശുദ്ധ കാതറീന്‍ ല്ബൗറയ്ക്ക് (വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവിയുടെ സഹോദരി സമൂഹത്തിലെ അംഗം) ഉണ്ടായ ദര്‍ശനത്തില്‍ വെളിപ്പെട്ട പ്രാര്‍ത്ഥന ഇതായിരുന്നു; ”ഉത്ഭവപാപം കൂടാതെ ജനിച്ച ഓ, മറിയമേ, അങ്ങയില്‍ ശരണം തേടുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ”.
അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ സഭകള്‍ മറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ ആചരിച്ചു തുടങ്ങി. പിന്നീട് പാശ്ചാത്യസഭകളും അതില്‍ അണിചേര്‍ന്നു. 12-ാം നൂറ്റാണ്ടോടുകൂടി സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ട്ടുഗല്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ വഴി പ്രചാരം സിദ്ധിച്ചു. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ സമാരംഭിച്ച്, മനുഷ്യഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച്, പൗരസ്ത്യ-പാശ്ചാത്യ സഭകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അമലോത്ഭവ സത്യത്തെയാണ് 1854 ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പ ശ്രദ്ധേയമായ പ്രഖ്യാപനം വഴി വിശ്വാസസത്യമായി വിളംബരം ചെയ്തത്: ”അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളാലും ഏറ്റവും പരിശുദ്ധയായ കന്യകമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു”. സഭയുടെ ജീവധാരയില്‍ സുവര്‍ണ്ണ രേഖയായി മാറിയ ഈ കൃപാവചസ്സുകള്‍ക്ക് കന്യകമറിയം നേരിട്ട് സ്വര്‍ഗത്തിന്റെ സാക്ഷ്യം നല്‍കി എന്നത് വിസ്മയഭരിതം തന്നെ!.
വിശ്വാസ പ്രഖ്യാപനത്തിന് കേവലം നാലു വര്‍ഷശേഷം ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട സ്വര്‍ഗതേജസിയായ സ്ത്രീരത്‌നത്തോട് സ്വയം വെളിപ്പെടുത്തണമെന്ന് ബര്‍ത്തദീത്താ ആവശ്യപ്പെട്ടപ്പോള്‍ പ്രസ്തുത സുന്ദരരൂപിണി കൂപ്പിയ കരവുമായി സ്‌നേഹോദാരം വെളിപ്പെടുത്തിയത്. ”ഞാന്‍ അമലോത്ഭവയായ മറിയമാണ്” എന്നത്രെ! അമലോത്ഭവ സത്യത്തിന്റെ ആന്തരീയ ചാരുതയില്‍ ആകൃഷ്ടനായ ആംഗലേയ കവി വില്യം വേഡ്‌സ് വര്‍ത്ത് പാടുന്നു :-
‘സകല സ്ത്രീകളിലും മഹോന്നതയാണ് മറിയം. കളങ്കിതമായ മനുഷ്യപ്രകൃതിയുടെ ഏക അഭിമാനം പ്രകൃത്യായുള്ള സകലത്തിനെക്കാളും സംശുദ്ധയായവള്‍
പുലരി ശോഭയാല്‍ പ്രകാശിതമാകുന്ന കിഴക്കന്‍ ചക്രവാളങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രശോഭിതയായ സ്വര്‍ഗീയ താരം”
മറിയം അനുസ്യൂതം ചൊരിയുന്ന പ്രഭയുടെ അവര്‍ണ്ണനീയമായ വര്‍ണ്ണരാജികള്‍ ഇരുളുന്ന മനസിനും കാലഘട്ടത്തിനും നിത്യപ്രകാശമായി ഭവിക്കട്ടെ!..
പരിശുദ്ധാത്മാവിനാല്‍ യേശുവിനെ ഗര്‍ഭം ധരിച്ച മറിയം ആദിമ നൂറ്റാണ്ടിലെ പിതാക്കന്മാരുടെ കാല്പനികമായ ദര്‍ശനത്തില്‍ ‘സഞ്ചരിക്കുന്ന സക്രാരിയാണ്’. മാതൃഭക്തനായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഹൃദയ വെളിച്ചത്തില്‍ അവള്‍ ”വിശുദ്ധ കുര്‍ബാനയുടെ സ്ത്രീരത്‌ന”വുമത്രെ.!

ഫാ. മാത്യു ആലുംമൂട്ടില്‍