അല്മായർക്കും സന്യാസിനികൾക്കും വിശുദ്ധ കുർബാന നൽകാൻ അനുവാദം

വിശുദ്ധ കുർബാനയുടെ പ്രത്യേക ശുശ്രൂഷകർക്കുള്ള മാർഗരേഖ ലത്തീൻ സഭ പ്രസിദ്ധീകരിച്ചു

0
380

ബംഗളൂരു: വൈദികരല്ലാത്തവരെ വിശുദ്ധ കുർബാന നൽകുന്നതിനായി തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അവർ വിശുദ്ധ കുർബാന നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങുന്ന മാർഗരേഖ ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ സിസിബിഐ പ്രസിദ്ധീകരിച്ചു. അജപാലനപരമായ ആവശ്യം മുൻനിർത്തി അധികാരികളാൽ പ്രത്യേകം നിയോഗിക്കപ്പെട്ട അല്മായർക്കും സന്യാസിനികൾക്കും വിശുദ്ധ കുർബാന നൽകാവുന്നതാണെന്ന് മാർഗരേഖ വ്യക്തമാക്കി.

വൈദികരും ഡീക്കൻമാരുമാണ് വിശുദ്ധ കുർബാനയുടെ സ്വാഭാവികമായ ശുശ്രൂഷകർ. വിശുദ്ധ കുർബാന നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവർ അവരെ സഹായിക്കുക എന്ന ദൗത്യമാണ് നിർവഹിക്കേണ്ടത്. തങ്ങളുടെ അജപാലനപരിധിയിൽ ഉൾപ്പെടുന്ന മേഖലയിൽ വിശുദ്ധ കുർബാന നൽകുന്നതിനായി അല്മായരെയോ സന്യാസിനിമാരെയോ ആവശ്യമുണ്ടോ എന്നത് അജപാലകർക്കും ചാപ്ലെയിൻമാർക്കും സുപ്പീരിയർമാർക്കും തീരുമാനിക്കാവുന്നതാണ്. യഥാർത്ഥമായ അജപാലന ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഒരോ ഇടങ്ങളിലും ഇപ്രകാരമുള്ളവരുടെ സംഖ്യ നിശ്ചയിക്കേണ്ടത്. 18 വയസിന് മുകളിൽ പ്രായമുള്ള ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്നവരെയാകണം വിശുദ്ധ കുർബാന നൽകുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. രൂപതയുടെ ലിറ്റർജിക്കൽ കമ്മീഷൻ നടത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം ബിഷപ്പിന്റെ കയ്യൊപ്പുള്ള സർട്ടിഫിക്കറ്റ് ഇവരെ പരസ്യമായി ശുശ്രൂഷയ്ക്കായി കമ്മീഷൻ ചെയ്യുന്ന അവസരത്തിൽ നൽകും. അവരുടെ ശുശ്രൂഷയുടെ അന്തസിന് ചേരുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും സിസിബിഐ മാർഗരേഖ വ്യക്തമാക്കി.

ദിവ്യബലി സമയത്ത് സാധാരണ വിശ്വാസികളോടൊപ്പം നിൽക്കുന്ന ശുശ്രൂഷകർ വൈദികൻ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്ന സമയത്താണ് അൾത്താരയെ സമീപിക്കേണ്ടത്. തുടർന്ന് വൈദികന്റെ കയ്യിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിക്കണം. കുർബാന ഉൾക്കൊള്ളുന്ന വിശുദ്ധ പാത്രങ്ങൾ പ്രത്യേക ശുശ്രൂഷകർ അൾത്താരയിൽ നിന്ന് എടുക്കരുതെന്നും വൈദികന്റെ കയ്യിൽനിന്ന് സ്വീകരിക്കണമെന്നും സിസിബിഐ വ്യക്തമാക്കുന്നു. രോഗികൾക്ക് ദിവ്യകാരുണ്യം നൽകുന്നതിനായി പോകുന്ന ശുശ്രൂഷകർക്ക് പ്രത്യേക പരിശീലനം നൽകണം. വിശുദ്ധ കുർബാനയുമായി പോകുന്ന ശുശ്രൂഷകർ നേരെ രോഗിയുടെ ഭവനത്തിലേക്ക് പോകണമെന്നും വിശുദ്ധ കുർബാന പിന്നീട് നൽകുന്നതിനായി തങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു.