അമിതമായ ചികിത്സ വ്യക്തിക്ക് ഹാനികരമാകാം:ആർച്ചുബിഷപ്പ് വിൻചേൻസോ പാലിയ

0
242

വത്തിക്കാൻ: അമിതമായ ചികിത്സ വ്യക്തിക്ക് ഹാനികരമാകാമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമിയുടെ പ്രസിഡൻറ്, ആർച്ചുബിഷപ്പ് വിൻചേൻസോ പാലിയ. പാലിയേറ്റീവ് കെയർ സംബന്ധിച്ച രാജ്യാന്തര സംഗമത്തെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ആധുനിക സാങ്കേതികതയും ചികിത്സാസമ്പ്രദായങ്ങളും ഏറെ വർദ്ധിച്ച കാലഘട്ടത്തിൽ ഒരിക്കലും രോഗിയെ ചികിത്സകൊണ്ട് ശ്വാസംമുട്ടിക്കരുത്. അമിതമായ ചികിത്സകൊണ്ട് രോഗിക്ക് അനാവശ്യമായ വേദന സഹിക്കേണ്ടിവരുന്ന ഗതികേടും ഇന്ന് സംഭവിക്കുന്നുണ്ട്. രോഗീപരിചരണ മേഖലയിൽ അമിതമായ ചികിത്സയല്ല, ഫലപ്രദമായ ചികിത്സയാണ് ആവശ്യം. അതിനാൽ വൈദ്യശാസ്ത്രത്തിൻറെ മേൽത്തരം സാങ്കേതികതയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി രോഗിയെ പരീക്ഷണ വിധേയമാക്കുന്ന രീതി അവലംബിക്കരുത്”; അദ്ദേഹം പറഞ്ഞു.

“ജീവനോടുള്ള ആദരവും അതു സംരക്ഷിക്കാനുള്ള ധാർമ്മികതയുടെ അടിസ്ഥാനത്തിലുമായിരിക്കണം പാലിയേറ്റീവ് കെയർ പോലുള്ള അത്യാസന്നഘട്ടങ്ങളിലെ ചികിത്സാസമ്പ്രദായങ്ങൾ ക്രമപ്പെടുത്തേണ്ടത്”. ആർച്ചുബിഷപ്പ് പാലിയ പറഞ്ഞു.മാരകമായ രോഗങ്ങളുടെ പശ്ചാത്തലത്തിൽ ചികിത്സയുടെ പരിമിതികളിൽ എത്തിയാലും രോഗിയെ അവഗണിക്കരുത്, ഉപേക്ഷിക്കരുത്. സൗഖ്യപ്പെടുത്താനായില്ലെങ്കിലും വേദന ശമിമിപ്പിക്കാനും യാതന കുറയ്ക്കുവാനും സാധിക്കണം. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളവരെ തള്ളിക്കളയാൻ പാടില്ല”; അദ്ദേഹം പറഞ്ഞു.

“രോഗത്തെയും രോഗിയെയും തുലനംചെയ്യുന്ന കാഴ്ചപ്പാടിൽ നിന്നാണ് കാരുണ്യവധത്തിന്റെ ന്യായീകരണം ഉണ്ടാകുന്നത്. ഇന്നിന്റെ വൈദ്യശാസ്ത്രം ജീവന്റെ പരിചരണമെന്ന മാനവികദർശനം പുനരാവിഷ്‌ക്കരിക്കരിക്കണം. കഠിനവേദന അനുഭവിക്കുന്ന രോഗിയുടെ താല്പര്യപ്രകാരമായാൽപ്പോലും ആത്മഹൂതിക്ക് സഹായകമാകുന്ന മരുന്നുകൾ നല്കാമെന്നോ, അല്ലെങ്കിൽ കാരുണ്യവധം നടപ്പാക്കാമെന്നോ ചിന്തിക്കുന്നതുതന്നെ തെറ്റാണ്. അങ്ങനയുള്ള ചിന്തകൾ ഉപേക്ഷിക്കണം. ജീവൻ അതിന്റെ അവസാന നിമിഷംവരെ പരിരക്ഷിക്കുന്ന ധാർമ്മികത വളർത്തണം”; ആർച്ചുബിഷപ്പ്  പറഞ്ഞു.