ആടുകളെ വിട്ട് ഓടിപ്പോകാത്ത ഇടയൻ

542

”ഫാദർ, അവർ അങ്ങയെത്തേടിയാണ് വന്നത്.” ഇങ്ങനെയാണ് ഫാ. സ്റ്റാൻലി ഫ്രാൻസിസ് അവസാനമായിത്. ഗ്വാട്ടിമാലയിലെ മിഷൻ സ്റ്റേഷനിൽ താമസിച്ചിരുന്നവരെ ഗൺപോയിന്റിൽ നിർത്തിയശേഷമാണ് അക്രമികൾ ഫാ. സ്റ്റാൻലിയുടെ അടുത്തേക്ക് പോയത്. അദ്ദേഹം അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു. അന്ന് 1981 ജൂലൈ 28- ാം തിയതിയായിരുന്നു. സമയം പുലർച്ചെ 1.30,
ഗ്വാട്ടിമാലയിലെങ്ങും പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ പുകപടലങ്ങളിലായിരുന്നു. അദ്ദേഹത്തെത്തേടി വന്ന അക്രമികൾ ലാഡിനോസ് എന്ന തദ്ദേശിയ വംശജരായിരുന്നു. അവർ കൊലയും തട്ടിക്കൊണ്ടുപോകലുമായി നാടിനെ വിറപ്പിക്കുന്ന മഹാ അക്രമികൾ.

മരണം അടുത്ത് എത്തിയെന്ന് അറിഞ്ഞപ്പോഴും ഫാ.സ്റ്റാൻലി ശാന്തനായിരുന്നു. അദ്ദേഹം ബഹളം ഉണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചില്ല. അത് ഒരു പക്ഷേ, ബന്ധിക്കളാക്കിയവരുടെ മരണത്തിലേയ്ക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം ഭയന്നു. ഏതാനും മിനിട്ടുകൾക്കുള്ളിൽ രണ്ടു വെടിയൊച്ചകൾ മുഴങ്ങി. ഫാദർ സ്റ്റാൻലി നിശ്ചലനായി നിലത്തുവീണു.

ജർമ്മനിയിലെ ഒക്‌ലാഹോമയിലെ വില്ലേജിൽ നിന്നും ഗ്വാട്ടിമാലയിലേത്തി അവിടെ രക്തസാക്ഷിയായി മാറിയ ഈ വൈദികന്റെ കഥ ദൈവപരിപാലനയുടെയും അത്ഭുതങ്ങളുടെയും ആകെത്തുകയാണ്. അടുത്തകാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവിതകഥ ‘ഓടിപ്പോകാത്ത ഇടയൻ’ എന്നത് ലോകമെങ്ങും ജനം നെഞ്ചിലേറ്റിക്കഴിഞ്ഞു.

അഞ്ചടിയിലധികം ഉയരവും ചുവന്ന താടിയുമുള്ള ആ മിഷനറി വൈദികൻ ഒക്‌ലാഹോമയിൽനിന്നുള്ള വൈദികനായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. പലവിഷയങ്ങൾക്കും സെമിനാരിയിൽ വെച്ച് അദ്ദേഹം തോൽക്കുമായിരുന്നു. ഇതറിഞ്ഞ അദേഹത്തിന്റെ അധ്യാപിക വിശുദ്ധ ജോൺ വിയാനിയെക്കുറിച്ച് ഓർമ്മിപ്പിച്ച് അദേഹത്തിന് കത്തെഴുതി. ആ കത്ത് അദേഹത്തെ പഠനത്തിൽ കൂടുതൽ ഏകാഗ്രതയിലേക്ക് നയിക്കുന്നതായിരുന്നു.

സ്റ്റാൻലി സെമിനാരിയിലായിരിക്കുമ്പോഴാണ് ജോൺ 23-ാമൻ മാർപാപ്പ സെൻട്രൽ അമേരിക്കയിലേയ്ക്ക് മിഷനറിമാരെ ആയക്കണമെന്ന് ആഹ്വാനം ചെയ്തത്. വൈകാതെ, ഓക്‌ലാഹോമ രൂപത ഗ്വാട്ടിമലയിലെ സാന്റിയാഗോയിൽ ഒരു മിഷൻ ആരംഭിച്ചു. തദ്ദേശീയരായ പാവപ്പെട്ടമനുഷ്യരായിരുന്നു അവിടുത്തെ വിശ്വാസികൾ. പട്ടം കിട്ടി എതാനും വർഷങ്ങൾക്കുള്ളിൽ ഫാ. സ്റ്റാൻലി മിഷനിലെത്തി. പിന്നീട്, നീണ്ട 13 വർഷം അദ്ദേഹം അവിടെ ജീവിതം ചെലവഴിച്ചു. മിഷനിലെത്തിയ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുവാൻ അവിടുത്തുകാർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അവർ അദ്ദേഹത്തെ പാദ്രെ ഫ്രാ ൻസിസ്‌കോ എന്ന് വിളിച്ചു.

ബലിയർപ്പിച്ച് പള്ളിമുറിയിൽ ഒതുങ്ങിക്കൂടുവാനായിരുന്നില്ല അദ്ദേഹം എത്തിയത്. ചിലപ്പോൾ ട്രക്ക് നന്നാക്കാനും പാടത്തുപണിയെടുക്കാനും അദ്ദേഹം തയാറായിരുന്നു. അവിടെ അദ്ദേഹം കർഷകരുടെ സഹകരണസംഘം സ്ഥാപിച്ചു. ഒരു സ്‌കൂളും ഹോസ്പിറ്റലും ആദ്യത്തെ കത്തോലിക്ക റേഡിയോ സ്റ്റേഷനും അദേഹമാണ് സ്ഥാപിച്ചത്. അതിലൂടെ അതിവിദൂരമായ ഗ്രാമങ്ങളിലുള്ളവർക്കുപോലും വിശ്വാസം പകർന്നുകൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വളരെ നിസ്വാർത്ഥനും ദയാലുവും സന്തോഷവാനുമായിരുന്നു ഫാ. സ്റ്റാൻലി. അദ്ദേഹത്തിനുചുറ്റും ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സ്‌നേഹം വിളിച്ചോതുന്നവയാണ്. അദ്ദേഹം അവരോടൊപ്പം അപ്പം പങ്കിടുവാനും അദ്ധ്വാനിക്കുവാനും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അദ്ദേഹത്തെ ഞങ്ങളുടെ ഫാദർ എന്ന് വിശേഷിപ്പിച്ചു.

ഗ്വാട്ടിമാലയിലെ ആഭ്യന്തരയുദ്ധത്തിന്റെ അലകൾ ഒടുവിൽ അദ്ദേഹത്തിന്റെ ഗ്രാമത്തിലുമെത്തി. തട്ടികൊണ്ടുപകലും കൊല്ലും കൊലയും നിത്യസംഭവങ്ങളായി മാറി. 1980-1981 കാലഘട്ടത്തിൽ യുദ്ധം രൂക്ഷമായി. സാഹചര്യം എന്തൊക്കയാണെങ്കിലും തിരിച്ചുപോകാൻ അദ്ദേഹം തയാറായില്ല. അദ്ദേഹം തന്റെ സ്വന്തം ഇടവകയിലെ ജനങ്ങൾക്കെഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു. ”ഇടയന് അപയാസൂചന ലഭിച്ച ഉടനെ ഓടിപ്പോകാനാകില്ല. ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിന്റെ സ്‌നേഹമായി നിലകൊള്ളാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക.”അദ്ദേഹം തന്റെ നാട്ടിലെ വിശ്വാസികളോട് അഭ്യർത്ഥിച്ചതിങ്ങനെയാണ്.

1981 ൽ അദ്ദേഹത്തിന്റെ പേരും കൊല്ലപ്പെടേണ്ടവരുടെലിസ്റ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഏതാനും മാസം അദ്ദേഹം സ്വന്തം ഇടവകയിൽ തിരിച്ചെത്തിയെങ്കിലും വലിയ ആഴ്ച അദ്ദേഹം ഗ്വാട്ടിമാലയിലേയ്ക്ക് മടങ്ങി. ഒടുവിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ അവർ വധിച്ചു. കത്തോലിക്കവിശ്വാസത്തിന്റെ പേരിൽ അദ്ദേഹം ജീവൻ സമർപ്പിച്ചു.2015 ൽ വത്തിക്കാൻ അദ്ദേഹത്തെ രക്തസാക്ഷിയായി അംഗീകരിച്ചു. 2016 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു.

ജോർജ് കൊമ്മറ്റം