അൾജീരിയൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; ദിവ്യബലിക്ക് സർക്കാരിന്റെ അനുമതി

0
231

അൾജീരിയ: ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷികളാക്കപ്പെട്ട ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്ന്യാസിമാരെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയർത്തുന്ന ദിവ്യബലിക്ക് അൾജീരിയൻ സർക്കാരിന്റെ അനുമതി. കഴിഞ്ഞ ദിവസമാണ് സന്യാസിമാരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒറാനിൽ വെച്ച് നടക്കുമെന്ന് അൾജീരിയ വിദേശകാര്യമന്ത്രി അബ്ദുൽകാഡർ മെസ്സഹൽ അറിയിച്ചത്.

മുൻപ്, 1994 നും 1996 നും ഇടയിൽ കൊല്ലപ്പെട്ട ഒറാൻ ബിഷപ്പ് പിയറി ക്ലാവറിയേയും അദ്ദേഹത്തിന്റെ 18 അനുയായികളെയും രക്തസാക്ഷികളാക്കി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു. ബിഷപ്പ് പിയറി ക്ലാവറി തന്റെ ഡ്രൈവർക്കൊപ്പം ബോംബാക്രമണത്തിലാണ് വധിക്കപ്പെട്ടത്. തീവ്രവാദ സംഘടനയായ അൽക്വയ്ദ പരിശീലനം നൽകിയ മുസ്ലീം തീവ്രവാദ സംഘം തിബിരിൻ ആശ്രമത്തിൽ അതിക്രമിച്ചുകയറി 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു.

അൾജീരിയയിൽ തുടർന്നാൽ കൊല്ലപ്പെടുമെന്ന് തിബിരിനിലെ സന്യാസിമാർക്കറിയാമായിരുന്നു. എങ്കിലും ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാനോ പ്രേഷിതപ്രവർത്തനം അവസാനിപ്പിക്കാനോ അവർ തയ്യാറായിരുന്നില്ല. ആശ്രമത്തിന്റെ പ്രിയോറായിരുന്ന ഫാ. ക്രിസ്റ്റ്യൻ ഡി ചെർജെ കൊല്ലപ്പെടുന്നതിനു മൂന്ന് വർഷം മുൻപ് എഴുതിയ കത്തിൽ താനും മറ്റുള്ള സന്യാസിമാരും സ്വമനസ്സാലേ അൾജീരിയയിലെ ജനങ്ങൾക്ക് വേണ്ടി ജീവൻ ത്യജിക്കുവാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. മുസ്ലീം തീവ്രവാദികൾ ക്രിസ്ത്യൻ മിഷണറിമാരെ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ഇസ്ലാം മതസ്ഥരും ക്രിസ്ത്യൻ മിഷണറിമാരും വളരെ സൗഹാർദ്ദപൂർവ്വമാണ് അൾജീരിയയിൽ കഴിഞ്ഞിരുന്നത്.

മുസ്ലീം-ക്രിസ്ത്യൻ സൗഹാർദ്ദത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു ബിഷപ്പ് ക്ലാവറി. ”സ്‌നേഹത്തിന്റെ വിത്തും, പ്രതീക്ഷയുടെ കാരണവുമെന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ബിഷപ്പ് ക്ലാവെറിയുടെ രക്തസാക്ഷിത്വത്തെപ്പറ്റി പറഞ്ഞത്. 2010-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രൈസ് നേടിയ ‘ഓഫ് ഗോഡ്‌സ് ആൻഡ് മെൻ’ എന്ന ചിത്രത്തിന്റെ പ്രമേയം രക്തസാക്ഷികളായ ഈ സന്ന്യാസിമാരുടെ ജീവിതമായിരുന്നു.