അമ്മമൊഴികളിലെ ആത്മീയസമ്പത്ത്

0
589

പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ സഭയും വിശുദ്ധ കുര്‍ബാനയും എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ അമ്മയെപ്പറ്റി കുറിക്കുമ്പോള്‍ ഇപ്രകാരം പറയുന്നു: നിന്നെ അനുധാവനം ചെയ്യാന്‍ അവളെ അനുവദിക്കുക എന്ന്. ക്രൈസ്തവന്റെ വിശ്വാസയാത്രയില്‍ ശക്തമായ സാന്നിധ്യമാണ് പരിശുദ്ധ അമ്മ. കദനം കിനിയുന്ന അനുദിന ജീവിതത്തില്‍ അമ്മസാന്നിധ്യത്തോളം ആശ്വാസം നല്‍കുന്ന എന്താണുള്ളത്? പിറവികൊണ്ട നാളുമുതല്‍ ഇന്നുവരെയും ഇത്രകണ്ട് ബലപ്പെടുത്തിയിട്ടുള്ള സാന്നിധ്യം അമ്മസാന്നിധ്യമല്ലാതൊന്നുമില്ല.
വിളി ജീവിതത്തിന്റെ വഴിത്താരകളെ സ്‌നേഹിച്ചിറങ്ങിയപ്പോള്‍ ഉള്ളു തേങ്ങിയത് അമ്മയുടെ സാന്നിധ്യത്തിന്റെ സാമീപ്യക്കുറവിനെ ഓര്‍ത്തുതന്നെയായിരുന്നു ഏറെയും. അസ്വസ്ഥതയുടെ ആദ്യനാളുകളില്‍ തുല്യദുഃഖിതനായ ഒരു ചങ്ങാതി കുറിച്ചിട്ട ഈരടികള്‍ തന്ന ആശ്വാസം തെല്ലു കുറച്ചല്ല:
”അമ്മയെന്ന് വിളിക്കുവാനും
അമ്മയെപ്പോലെ സ്‌നേഹിക്കുവാനും
വാത്സല്യമോടെ ചേര്‍ന്നിരിക്കാനും
നീ മാത്രമേ എനിക്കുള്ളു മാതാവേ”
സങ്കട നാളുകളില്‍ ജപമാല കരുത്താകണമെന്നും അമ്മമാതാവ് കൂട്ടായ് നിത്യം കൂടെയുണ്ടെന്നും അമ്മ ഓതിത്തന്നതാണ് ഇന്നും ബലം. അതെ, അമ്മ അനുധാവനം ചെയ്യുന്നവളാണ്, സങ്കടങ്ങളിലും സന്തോഷങ്ങളിലും.
ഗുരുമൊഴി
പ്രിയശിഷ്യനെ അമ്മയ്‌ക്കേല്‍പിച്ചു കൊടുത്തുകൊണ്ട് ഗുരു മൊഴിഞ്ഞു: ”ഇതാ നിന്റെ മകന്‍” (യോഹ. 19:25-27). അനുധാവനത്തിന്റെ ഈ ആഹ്വാനം, കദനവഴികളില്‍ കാല്‍വരിയോളവും ചെന്നെത്തിയ അമ്മയ്ക്ക് മകനേകിയ അന്ത്യാഭിലാഷമായിരുന്നു. ദൈവികസ്വരത്തിന് ജീവിതംകൊണ്ട് ഉത്തരമേകിയവള്‍ എന്റെയും നിന്റെയും ജീവിതവഴികളില്‍, അനുവദിച്ചാലും ഇല്ലെങ്കിലും കൂടെ നടക്കും. കാരണം ഇത് സ്വര്‍ഗത്തിന്റെ കല്പനയാണ്. അതനുസരിച്ചേ അവള്‍ക്ക് ശീലമുള്ളൂ.
ആകുലതകള്‍ അവനിലേക്കെത്തണം
ജീവിതയാത്ര കാല്‍വരി ലക്ഷ്യമാക്കിത്തന്നെയാണ്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍. ജീവിതവീഥിയില്‍ വഴിയിടറുന്ന നൊമ്പരങ്ങളില്‍ ഉത്തരം തേടേണ്ടത് വഴിക്കവലകളിലെ ഇരുണ്ട ജന്മങ്ങളോടല്ല, ഈ യാത്രക്ക് നമ്മെ പടച്ചുവിട്ടവനോടാണ്. ദൂതുമായെത്തിയ മാലാഖയോടമ്മ ചോദിച്ചു: ”ഇതെങ്ങനെ സംഭവിക്കും?” (ലൂക്കാ 1:34). തിരുഹിതത്തിന്റെ വെളിപ്പെടുത്തല്‍ ബലപ്പെടുത്തലായി മാറി അന്നേരം. അമ്മയുടെ മകന്‍ നൊമ്പരങ്ങളുടെ കാല്‍വരി കണ്‍മുന്നിലുയര്‍ന്നപ്പോള്‍ ഉത്തരം തേടിയത് പണ്ഡിതരിലോ പരിചയക്കാരിലോ അല്ല, ഒരു ഗത്‌സമന്റെ നിശബ്ദതയില്‍ പിതാവിനോടായിരുന്നു. അവിടെ ദൂതനിറങ്ങി അവനെ ശക്തിപ്പെടുത്തി എന്നുകൂടി വായിക്കുമ്പോള്‍ (ലൂക്കാ 22:43) അമ്മയുടെ സ്വഭാവം മകനില്‍ വല്ലാണ്ടു ദൃഢപ്പെട്ടിരുന്നു എന്നുവേണം കരുതാന്‍. ജീവിതത്തില്‍ കുരിശും കാല്‍വരിയും കണ്‍മുന്നിലുയരുമ്പോള്‍ ഒരു ദൈവാലയത്തിന്റെ നിശബ്ദതയില്‍, കുടുംബത്തിന്റെ പ്രാര്‍ത്ഥനാമുറിയുടെ സ്വകാര്യതയില്‍ ഒന്നിരിക്കാനായാല്‍ പരിഹരിക്കാനാവാത്തതായി ഒന്നുമില്ല.
സ്വകാര്യ നൊമ്പരങ്ങള്‍
ജീവിതപാതകളിലെ നൊമ്പരങ്ങളുടെ നെരിപ്പോടുകള്‍ക്ക് സ്വകാര്യതയുടെ മുഖം അവളിലാണ് കണ്ടതൊക്കെയും. ആര്‍ക്കും കൊടുക്കില്ലെന്നും ആരെയും അറിയിക്കില്ലെന്നുമൊക്കെ ഒരു കുടുംബത്തിന്റെ കദനങ്ങളെയൊക്കെ ഉള്ളിലൊതുക്കിയുള്ള അമ്മമാരുടെ ശാഠ്യം ഇത്തിരി കടുപ്പംതന്നെ. വീടിന്റെ അകത്തളങ്ങളിലെവിടെയോ അല്ലെങ്കില്‍ പിന്നാമ്പുറത്തിന്റെ സ്വകാര്യതയിലെവിടെയോ അമ്മമാരിന്നും ഇത്തിരി ഇടം സൂക്ഷിക്കാറുണ്ട്. ആരും കാണാതെ ഒന്നു ഹൃദയംതുറന്ന് മിഴി നനയ്ക്കാന്‍… അമ്മയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചുവെന്ന് തിരുവചനം. ചങ്കിന്‍കൂട്ടിലേക്ക് വാളുകണക്ക് സഹനം തറഞ്ഞപ്പോഴും (ലൂക്കാ 2:35) നഷ്ടദുഃഖത്തിന്റെ ഭ്രമങ്ങളൊക്കെയും (ലൂക്കാ 2:52) കൊട്ടിഘോഷിക്കാതെ ഉള്ളിലൊതുക്കിയപ്പോഴും നാമത് കാണുന്നുണ്ട്. സ്വകാര്യദുഃഖങ്ങളുടെ സൂക്ഷിപ്പ് കാല്‍വരിയോളമെത്തിനിന്നു. ജീവിതസഹനങ്ങളെയൊക്കെ പരിഭവമായി പുറത്തെടുത്ത് കൃപ നഷ്ടപ്പെടുത്തുന്നുണ്ട് നാം പലപ്പോഴും. ആശ്വാസവും സഹതാപവും ദൈവസന്നിധിയില്‍നിന്നും സ്വന്തമാക്കുന്നതാണ് സുകൃതം.
എനിക്കൊരമ്മയുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനൊന്നുമാവില്ലായിരുന്നു… ജീവിതത്തിന്റെ കനല്‍വഴിയില്‍ കാലിടറിപ്പോയ ഒരു പതിനെട്ടുകാരന്റെ മിഴിനിറഞ്ഞ മൊഴി. ജീവിതത്തിന്റെ ഒരു പാളിയ നോട്ടംപോലും നൊടിയിട അവള്‍ക്ക് പിടികിട്ടും. എന്റെ നെഞ്ചിടിപ്പിന്റെ താളമിത്തിരിയൊന്ന് മാറിയാല്‍, ഒരു ഫോണ്‍കോളായി ആ സാന്നിധ്യം ‘നിനക്കെന്തു പറ്റീടാ കൊച്ചേന്ന്.’ പിന്നെല്ലാം താളമയം. താളം തെറ്റിയ കാനായിലും (യോഹ. 2:1-11), കാലിടറിയ കാല്‍വരിയിലും (യോഹ. 19:25-27), അവനില്‍ ഇടറിയ അനുചരന്മാരുടെ മാളികമുറിയിലും (അപ്പ.പ്രവ. 1:14) അമ്മസാന്നിധ്യം അനുഗ്രഹമാവുന്നത് എനിക്കും കരുത്തേകുന്നുണ്ട്. വിശ്വാസയാത്രയുടെ ഇടവഴികളിലും ഊടുവഴികളിലും തളരാതിരിക്കാന്‍ അണയാത്ത അമ്മസാന്നിധ്യം കരുതലുണ്ടാവണം. ജപമണികളുടെ ജപമാല ഇത്തിരികൂടെ മുറുകെ പിടിക്കാം. വല്ലാണ്ട് ശക്തി പകരുമത്, തീര്‍ച്ച.
ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി ആരാണുള്ളത് അമ്മമാരോളം. മുറിവേല്‍പിക്കപ്പെടുമ്പോഴും സൗഖ്യസ്‌നാനത്തില്‍ ചേര്‍ത്തണക്കുന്ന സാന്നിധ്യം. ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്തവള്‍. അമ്മപുണ്യങ്ങളെക്കുറിച്ചുള്ള ധ്യാനം ഇത്തരുണത്തില്‍ മാടി വിളിക്കുന്നുണ്ട്. ഊഷ്മളമായ ബന്ധങ്ങളുടെ ചില കരുതല്‍ കാത്തുസൂക്ഷിക്കാന്‍….
ഒന്നുകൂടി ശക്തിപ്പെടുത്താം ബന്ധങ്ങളുടെ കണ്ണികളെ. അനുചരനൊരമ്മസാന്നിധ്യമാവാന്‍ അമ്മ നമ്മെ ക്ഷണിക്കുന്നുണ്ട്. നവയുഗ മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ ബന്ധങ്ങള്‍ ശുഷ്‌കിക്കുമ്പോള്‍, കാലഘട്ടത്തിന്റെ വീണ്ടെടുപ്പിനായി കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ കരുതല്‍ വേണമെന്ന് അമ്മയുടെ ജീവിതം നമ്മെ ഓര്‍മപ്പെടുത്തുന്നു.
”ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹ. 14:18). ഗുരുമൊഴി പകരുന്ന ആത്മവിശ്വാസം തെല്ലു കൂടുതല്‍ തന്നെയാണ്. എന്നിട്ടും സഹനത്തിന്റെ പാഥേയത്തില്‍ കാല്‍വരിയോളമെത്തുമ്പോള്‍ ഇടറുന്നുണ്ട് ഞാന്‍. കദന നിമിഷങ്ങളില്‍ കാവലായി ആരുമില്ല എന്നൊരു തോന്നല്‍. ഒറ്റക്കായിപ്പോവുന്നതിന്റെ ഒരു വിമ്മിഷ്ടം. അമ്മയെ കണക്ക് ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാന്‍ ഒരു സാന്നിധ്യം തേടിയ നിമിഷങ്ങളിലായിരുന്നല്ലോ പ്രിയശിഷ്യന്റെ കര്‍ണപുടങ്ങളില്‍ ഗുരുവചനം ഉയിര്‍കൊണ്ടത് ”ഇതാ നിന്റെ അമ്മ” (യോഹ. 19:27). ഇനിയെന്തു വേണമെനിക്ക്…. നനയരുതിനി നിന്‍ മിഴികള്‍.
കാല്‍വരിയാത്രയില്‍ വിങ്ങിപ്പൊട്ടിയത് ഗുരുഹൃദയത്തോടൊത്ത് ഒരമ്മയുടെ നെഞ്ചകം കൂടിയെന്നതും, നിറഞ്ഞൊഴുകിയത് അമ്മമിഴികള്‍ കൂടിയെന്നുമറിയുമ്പോള്‍ ആവേശമാണെനിക്കിനി കദനവഴികളില്‍ കാലുറപ്പിക്കാന്‍. കൂട്ടിരിക്കാനും കൂടെയിരിക്കാനും എനിക്കൊരു അമ്മയുണ്ടെന്നത് ഒരു പുണ്യംതന്നെ.
മാതൃമൊഴികളില്‍ മിഴിവേകുന്ന വചനം യോഹന്നാന്‍ കുറിച്ചിടുന്നുണ്ട്. ”അവന്‍ പറയുന്നത് ചെയ്യുവിന്‍” (യോഹ. 2:5) എന്ന്. പിന്നെ അവള്‍ കാല്‍വരിയോളവും നിശബ്ദയാണ്. എന്റെ വിചാരങ്ങള്‍ക്കും ചിന്തകള്‍ക്കും പദ്ധതികള്‍ക്കും മീതെ ക്രിസ്തുമൊഴികളുടെ ആശീര്‍വാദം വേണമെന്നതാണ് അമ്മമൊഴി. ജീവിതവഴികളില്‍ പാളിച്ചകള്‍ പതിവാകുന്നെങ്കില്‍, പരിചിന്തനം അനിവാര്യമാണ്. തിരുഹിതം ജീവിതത്തിനാധാരമാകുന്നുണ്ടോ എന്ന്. പരിഹാസങ്ങള്‍ക്ക് നിന്നെ വിട്ടുകൊടുക്കാന്‍ അമ്മഹൃദയം വിങ്ങുന്നതിനാല്‍ അവള്‍ പറയും മകനെ/മകളെ അവന്‍ പറയുന്നത് ചെയ്യുവിനെന്ന്. ജീവിതവഴികളിലെ പാളിച്ചകളൊക്കെയും ദൈവഹിതത്തിന് മുകളില്‍ എന്റെ സ്വാര്‍ത്ഥത കൂടുകൂട്ടിയതുകൊണ്ടാണെന്ന തിരിച്ചറിവ് നാം സ്വന്തമാക്കേണ്ടിയിരിക്കുന്നു.
അര്‍പ്പണം
അമ്മയെക്കുറിച്ച് നിറമുള്ള ഓര്‍മകളില്‍ പുക പിടിച്ച ഒരടുക്കളയുടെ സ്വകാര്യതയും ജപമുറിയിലെ തളരാത്ത കരങ്ങളുടെ സുകൃതങ്ങളുമുണ്ട്. വാഴ്ത്തപ്പെടേണ്ട ജീവിതംതന്നെ. എന്നിട്ടും അത്ര കണ്ടങ്ങ് അവള്‍ വാഴ്ത്തപ്പെടുന്നില്ലെന്നത് ഒരു സ്വകാര്യദുഃഖം. അല്ലേലും അമ്മമാരങ്ങനെതന്നെയാ. ആഘോഷിക്കപ്പെടാതെ പോവുന്ന സുകൃതക്കൂട്ടുകളുടെ കൂടാരം. ഇനി അവള്‍ വാഴ്ത്തപ്പെടണം എന്റെ ജീവിതം വഴി. അമ്മയ്ക്കുള്ള എന്റെ കുഞ്ഞുസമ്മാനം.
ജനക്കൂട്ടത്തില്‍നിന്നും പെണ്ണൊരുവള്‍ പ്രവചിച്ചു ”നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ വയോധരങ്ങളും ഭാഗ്യപ്പെട്ടത്” (ലൂക്കാ 11:27-28). അമ്മയ്ക്ക് പ്രിയമകന്‍ ഒരുക്കിയ വാഴ്‌വ്….. ഇന്നും എന്നിലൂടെ വേണം അമ്മ വാഴ്ത്തപ്പെടേണ്ടത് എന്നറിയുമ്പോള്‍ കാരണമറിയാതെ മിഴി നനയുന്നു. ജീവിതംകൊണ്ടെന്നും ഞാനെന്നമ്മയെ (പെറ്റമ്മയെയും പരിശുദ്ധ അമ്മയെയും) വാഴ്ത്തും. ക്രിസ്തു കണക്കൊരു മകനാവാന്‍.
അമ്മമടിത്തട്ടോളം സുരക്ഷിതത്വവും സാന്ത്വനവും പകരുന്നതായി ഒന്നുമില്ല. ആ മടിത്തട്ടില്‍ മയങ്ങിയ ഇത്തിരി നിമിഷങ്ങള്‍ ഒത്തിരി ആശ്വാസമേകുന്നുണ്ട്. കാലിത്തൊഴുത്തിലും കാല്‍വരിയുടെ കദനച്ചൂളയിലും അമ്മമടിത്തട്ട് എന്നെ കുളിരണിയിക്കുന്നുണ്ട്. ഞാനൊറ്റയ്ക്കല്ല എവിടെയായിരുന്നാലും ഞാനുണ്ട് കൂടെയെന്ന് മൊഴിയുന്ന അമ്മസാന്നിധ്യത്തിലാണിനി അഭയം. അമ്മേ നിന്‍ മടിത്തട്ടിലഭയമേകൂ, നിന്‍ കരവലയത്തില്‍ ചേര്‍ത്തണയ്ക്കൂ… വിരിയട്ടെ എന്നിലൂടെയും പുണ്യപുഷ്പങ്ങള്‍.

ഫാ. ജോയിസ് പറപ്പിള്ളില്‍ വി.സി