അമേരിക്കൻ പ്രസിഡന്റിനെ ചിന്തിപ്പിച്ച ഫോട്ടോ

0
273

രു ഡോക്ടർ ദുഷിച്ചാൽ അത് അയാൾ ശുശ്രൂഷിക്കുന്ന രോഗികളുടെ ദുര്യോഗമായിരിക്കും. ഒരു എഞ്ചിനീയർ ദുഷിച്ചാൽ അത് അയാളുടെ ഉപഭോക്താക്കളുടെ ദുർഗതിയായിരിക്കും. ഒരു മാധ്യമം ദുഷിച്ചാൽ അതു തലമുറകളുടെ ദുരന്തമായിരിക്കും.” ഇത് മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷന്റെ പ്രശസ്തമായ വാക്കുകളാണ്. മാധ്യമങ്ങളുടെ ശക്തിയും പ്രാധാന്യവും അതിന്റെ സംഹാര ശേഷിയുമാണ് ഈ വാക്കുകൾ അടിവരയിടുന്നത്. നിക് ഉട്ട് എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫർ കേരളം സന്ദർശിച്ച് മടങ്ങിയത് ഏതാനും ആഴ്ചകൾക്കുമുമ്പായിരുന്നു. സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകളും ഫീച്ചറുകളും പത്രങ്ങളിൽ വന്നിരുന്നു. നിക് ഉട്ടിനെ ലോകപ്രശസ്തനാക്കിയ ഫോട്ടോയാണ് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിന് കാരണമായത്. നാപാം ബോംബ് എന്ന രാസായുധം കത്തിച്ചാമ്പലാക്കിയ വിയറ്റ്‌നാമിലെ ഒരു ഗ്രാമത്തിൽനിന്നും രക്ഷപ്പെടുന്നതിനായി തീപിടിച്ച ശരീരത്തോടെ നഗ്നയായി ഓടുന്ന കിം ഫുക്ക് എന്ന ഒമ്പതുവയസുകാരിയുടെ ദയനീയ മുഖം അദ്ദേഹത്തിന്റെ ക്യാമറയിലൂടെയാണ് പുറംലോകം കണ്ടത്. യുദ്ധത്തിന്റെ ഭീകരതയായിരുന്നു ആ ചിത്രം ലോകത്തിന്റെ മുമ്പിൽ വരച്ചുവച്ചത്. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സന് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കേണ്ടിവന്നതിന്റെ പിന്നിൽ ആ ചിത്രമായിരുന്നു. ഒരു ഫോട്ടോക്ക് യുദ്ധംപോലും അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ മാധ്യമങ്ങളുടെ ശക്തി നാം തിരിച്ചറിയണം. അവിടെയാണ് ടി.എൻ. ശേഷന്റെ വാക്കുകളുടെ ഗൗരവം വർധിക്കുന്നത്.
ആധുനിക ലോകത്തെ നിയന്ത്രിക്കുന്നത് മാധ്യമങ്ങളാണ്. മനുഷ്യരുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിലും നിലപാടുകളെ സ്വാധീനിക്കുന്നതിലും മാധ്യമങ്ങൾക്ക് നിർണായകമായ സ്വാധീനമുണ്ട്. അതിനാൽ മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായി നിലനില്‌ക്കേണ്ടത് അനിവാര്യമാണ്. മാധ്യമങ്ങൾക്ക് വഴിതെറ്റിയാൽ തലമുറകളുടെ ദുരന്തമായിരിക്കുമെന്നത് എത്രമാത്രം പ്രാധാന്യത്തോടെ കാണണം എന്നതിന്റെ സൂചനയാണ്. ആശയങ്ങളാണ് ലോകത്തെ നയിക്കുന്നത്. അതു പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് മറ്റ് ആരെക്കാളും സ്വാധീനമുണ്ട്. തുടർച്ചയായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അതു ശരിയാണെന്നു വിചാരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മാധ്യമങ്ങൾ സത്യം വെടിഞ്ഞ് പക്ഷംപിടിക്കുമ്പോഴും മുൻവിധിയോടെ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോഴും സമൂഹത്തെ എത്രമാത്രം വിപരീതമായിട്ടായിരിക്കും അതു ബാധിക്കുന്നത്. മാധ്യമങ്ങൾ ചെയ്യുന്ന സേവനം വിലമതിക്കാൻ കഴിയാത്തതാണ്. സ്വതന്ത്രമായ മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ തെളിവാണ്. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവർക്ക് ചിന്തിക്കാൻ കഴിയുന്നതല്ല.
മാധ്യമങ്ങൾക്ക് നേരെ മുമ്പ് എങ്ങുമില്ലാത്തവിധം ചൂണ്ടുവിരലുകൾ ഉയരുന്ന കാലമാണ്. അവരുടെ നിലപാടുകളെ പൊതുസമൂഹവും സോഷ്യൽമീഡിയകളുമൊക്കെ ചോദ്യം ചെയ്യുന്ന സംഭവങ്ങളുടെ എണ്ണവും വർധിച്ചുവരുന്നു. മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകളാണ് ഇങ്ങനെ ഉണ്ടാകാൻ കാരണം. മാധ്യമങ്ങൾ പക്ഷംപിടിക്കുമ്പോൾ ദുർബലപ്പെടുത്തുന്നത് സ്വന്തം ശക്തിയാണ്. നീതിരഹിതമായി ആർക്കുവേണ്ടി നിലകൊണ്ടാലും കുറച്ചുകഴിയുമ്പോൾ അവർതന്നെ എതിർക്കുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. അക്ഷരങ്ങളുടെയും ദൃശ്യങ്ങളുടെയും സംഹാരശേഷി നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അക്ഷരങ്ങൾക്ക് ആയുധങ്ങളെക്കാളും ശക്തിയുണ്ട്. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും മാധ്യമങ്ങൾ അധികാരികളുടെ ശത്രുതക്ക് പാത്രമാകുന്നത്. മാധ്യമങ്ങളുടെ ശക്തിയെക്കുറിച്ച് പലരും ചിന്തിക്കാറില്ല. വിപരീത വശങ്ങൾ ചൂണ്ടിക്കാട്ടി അവയെ വിമർശിക്കുകയാണ് പതിവ്. എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങൾക്കാണെന്നു വരുത്താൻ ശ്രമിക്കുന്നതും നന്നല്ല.
ലോകത്തിൽ ജനാധിപത്യ ധ്വംസനങ്ങളും നീതിരഹിതമായ ഇടപെടലുകളും ഉണ്ടാകുമ്പോൾ അതിന് എതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളെ വിവേകത്തോടെ ഉപയോഗിക്കുകയും വിവേചനബുദ്ധിയോടെ സമീപിക്കുകയും വേണം. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ല. ഒരുപക്ഷേ, മാധ്യമങ്ങൾ വഴിതെറ്റിക്കുന്നു എന്നൊക്കെ പ്രചരിപ്പിച്ച് നടത്തുന്ന കടന്നുകയറ്റങ്ങളുടെ ലക്ഷ്യം അവരെ നേരെ ആക്കുകയല്ല. മറിച്ച്, തങ്ങൾക്ക് അഹിതമായ വിവരങ്ങൾ പുറത്തുവരുന്നത് തടയുക എന്നതാണ്. മാധ്യമങ്ങൾക്കു നേരെ നടക്കുന്ന കടന്നുകയറ്റങ്ങൾക്ക് എതിരെ പൊതുസമൂഹത്തിൽനിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതെ പോകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് മാധ്യമങ്ങളും സ്വയം വിമർശനത്തിന് തയാറാകണം. അതുവഴി മാധ്യമങ്ങൾ വിശുദ്ധീകരിക്കപ്പെടണം. അപ്പോഴാണ് യഥാർത്ഥ ദൗത്യം നിർവഹിക്കാൻ മാധ്യമങ്ങൾക്ക് കഴിയുക.