അൽബേനിയയിലെ ജീവിക്കുന്ന രക്തസാക്ഷി

2016-ൽ ഫ്രാൻസിസ് പാപ്പ പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു വൈദികനുമുണ്ടായിരുന്നു. ആദ്യമായാണ് ബിഷപ്പല്ലാതിരുന്ന വൈദികനെ മാർപാപ്പ കർദിനാൾമാരുടെ സംഘത്തിലേക്ക് ഉയർത്തിയത്. എന്തുകൊണ്ടാണ് വൈദികനെ മാർപാപ്പ കർദിനാൾമാരുടെ സംഘത്തിൽ അംഗമാക്കിയത്? ഒരുപക്ഷേ, ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും കിരാതമായ മതപീഡനം ഏറ്റുവാങ്ങിയ അൽബേനിയയിലെ ക്രൈസ്തവ രക്തസാക്ഷികളിൽ ജീവിച്ചിരിക്കുന്ന അതിധീരനായ വൈദികനാണ് സ്‌കോഡ്രെ പൾട്ട് അതിരൂപതയിൽനിന്നുള്ള കർദിനാൾ ട്രോഷാനിയ സിമോണി.

611

ഞാൻ ഒരു പാവം വൈദികനാണ്, ക്രിസ്തുമാത്രമാണ് എന്റെ ഏക സമ്പത്ത്…” അഭിഷിക്ത ജീവിതത്തിന്റെ അധികഭാഗവും ജയിലറയിൽ പീഡനം സഹിച്ച് കഴിഞ്ഞ കർദിനാൾ ട്രോഷാനിയ സിമോണിയുടേതാണ് ഈ വാക്കുകൾ. പലപ്രവശ്യം വെടിവെച്ചുകൊല്ലാൻ വിധിക്കപ്പെട്ടുവെങ്കിലും ദൈവം കാത്തുവെച്ചതുകൊണ്ടാണ് തടവറയിലെ അനുഭവങ്ങൾ കേൾക്കാൻ ലോകത്തിനായത്.
2014-ൽ അൽബേനിയയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ തടവറയിലെ കഥകൾ കേട്ടശേഷം അദ്ദേഹത്തെ ആലിംഗനം ചെയ്തത് കണ്ണീരോടെയായിരുന്നു. അതുകൊണ്ടുതന്നെ മാർപാപ്പയെ കരയിച്ച വൈദികനെന്നും അദ്ദേഹം വിളിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന അൽബേനിയ ക്രൈസ്തവരെ ഒന്നടങ്കം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നടത്തിയ പരിശ്രമങ്ങളാണ് വിശ്വാസതീക്ഷണതയുടെ പ്രതീകമായി ലോകം വാഴ്ത്തുന്ന കർദിനാൾ സിമോണിയെ നമുക്ക് നൽകിയത്.
2016-ൽ മാർപാപ്പ പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു വൈദികനുമുണ്ടായിരുന്നു. ആദ്യമായാണ് ബിഷപ്പല്ലാതിരുന്ന ഒരു വൈദികനെ മാർപാപ്പ കർദ്ദിനാൾമാരുടെ സംഘത്തിലേയ്ക്ക് ഉയർത്തുന്നത്. കർദിനാൾ ആയാലും മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുവാനുള്ള പ്രായവും അദ്ദേഹം പിന്നിട്ടുകഴിഞ്ഞിരുന്നു.

കമ്മ്യൂണിസം തകർന്നെങ്കിലും കത്തോലിക്കവിശ്വാസം ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ലോകത്തിനുമുമ്പിൽ സാക്ഷ്യമാകുവാനായിരിക്കാം മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയണിയിച്ചത്.
കർദിനാൾമാർ ധരിക്കുന്ന സഭാവസ്ത്രത്തിന്റെ നിറം ചെമപ്പാണ്. ഏതുസമയവും സഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിക്കുവാനുള്ള അവരുടെ സന്നദ്ധതയെയാണ് അത് സൂചിപ്പിക്കുന്നത്. പലർക്കും അതൊരു സ്വപ്‌നം മാത്രായിരുന്നേക്കാം. പക്ഷേ, കർദ്ദിനാൾ സിമോണിയ്ക്ക് ഇത് യാഥാർത്ഥ്യമാണ്. കാരണം, രക്തത്തിന്റെ ചുവപ്പായിരുന്നു കർദിനാൾ സിമോണിയുടെ ജീവിതത്തിനും വിശ്വാസത്തിനും.
ഫ്രാൻസിസ് മാർപാപ്പ കർദിനാൾ സിമോണിയെ ആദ്യം കാണുന്നത് 2014-ൽ അൽബേനയയിലേക്ക് നടത്തിയ ഏകദിന സന്ദർശനമധ്യേയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് അൽബേനിയയിലെ വിശ്വാസികളും വൈദികരും സന്യസ്തരും ഏറ്റുവാങ്ങിയ പീഡനങ്ങളുടെ സാക്ഷ്യങ്ങൾ മാർപാപ്പയെ പലതവണ കരയിച്ചു. കർദിനാൾ സിമോണിയുടെ അനുഭവ സാക്ഷ്യം അവസാനിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു….. ”സത്യത്തിൽ ഞാനറിഞ്ഞിരുന്നില്ല, നിങ്ങളുടെ അതിഭയാനകമായ സഹനങ്ങൾ…രക്തസാക്ഷികളുടെ രാജ്യമാണിത്.. ഇന്ന് ഞങ്ങൾ രക്തസാക്ഷിയെ സ്പർശിച്ചിരിക്കുന്നു.” മാർപാപ്പ പറഞ്ഞു.

അൽബേനിയൻ സഭയുടെ പീഡനകഥകൾ ആരംഭിക്കുന്നത് 14-ാം നൂറ്റാണ്ടിലെ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെയാണ്. അൽബേനിയയുടെ മേലുള്ള കടന്നുകയറ്റം വളരെ ഭീകരമായിരുന്നു. ഇന്നും മറ്റ് ബാൾക്കാൻ രാജ്യങ്ങളെ അപേക്ഷിച്ച് അൽബേനിയയിലെ ക്രൈസ്തവ ജനസംഖ്യ 20 ശതനമാനത്തിലും താഴെയായി നിലകൊള്ളുന്നത് ആ അധിനിവേശത്തിന്റെ പരിണിതഫലമാണ്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലി അൽബേനിയ കീഴടക്കി കൈവശമാക്കിയെങ്കിലും അത് അധികം നിണ്ടുനിന്നില്ല. ബാൾക്കൻസിലെ നാസികളുടെ മേൽ സോവിയറ്റ് യൂണിയൻ വിജയം നേടിയതോടെ, കമ്മ്യൂണിസ്റ്റ് ശകതികൾ ഇവിടെ ശക്തി പ്രാപിച്ചു. ഭരണം കൈയടക്കി. അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു എൻവർ ഹോക്‌സ. അധികാരം കൈക്കലാക്കിയ അദ്ദേഹം മതത്തെ ഏറ്റവും വലിയ ശത്രുവായി കരുതി. അദ്ദേഹത്തിന്റെ കീരാതഭരണം 1944 മുതൽ 1985 വരെ നീണ്ടു. ഭരണകൂടത്തിന് എതിരെ നിൽക്കുന്നവരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് തന്ത്രമായിരുന്നു അദ്ദേഹം പ്രയോഗിച്ചത്. കത്തോലിക്കസഭയെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെട്ടു. കാരണം വത്തിക്കാന്റെ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം ക്രൈസ്തവരോടുള്ള ശത്രുതയ്ക്കും പീഡനത്തിനും ആക്കം കൂട്ടി. ചൈനയിലെ സാംസ്‌കാരികവിപ്ലവത്തോടെ ഹോക്‌സയുടെ കമ്യൂണിസം കൂടുതൽ രൗദ്രമായി. അദ്ദേഹം 1967 ൽ അൽബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിച്ചു. അതിനെതിരെ നിൽക്കുന്നവരെ വകവരുത്തുവാൻ പീഡനവും നാടുകടത്തലും അഴിച്ചുവിട്ടു.

കത്തോലിക്ക വിശ്വാസം ഉപേക്ഷിക്കുവാൻ തയാറാകാതിരിന്നവർക്കുവേണ്ടി അദ്ദേഹം വത്തിക്കാനുമായ ബന്ധമില്ലാത്ത ഒരു സഭ സ്ഥാപിച്ചു. അതിന് വശംവദരാകാതിരുന്ന ബിഷപ്പുമാരെയും വൈദികരെയും നീചമായ പീഡനങ്ങൾക്ക് ഇരയാക്കി. ക്രൈസ്തവരുടെ രക്തംകൊണ്ട് അൽബേനിയയുടെ മണ്ണ് ചുവന്നു. കൊലചെയ്യപ്പെട്ടവരിൽ 38 രക്തസാക്ഷികളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിൽ രണ്ട് ബിഷപ്പുമാരും 21 രൂപതാ വൈദികരും ഏഴ് ഫ്രാൻസിസ്‌ക്കൻ വൈദികരും മൂന്ന് ജെസ്യൂട്ട് വൈദികരും ഒരു സെമിനാരിയനും നാല് അല്മായരും ഉൾപ്പെടുന്നു. അവർ വിശ്വാസത്തിനുവേണ്ടി ഏറ്റുവാങ്ങിയത് അതിക്രൂരമായി പീഡനങ്ങളായിരുന്നു.

എന്നാൽ കർദ്ദിനാൾ സിമോണി ഈ പീഡനങ്ങളെയെല്ലാം അതിജീവിച്ചു. വർഷങ്ങളോളം അദ്ദേഹം സഹനങ്ങൾ ഏറ്റുവാങ്ങി. കർത്താവിൽ പ്രതീക്ഷകളർപ്പിച്ച് തടവറയിൽ അദ്ദേഹം വിശ്വാസത്തിന്റെ കാവലാളായി മാറി. അടുത്തകാലത്ത് അദ്ദേഹം ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ നൽകിയ അഭിമുഖത്തിൽ നിന്ന്:

അങ്ങയുടെ ബാല്യത്തെയും ദൈവവിളിയെയും കുറിച്ച് പറയാമോ?
ഞങ്ങളുടെ നഗരത്തിലുള്ളവരെ പോലെ ഞങ്ങളും പാവപ്പെട്ടവരായിരുന്നു. എനിക്കു 10 വയസുള്ളപ്പൾ തന്നെ ഒരു വൈദികനാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്റെ പിതാവ് ഇടവക കാര്യങ്ങളിൽ വളരെ സജീവമായിരുന്നു. കൂർബാനയ്ക്ക് മാത്രമല്ല, ഇടവകയച്ചനെ അദ്ദേഹത്തിന്റെ ജോലികളിൽ സഹായിക്കുന്നതിനും അദ്ദേഹം തൽപരനായിരുന്നു. പത്ത് വയസുള്ളപ്പോൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനായി ഫ്രാൻസിസ്‌ക്കൻ സ്‌കൂളിലേക്ക് അയച്ചു. സ്‌കൂൾ പഠനവും സെമിനാരി പഠനവും അവിടെയായിരുന്നു.
സെമിനാരിയൻ എന്ന നിലയിൽ ബിഷപ് എന്നെ ഒരു നാട്ടിൻപുറത്തെ ഇടവകയിലേക്ക് അയച്ചു. കമ്യൂണിസ്റ്റുകാർ എത്തിപ്പെടാത്ത സ്ഥലമായിരുന്നു അത്. ഞാൻ അവിടെ നാലുമണിക്കൂർ പ്രാർത്ഥനയും നാലുമണിക്കൂർ കുട്ടികൾക്ക് വേദപാഠവും പഠിപ്പിച്ചുകൊണ്ടിരുന്നു.
1951-ൽ സ്റ്റാലിൻ യുദ്ധം പ്രഖ്യാപിച്ചതോടെ ഫിലോസഫി പഠനം പൂർത്തിയാക്കി ഞാൻ പട്ടാളത്തിൽ ചേരേണ്ടിവന്നു. ആറുമാസം പട്ടാള സേവനം നടത്തിയശേഷം തിയോളജി പഠനം പൂർത്തിയാക്കുന്നതിന് വീണ്ടും രൂപത സെമിനാരിയിൽ ചേർന്നു.

അൽബേനിയയെ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിക്കുന്നിതലേക്ക് നയിച്ചെതെന്തായിരുന്നു
1933-ൽ കമ്മ്യൂണിസം രാജ്യത്തേക്ക് നുഴഞ്ഞുകയറി കത്തോലിക്കസഭയെ നശിപ്പിക്കുവാനുള്ള കുരിശുയുദ്ധം ആരംഭിച്ചു. അൽബേനിയയിൽ നിന്ന് കത്തോലിക്കസഭയെ തുടച്ചുനീക്കാനാണ് അൽബേനിയയെ നിരീശ്വര രാഷ്ട്രമായി പ്രഖ്യാപിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം വൈദികരായിരുന്നു. വൈദികരെ നശിപ്പിച്ചില്ലെങ്കിൽ തങ്ങൾക്ക് ലക്ഷ്യം കാണാനാവില്ലെന്ന് അവർ കരുതി. 1945-ൽ സഭയ്ക്കും വൈദികർക്കും ദൈവത്തിനും എതിരായ യുദ്ധം ആരംഭിച്ചു. അനേകം ഫ്രാൻസിസ്‌ക്കൻ വൈദികരെ ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചുകൊന്നു. അനേകം ദൈവാലയങ്ങളും ഞങ്ങളുടെ സെമിനാരിയും അടച്ചുപൂട്ടി.
1956 ഏപ്രിൽ ഏഴിനാണ് ഞാൻ പൗരോഹിത്യം സ്വീകരിച്ച് ആദ്യബലിയർപ്പിച്ചത്. 61 വർഷമായി ഞാൻ വൈദികനാണ്. ഏന്റെ ആദ്യ അപ്പോയന്റ്‌മെന്റ് സ്‌കോഡറിലെ തടവിലാക്കപ്പെട്ട വൈദികനുപകരം ജോലി ഏറ്റെടുക്കുകയായിരുന്നു. സ്‌കോഡറിൽ ഞാൻ ചെയ്ത സേവനങ്ങൾ കണ്ട കമ്മ്യൂണിസ്റ്റുകാർ എന്നെ നോട്ടമിട്ടു. അനേകം കുട്ടികൾ അൾത്താരബാലന്മാരായുണ്ടായിരുന്നു. ദിവ്യബലിക്ക് വിശ്വാസികൾ നിറഞ്ഞുകവിഞ്ഞകാലമായിരുന്നു അത്.

അറസ്റ്റിന് കാരണം എന്തായിരുന്നു
പല കമ്യണിസ്റ്റുകാരും എന്നോടു ചോദിക്കുമായിരുന്നു. എങ്ങനെയാണ് താങ്കൾ വെറും നുണപറഞ്ഞുകൊണ്ട് ഇത്രയും മനുഷ്യരെ കബളിപ്പിക്കുന്നതെന്ന്. ‘കത്തോലിക്കസഭ 2000 വർഷമായി ആത്മാക്കളുടെ രക്ഷയ്ക്കായി നിലകൊള്ളുന്നു; നിങ്ങളുടെ ആത്മാക്കളുടെ രക്ഷക്കുവേണ്ടികൂടിയും.’ ഇതായിരുന്നു എന്റെ മറുപടി.
അതോടെ, അവർ എന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വെല്ലുവിളിയായി കണ്ടു. എന്നെകൊണ്ട് പാർട്ടിക്കെതിരെ സംസാരിക്കുവാൻ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഏന്റെ സുഹൃത്തുക്കൾക്ക് കൈക്കൂലികൊടുത്ത് ചാരന്മാരാക്കി. ഗവൺമെന്റിനെതിരെ എന്നെക്കൊണ്ട് എന്തെങ്കിലും പറയിക്കുവാൻ അവർ ശ്രമിച്ചു. പക്ഷേ, ചതി എനിക്ക് മനസിലായി. 1963-ലെ ക്രിസ്മസ് തലേന്ന് എന്റെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഞാൻ അർദ്ധരാത്രിയിലെ കൂർബാന അർപ്പിച്ചുകഴിഞ്ഞപാടെ പോലീസെത്തി എന്റെ കൈകളിൽ വിലങ്ങണിയിച്ചു.
രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാരോപിച്ച് എന്നെ കോടതിയിൽ ഹാജരാക്കി. തെളിവെന്തെങ്കിലും കിട്ടുന്നതിനായി ജഡ്ജി എന്നോട് ചോദിച്ചു. എന്തുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി മരിക്കാൻ താങ്കൾ തയാറണെന്ന് ജനങ്ങളോട് പറയുന്നത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു… നാം ശത്രുക്കളോട് ക്ഷമിക്കുകയും, സ്‌നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം.
മൂന്ന് മാസത്തെ ചോദ്യം ചെയ്യലിനൊടുവിൽ കോടതി എന്നെ 18 വർഷം നിർബന്ധിത ജോലിക്ക് വിധിച്ചു. ലെഷെയിലെ കോപ്പർ മൈനിലേക്കാണ് അയച്ചത്. എന്റെ ആദ്യ വിധി ഫയറിംഗ് സ്‌ക്വാഡിനെക്കൊണ്ട് വെടിവെച്ചുകൊല്ലാനായിരുന്നു. പക്ഷേ, ദൈവകൃപ കൊണ്ട് അത് നടന്നില്ല.

താങ്കളുടെ തടവുകാലത്തെക്കുറിച്ചുള്ള ഓർമകൾ.
ലേബർ ക്യാമ്പിലെ സാഹചര്യം വളരെ ദുഃസഹമായിരുന്നു. കോപ്പർ മൈനുകളിൽ മണിക്കൂറുകളോളം പണിയെടുപ്പിച്ചു. തണുപ്പുകൊണ്ട് പലരും മരിച്ചുവീണു. കോപ്പർ പൊലൂഷൻ കാരണം വെള്ളത്തിനുപോലും ചുവന്ന കളർ. 1973-ൽ ജയിലിൽ കലാപമുണ്ടായി. അതിനുശേഷം ഗാർഡുമാർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നു. എനിക്ക് തടവുപുള്ളികളുടെ മേൽ ഉണ്ടായിരുന്ന സ്വാധീനം കൊണ്ട് ഞാനാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന് അവർ ആരോപിച്ചു. പക്ഷ, സഹതടവുകാർ എനിക്ക് അനുകൂലമായി നിന്നതുകൊണ്ടാകാം കേസ് തെളിയിക്കാൻ കഴിഞ്ഞില്ല. തോക്കിൻ മുനയിൽ നിന്ന് വീണ്ടും ഞാൻ രക്ഷപ്പെട്ടു. വീണ്ടും ലേബർ ക്യാമ്പിലേക്ക് അയക്കപ്പെട്ടു.
ജയിലിലായിരിക്കുമ്പോൾ ഞാൻ രഹസ്യമായി കുർബാന ചൊല്ലി. എന്നെ വിശ്വസിച്ചിരുന്നവരും ഒപ്പമുണ്ടായിരുന്നു.. കുർബാന പുസ്തകമില്ലാത്തതിനാൽ ഓർമയിൽ നിന്നാണ് പ്രാർത്ഥനകൾ ചൊല്ലിയത്. ഒരു സുഹൃത്ത് പുറത്തുനിന്ന് ബ്രഡും വൈനും കടത്തിക്കൊണ്ടു വരുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ബലിയർപ്പണം തുടർന്നു.

എപ്പോഴാണ് അങ്ങ് മോചിതനായത്.
1981-ൽ ഞാൻ ജയിൽ മോചിതനായി. ജയിലിൽ നിന്ന് ഞാൻ വീട്ടിലേക്ക് അയക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ എന്റെ വീട്ടുകാരോട് എന്നെ വിവാഹം ചെയ്ത് പൗരോഹിത്യജീവിതം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കണമെന്ന് സമ്മർദ്ദം ചൊലുത്തി. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും എന്നെ ജയിലിലേക്കയക്കുകയില്ലെന്ന് അവർ ഉറപ്പും നൽകിയിരുന്നു. ഞാൻ അവരോട് പറഞ്ഞു. ഞാൻ എന്റെ മണവാട്ടിയായ കത്തോലിക്കസഭയെ വിവാഹം ചെയ്തുകഴിഞ്ഞുവെന്ന്.

1981 മുതൽ 1991 വരെ ഞാൻ കുർബാനയർപ്പിക്കുകയും കുമ്പസാരം കേൾക്കുകയും ചെയ്തിരുന്നു. 1990 ജൂലൈ അഞ്ചിന് വീണ്ടും എന്നെ ഭരണകൂടം വിളിപ്പിച്ചു. സ്‌കോഡറിലെ എന്റെ സേവനത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാകും എന്നുകരുതി ഞാൻ ഭയപ്പെട്ടു. പക്ഷേ, അവിടെ ചെന്നപ്പോൾ അവർ എന്നോട് പറഞ്ഞത് ദൈവാലയങ്ങൾ തുറക്കുകയും ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുവാൻ പോകുന്നുവെന്ന സന്തോഷവാർത്തയായിരുന്നു.

യുറോപ്പിലും കമ്മ്യൂണിസം തകർന്നു. പക്ഷേ കത്തോലിക്കസഭയുടെ കിരീടമായിരുന്ന യുറോപ്യൻ രാജ്യങ്ങളിൽ സെക്കുലറിസം പടർന്നുപിടിക്കുന്നു.
കമ്മ്യൂണിസത്തിൽ നിന്നും ആണ് കൺസ്യൂമറിസവും മറ്റീരിയലിസവും ഉണ്ടായത്. അതിനെ ജോൺപോൾ രണ്ടാമൻ മാർപാപ്പ വിമർശിച്ചിരുന്നു. കൺസ്യൂമറിസം നമ്മുടെ പോക്കറ്റുകളും വയറുകളും ശാരീരികമായ സന്തോഷങ്ങളും നിറവേറ്റുന്നു. ധാർമ്മികത വലിച്ചെറിയപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനെ എല്ലാവരും മറന്നിരിക്കുന്നു. ദൈവത്തിനെ സന്തോഷങ്ങൾക്കു പകരം പ്രതിഷ്ഠിച്ചിരിക്കുന്നു.
ദിവ്യബലിയും ത്യാഗവും ജപമാലയും ആണ് തിന്മയെ തോല്പിക്കുവാനുള്ള ശക്തമായ മാർഗങ്ങൾ. ഈ മുന്ന് വസ്തുക്കൾകൊണ്ട് നമുക്ക് ചെകുത്താന്റെ തലതകർക്കാൻ കഴിയും.
ഫാത്തിമയിലെ പ്രവചനം ഇന്ന് നിറവേറുന്നത് നമുക്ക് കാണാം. ജനം ക്രിസ്തുവിലേക്ക് തിരിയുന്നില്ലെങ്കിൽ, അന്ധകാരം ലോകത്തെ മൂടും. ഇക്കാര്യം മറക്കാതിരിക്കുക. പ്രത്യാശയുടെ പ്രവാചകന്റെ മുഖത്ത് തികഞ്ഞ പുഞ്ചിരി മാത്രം.

ജോർജ് കൊമ്മറ്റം