അൾഷിമേഴ്‌സിന് ഓർമ്മയിൽനിന്നും മായ്ക്കാനാവാത്തത്!

345

വസ്ത്രം ധരിക്കേണ്ടതെങ്ങനെയെന്നും പല്ലുതേയ്‌ക്കേണ്ടതെങ്ങനെയെന്നും മറന്ന് ഒരു കുഞ്ഞിന്റെ മാനസികാവസ്ഥയിലേക്കും അറിവിലേക്കും ചുരുങ്ങുന്ന അൾഷിമേഴ്‌സ് രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതാണ്. പക്ഷേ, അമേരിക്കയിൽ അൾഷിമേഴ്‌സ് ബാധിച്ച ഒരമ്മ വിസ്മയമായത് തന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടതിനാലല്ല, ഒരു കാര്യം ഓർത്തിരുന്നതിനാലാണ്. തന്റെ മകൾക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നുമാത്രം ആ അമ്മ മറന്നില്ല. മറ്റെല്ലാം മറന്ന ആ അമ്മയുടെ പ്രതികരണം ജീവന്റെ മഹത്വത്തെ ഓർമ്മപ്പെടുത്താൻ ഉപകരിക്കട്ടെ.

ജീവൻ ദൈവത്തിന്റെ ദാനമാണ്. അതിനെയോർത്ത് അതിയായി സന്തോഷിക്കുന്നവർ ഇപ്പോഴും ലോകത്തിലുണ്ട്. അൾഷിമേഴ്‌സ് ബാധിച്ച് യാതൊന്നിനെക്കുറിച്ചും കാര്യമായി ഓർമ്മിക്കാൻ സാധിക്കാത്ത ഒരു അമ്മയുടെ സന്തോഷം ഈ അടുത്ത ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അമ്മ ഒരു മുത്തശ്ശി ആകാൻ പോകുന്നു എന്ന വാർത്ത ഉൾക്കൊള്ളാനുളള ഓർമ്മശക്തി മാത്രം അവരിൽ അവശേഷിച്ചത് കുടുംബാംഗങ്ങളെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്.

ക്രിസ്റ്റിൻ സ്‌റ്റോൺ 38 കാരിയാണ്. തനിക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്ന കാര്യം അവൾ 77 കാരിയായ അമ്മയെ അറിയിക്കുകയാണ്. പക്ഷേ, ഓർമ്മയില്ലാത്ത, അൾഷിമേഴ്‌സ് ബാധിച്ച ആ അമ്മ ഉടൻതന്നെ അതു മറന്നുപോകും. വലിയ സന്തോഷപ്രകടനത്തിന് ശേഷമാണത്. വീണ്ടും ദിവസങ്ങൾ കഴിയുമ്പോൾ, ചിലപ്പോൾ മണിക്കൂറുകൾ കഴിയുമ്പോൾ ക്രിസ്റ്റിൻ ഈ വാർത്ത പറയും – താൻ ഗർഭിണിയാണെന്നും, കുഞ്ഞുണ്ടാകാൻ പോകുകയാണെന്നും. ആ അമ്മയുടെ മുഖത്ത് വലിയ സന്തോഷം വീണ്ടും തെളിയും. ”എന്റെ കുഞ്ഞുങ്ങൾ ഈ വീഡിയോ കാണണം. അതിനായിട്ടാണ് ഞാനിത് റെക്കോർഡ് ചെയ്തത്. അവരുടെ വല്ല്യമ്മച്ചിയ്ക്ക് ഓർമ്മയില്ലാതിരുന്നിട്ടും, അവരുടെ ജനനത്തിൽ അവർ എത്ര സന്തോഷിച്ചെന്ന്…” ക്രിസ്റ്റിൻ പറയുന്നു.

കൈയ്യടിച്ച് ആ വാർത്ത സ്വീകരിക്കുന്ന ആ അമ്മ ഇന്നത്തെ ലോകത്തിന് നൽകുന്ന തിരിച്ചറിവ് ചെറുതല്ല. എല്ലാ ഓർമ്മകളും അസ്തമിച്ചിട്ടും, പുതിയൊരു ജീവനെ സ്വാഗതം ചെയ്യേണ്ടതെങ്ങനെയെന്ന് ആ അമ്മ മറക്കാത്തതെന്ത്? മാതൃത്വം മറവിയിലേക്ക് കടക്കാത്തതെന്ത്?

സൗത്ത് കരോളിനയിൽനിന്ന് നോർത്ത് കരോളിനയിൽ എത്തി ഓരോ സമയവും അമ്മയെ എല്ലാം വീണ്ടും ഓർമ്മപ്പെടുത്തണം. ഓരോ സമയവും കരമടിച്ച് ഈ രോഗിണിയായ അമ്മ ആ വാർത്ത സ്വീകരിക്കും.

77 കാരിയായ ഈ അമ്മ ബ്രസ്റ്റ് ക്യാൻസറിനെയും നാലാം സ്‌റ്റേജിലെത്തിയ കോളോൺ ക്യാൻസറിനെയും നേരിട്ടതാണ്. 10 വർഷം മുമ്പാണ് അൾഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്. ”അമ്മ പലപ്പോഴും ചോദിച്ചതുതന്നെ വീണ്ടും വീണ്ടും ചോദിക്കും. പക്ഷേ, ഞാൻ ഗർഭിണിയാണെന്നറിയുന്നതേ ആ സന്തോഷം എന്നത്തെയും പോലും നിഷ്‌കളങ്കമായി പൊട്ടിയൊഴുകും. ജീവിതത്തിൽ ഞങ്ങൾക്കുള്ള വലിയ സന്തോഷമായിരുന്നു എല്ലായ്‌പ്പോഴും അത്.”