അസാധാരണം, അഭിമാനകരം: സ്‌കോട്ട്‌ലൻഡ് പാർലമെന്റിൽ സീറോ മലബാർ സാക്ഷ്യം!

വഴിയൊരുക്കിയത് സ്‌കോട്ടിഷ് വൈദികന്റെ പ്രസംഗം

328

 

 

സ്‌കോട്ട്‌ലൻഡ്: അസാധാരണവും അതിലുപരി അഭിമാനകരവുമായ ഒരു വാർത്ത കേൾക്കാനായതിന്റെ സന്തോഷത്തിലാണ് യു.കെയിലെ വിശിഷ്യാ, സ്‌കോട്ട്‌ലൻഡിലെ സീറോ മലബാർ സഭാംഗങ്ങൾ. സത്യത്തിൽ, യു.കെയിലെ എന്നല്ല ലോകമെമ്പാടുമുള്ള സീറോ മലബാർ സഭാംഗങ്ങൾക്ക് അഭിമാനകരമാണ് ആ വാർത്ത: ഇക്കഴിഞ്ഞയാഴ്ച സ്‌കോട്ടിഷ് പാർലമെന്റിൽ സംഘടിപ്പിച്ച ‘ആത്മീയവിചിന്തന’ത്തിൽ മുഴങ്ങിയത് സീറോ മലബാർ സഭാംഗങ്ങൾ വിശ്വാസപരിശീലനത്തിന് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചാണ്. അത് പങ്കുവെച്ചതാകട്ടെ ഒരു സ്‌കോട്ടിഷ് വൈദികനും!

‘ആത്മീയ വിചിന്തന’ത്തോടെയാണ് സ്‌കോട്ടിഷ് പാർലമെന്റിന്റെ വീക്കിലി സെക്ഷൻ ആരംഭിക്കുക. വിവിധ മതങ്ങളിൽനിന്നുള്ള പ്രമുഖരാണ് അതിന് നേതൃത്വം കൊടുക്കുക. ഇക്കഴിഞ്ഞയാഴ്ച അതിനായി തിരഞ്ഞെടുക്കപ്പെട്ടത് എഡിൻബർഗിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ സെന്റ് മാർഗരറ്റ് സെന്റർ ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഹീനാണ്. പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആദ്യവസാനം നിറഞ്ഞുനിന്നത്, സീറോ മലബാർ സഭാംഗങ്ങൾ പുതുതലമുറയുടെ വിശ്വാസ പരിശീലനത്തിനും സ്വഭാവരൂപീകരണത്തിനും നൽകുന്ന പ്രാധാന്യത്തെകുറിച്ചാണ്.

അടുത്തകാലത്ത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ച ഒരു തീർത്ഥാടകസംഘമാണ് പ്രസംഗത്തിന് കാരണമായത്. ആ തീർത്ഥാടകസംഘം ആരായിരുന്നെന്നോ? എഡിൻബർഗ് സീറോ മലബാർ മിഷനിൽനിന്നുള്ളവർതന്നെ. ഓഗസ്റ്റ് എട്ടിന് മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിയുടെയും സൺഡേ സ്‌കൂൾ അധ്യാപകരുടെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും തീർത്ഥാടനകേന്ദ്രത്തിലെത്തിയത്. സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായിരുന്നു ഇത്.

ദിവ്യബലിയോടെയായിരുന്നു തീർത്ഥാടനത്തിന്റെ ആരംഭം. തീർത്ഥാടനകേന്ദ്രം ഡയറക്ടർകൂടിയായ ഫാ. ഹീൻ ആദ്യാവസാനം ഒപ്പമുണ്ടായിരുന്നു. സന്ദർശനവേളയിൽ, തീർത്ഥാടനകേന്ദ്രത്തിലെ ഓരോ സ്ഥലത്തേക്കുറിച്ചും വിശദീകരിക്കാൻ സർവസന്നദ്ധനായിരുന്നു അദ്ദേഹം. ഒടുവിൽ, വിശ്വാസസംബന്ധമായ ചോദ്യങ്ങൾക്ക് കുട്ടികൾ പറഞ്ഞ മറുപടിയും ഫാ. ഹീനിന് നന്നേ ബോധിച്ചു. അതുതന്നെയാവും പാർലമെന്റിലെ പ്രസംഗത്തിന് പ്രസ്തുത വിഷയം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

‘വിശ്വാസസംബന്ധമായ വിഷയങ്ങളിൽ ചെറുപ്പം മുതൽ കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യം ഏറെ സ്പർശിക്കുന്നതായിരുന്നു. ചോദ്യങ്ങൾക്ക് സമർത്ഥമായി ഉത്തരം പറഞ്ഞ ആ സംഘം തന്നെ ഏറെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു,’ അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

ഇംഗ്ലീഷ് രാജകുടുംബാംഗമായിരുന്നെങ്കിലും 1045ൽ ഹംഗറിൽ ജനിച്ച സെന്റ് മാർഗരറ്റ് 1057ൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. 1070ൽ സ്‌കോട്‌ലൻഡിലെ രാജാവായിരുന്ന മാൽക്കം മൂന്നാമനെ വിവാഹം കഴിച്ച് വിശുദ്ധ മാർഗരറ്റ് സ്‌കോട്‌ലൻഡിൽ എത്തിച്ചേർന്നു. രാജകീയ സുഖങ്ങളും അധികാരങ്ങളും ഉണ്ടായിരിക്കെതന്നെ മാർഗരറ്റ് തന്റെ ജീവിതത്തിന്റെ ഏറെ സമയം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായാണ് ചെലവഴിച്ചത്.

തന്റെ സ്വാധീനങ്ങളും അധികാരവും സ്‌കോട്‌ലൻഡിലെ ക്രിസ്തീയസഭയെ കെട്ടിപ്പടുക്കാൻമാത്രം ഉപയോഗിച്ച് വിശുദ്ധ മാർഗരറ്റിനെ എല്ലാ ക്രൈസ്തവവിഭാഗങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുവരുന്നു. 1093ൽ ഇഹലോകവാസം വെടിഞ്ഞ മാർഗരറ്റിനെ 1250ൽ ഇന്നസെന്റ് നാലാമൻ പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. വിശുദ്ധ മാർഗരറ്റിന്റെ കർമമണ്ഡലമായിരുന്ന എഡിൻബർഗിനടുത്തുള്ള ഡൺഫെർമിലിലെ തീർത്ഥാടനകേന്ദ്രത്തിൽ ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

കുടിയേറ്റത്തിന്റെ 20-ാം വർഷത്തിലേക്ക് അടുക്കുമ്പോൾ യു.കെയിലെ സീറോ മലബാർ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനകരമാണ് സ്‌കോട്‌ലൻഡ് പാർലമെന്റിൽ ഇന്നാട്ടിലെ ഒരു വൈദികനിലൂടെ മുഴങ്ങിയ വിശ്വാസസാക്ഷ്യം.

ബിജു നീണ്ടൂർ