അരുണാചല്‍ പ്രദേശിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തു

0
1119

മിയാവോ(അരുണാചല്‍ പ്രദേശ്): അരുണാചല്‍പ്രദേശിലെ ഏറ്റവും വലിയ ദൈവാലയം ഇനി അതിര്‍ത്തി മേഖലയിലെ ചെറു ഗ്രാമമായ നിയോറ്റാനില്‍. 5-ന് നിയോറ്റാനില്‍ നടന്ന ചടങ്ങില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്‌കരേനാസ് ദൈവാലയം കൂദാശ ചെയ്തു. 19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിയോറ്റാന്‍ ഗ്രാമത്തില്‍ ഉള്ളവര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്നത്. ഇന്ത്യയും മ്യാന്‍മാറിന്റെയും അതിര്‍ത്തി പ്രദേശത്തുള്ള ഗ്രാമമാണ് നിയോറ്റാന്‍.
യേശുക്രിസ്തു നല്‍കിയ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പാഠങ്ങളാണ് ലോകത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ളതെന്ന് ബിഷപ് മസ്‌കരേനാസ് പറഞ്ഞു. വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ധ്രുവീകരണത്തിന്റെയും ഈ കാലഘട്ടത്തില്‍ മുറിയപ്പെട്ട ബന്ധങ്ങളെയും ഹൃദയങ്ങളെയും കൂട്ടിയോജിപ്പിക്കുവാന്‍ സുവിശേഷത്തിന്റെ സന്ദേശത്തിന് സാധിക്കുമെന്നും ബിഷപ് മസ്‌കരേനാസ് വ്യക്തമാക്കി.
ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വഹിക്കുന്നതിന് മുന്നോടിയായി ബിഷപ് ദൈവാലയ അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.ദിബ്രുഗാര്‍ഹ് രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് ഐന്ദ്, മിയാവോ രൂപതാധ്യക്ഷന്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ഓക്‌സിലറി ബിഷപ് ഡെന്നിസ് പാനിപ്പ്ച്ചായി, ദിബ്രുഗാര്‍ഹ് രൂപത കോ-അഡ്ജുറ്റര്‍ ബിഷപ്പായി നിയമിതനായ ആല്‍ബര്‍ട്ട് ഹെമ്രോം എന്നിവര്‍ പങ്കെടുത്തു.
2000 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ പണിചെയ്ത ദൈവാലയം നിര്‍മ്മിച്ച ഗ്രാമവാസികളെ ബിഷപ് ഐന്ദും ബിഷപ് പള്ളിപ്പറമ്പിലും അഭിനന്ദിച്ചു. പ്രാദേശിക ഭാഷയിലുള്ള പ്രാര്‍ഥനാ ഗാനവും ദിവ്യബലിക്കുള്ള പുസ്തകവും നിയുക്ത ബിഷപ് ഹെമ്രോം പ്രകാശനം ചെയ്തു.