ആത്മീയശുശ്രൂഷയിലെ വെല്ലുവിളി: ശുഭസൂചനയാകുന്നതെങ്ങനെ?

ആത്മീയ ശുശ്രൂഷയിൽ അഭിമുഖീകരിക്കേണ്ടി വരാവുന്ന മൂന്നു വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി 'ശാലോം പീസ് ഫെല്ലോഷിപ്പ് ഫാമിലി ഗാതറിംഗ്' വേദിയിൽ ഫാ. ജിൽറ്റോ സി.എം.ഐ

0
321

സിഡ്നി: ആത്മീയശുശ്രൂഷയിൽ വെല്ലുവിളി നേരിടേണ്ടിവരുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ. എന്തുകൊണ്ടെന്നാൽ നിങ്ങൾ ചരിക്കുന്നത് ശരിയായ മാർഗത്തിലാണ്! ആത്മീയശുശ്രൂഷയിലെ വെല്ലുവിളികൾ അനേകരെ ആശയക്കുഴപ്പത്തിലേക്ക് നയിച്ചിട്ടുണ്ട്, തെറ്റായ തീരുമാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. പക്ഷേ, പ്രസ്തുത വെല്ലുവിളികൾ നല്ല സൂചനകളാണ്. ദൈവം നമ്മെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ദൈവത്തിന് നമ്മിലൂടെ വൻകാര്യങ്ങൾ ചെയ്യാൻ പദ്ധതിയുണ്ടെന്നതിന്റെ സൂചന.

ഓസ്ട്രേലിയ സിഡ്നിയിൽ സംഘടിപ്പിച്ച ‘ശാലോം പീസ് ഫെല്ലോഷിപ്പ് ഫാമിലി ഗാതറിംഗ്’ വേദിയിൽ, ആത്മീയശുശ്രൂഷയിൽ അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികളെക്കുറിച്ച് ഫാ. ജിൽറ്റോ സി.എം.ഐ നൽകിയ മുന്നറിയിപ്പ് അനേകരെ പുതിയ ബോധ്യങ്ങളിലേക്ക് നയിച്ചു. ശുശ്രൂഷാജീവിതത്തിൽ നേരിടേണ്ടി വരാവുന്ന മൂന്നു വെല്ലുവിളികളെക്കുറിച്ചാണ്, വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അദ്ദേഹം വിശദീകരിച്ചത്.

ഓസ്ട്രേലിയ സിഡ്നിയിലെ ബക്കാം ഹിൽ സെന്റ് ജോസഫ് സെന്ററിൽ സംഘടിപ്പിച്ച ശാലോം പീസ് ഫെല്ലോഷിപ്പ് (എസ്.പി.എഫ്) ഫാമിലി ഗാതറിംഗിൽ ഫാ. ജിൽറ്റോ സി.എം.ഐ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:

ഉണ്ണിയേശുവിനെ കൈകളിലെടുക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്. ശാലോമിന്റെ മാധ്യമ ശുശ്രൂഷയിലൂടെ നാമോരുരുത്തരും യൗസേപ്പിതാവ് ചെയ്ത അതേകാര്യത്തിൽ തന്നെ സഹകാരികളാകുകയാണ്. ശാലോമിന്റെ ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്ന പ്രേക്ഷകരിൽ ഈശോ ജനിക്കുന്നുണ്ട്. തന്റെ യൗവ്വനം യേശുവിനെ വളർത്താനും മറിയത്തെ ശുശ്രൂഷിക്കാനും സമർപ്പണം ചെയ്തപ്പോൾ യൗസേപ്പിതാവ് മൂന്ന് പ്രധാനപ്പെട്ട പ്രലോഭനങ്ങൾ നേരിട്ടു.

ശുശ്രൂഷ ഉപേക്ഷിക്കാം?

മറിയത്തെ ഉപേക്ഷിക്കുക എന്നതായിരുന്നു യൗസേപ്പിതാവ് നേരിട്ട ഏറ്റവും പ്രധാന പ്രലോഭനം. ശാലോം എസ്.പി.എഫ് അംഗമായിനിന്ന് യേശുവിനെ ലോകത്തിന് കൊടുക്കാൻ ശ്രമിക്കുന്ന നമുക്കും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഇതേ പ്രലോഭനം നേരിടേണ്ടി വന്നേക്കാം. ശുശ്രൂഷയെ ഉപേക്ഷിക്കാനുള്ള ഒരു പ്രലോഭനം, ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പണത്തെ വേണ്ടെന്നുവെക്കാനുള്ള പ്രലോഭനം. നമ്മിൽനിന്ന് ദൈവം ഏറ്റവും വലിയ സമർപ്പണം പ്രതീക്ഷിക്കുന്ന സമയത്താവും ശുശ്രൂഷയിൽനിന്ന് പിൻവലിയാനുള്ള പ്രലോഭനം ഉണ്ടാകുക. ഈ സമയം നാം ഭയപ്പെടരുത്.

ആരെങ്കിലും ശുശ്രൂഷയേയോ സമർപ്പണത്തെയോ ഉപേക്ഷിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിൽ ദൈവം നിങ്ങളെ ഉപയോഗിക്കുന്നതിന്റെ ആദ്യതെളിവാണത്. ശുശ്രൂഷയോട് ചേർന്നുനിൽക്കുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇത് ഉപേക്ഷിക്കണമെന്ന ചിന്ത നിങ്ങളുടെ മനസിനെ അലട്ടുന്നുണ്ടെങ്കിൽ ദൈവം ശക്തമായ രീതിയിൽ നിങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അർത്ഥം. അപ്പോൾ ഭയപ്പെടാതെ ദൈവം നമ്മെ വലിയ കാര്യങ്ങൾക്കുപയോഗിക്കുന്നതിനെ ഓർത്ത് നന്ദിപറയണം.

തീരുമാനം തെറ്റാണ്?

യൗസേപ്പിതാവ് നേരിട്ട രണ്ടാമത്തെ പരീക്ഷണമായിരുന്നു സംശയം. ദൈവപദ്ധതിയിൽ സഹകാരിയായ യൗസേപ്പിതാവ് നേരിട്ട പരീക്ഷണമായിരുന്നു സംശയത്തിന്റേത്. പരിശുദ്ധാത്മാവിൽനിന്നാണ് മറിയം ഗർഭിണിയായത്. എന്നാൽ, അവളെ സ്വീകരിക്കണമോ എന്ന സംശയത്തിന്റെ പ്രലോഭനമാണ് യൗസേപ്പിതാവ് നേരിട്ടത്. ദൈവശുശ്രൂഷകർക്കും തങ്ങൾക്ക് ഈ വിളിയുണ്ടോ എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്. ഏതെങ്കിലുമൊരു ഘട്ടത്തിൽ ശുശ്രൂഷയോട് ചേർന്ന് സമർപ്പണം നടത്തി മുന്നേറുമ്പോൾ നാം അഭിമുഖീകരിക്കുന്ന രണ്ടാമത്തെ പീഡയാണിത്.

ഒരുവർഷത്തേക്ക് ജോലി വേണ്ടെന്നുവെച്ച് കമ്മിറ്റ്മെന്റെ ഏറ്റെടുത്തയാൾത്ത് താൻ എടുത്ത തീരുമാനം ശരിയാണോ എന്ന് സംശയം. എന്നാൽ, ഭയപ്പെടരുത്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് യേശു വെളിപ്പെടുത്തിക്കൊടുക്കുന്ന ഒരു കാര്യമുണ്ട്. തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്ന ഒരാത്മാവിനേക്കാളുമുപരി ദൈവത്തെ സന്തോഷിപ്പിക്കുന്നത് ദൈവത്തെ സംശയിക്കുന്ന ഒരാത്മാവിനെയാണ്. അതായത് ഒരാത്മാവ് ദൈവത്തിനുവേണ്ടി ദൈവത്തെ സംശയിക്കുമ്പോൾ അത് ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നു. ഫൗസ്റ്റീനയ്ക്ക് ഈശോയുടെ പ്രചോദനങ്ങൾ അന്തരാത്മാവിൽ കിട്ടുമ്പോൾ ഫൗസ്റ്റീന അങ്ങൊരു ഭൂതമാണോയെന്നും പ്രേതമാണോയെന്നും അങ്ങ് യഥാർത്ഥത്തിൽ ദൈവമാണോയെന്നും യേശുവിനോട് ചോദിക്കും. എന്നാൽ യേശു ഫൗസ്റ്റീനയോട് പറയുന്നത് ഇപ്രകാരമാണ്, “കുഞ്ഞേ എനിക്കുവേണ്ടി നീ എന്നെ സംശയിക്കുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു”.

സംശയമാണ് ഈ കാലഘട്ടത്തിന്റെ വലിയൊരു ദുരന്തം. എല്ലാം അറിയുന്നവർക്കും ഒന്നും അറിയാത്തവർക്കുമാണ് സംശയമില്ലാത്തത്. യൗസേപ്പിന് സംശയമുണ്ടായതുകൊണ്ടാണ് സ്വപ്നത്തിൽ ദൂതൻ പ്രത്യക്ഷനായി സംശയനിവാരണം നടത്തിയത്. ശുശ്രൂഷയോട് ചേർന്നുനിൽക്കുമ്പോൾ സംശയമുണ്ടാകുന്നുണ്ടെങ്കിൽ ഭയപ്പെടരുത്. ദൈവം സംസാരിക്കാൻ പോകുന്നതിന്റെ സൂചനയാണ് നിന്റെ മനസിലെ സംശയങ്ങൾ. ശുശ്രൂഷയുടെ ഒന്നും രണ്ടും മൂന്നും വർഷങ്ങൾ പിന്നിടുമ്പോൾ സംശയങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അത് വളർച്ചയുടെ ലക്ഷണമാണ്.

ആത്മീയ ശുശ്രൂഷയ്ക്കായി സമർപ്പണം നടത്തിയശേഷം ഹൃദയത്തിൽ സംശയമുളവായിട്ടുണ്ടെങ്കിൽ ഭയപ്പെടരുത്. നിന്റെ ആത്മാവ് വളരുന്നതിന്റെ അടയാളമാണിത്. ഒരു സംശയവും വന്നിട്ടില്ലെങ്കിൽ ഭയപ്പെടണം. സ്വർഗം വളരെയധികം സന്തോഷത്തോടെയാണ് നിങ്ങളുടെ ഈ സമർപ്പണത്തെ കാണുന്നത്. വളരെ വേഗത്തിലാണ് ഈ മണ്ണിൽ കർത്താവ് ഈ ശുശ്രൂഷയെ വളർത്തുന്നത്. പ്രാർത്ഥിക്കുന്ന മക്കൾ വളരുന്നതിനനുസരിച്ച് ആ ദേശത്തെ കർത്താവ് അനുഗ്രഹിക്കും.

ഭാവിയില്ല?

യൗസേപ്പിതാവ് നേരിട്ട മൂന്നാമത്തെ പ്രലോഭനം അനിശ്ചിതത്വമാണ്. ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന ഏതൊരാളും ഈ പീഡയനുഭവിക്കും. നാളെയെന്ത് സംഭവിക്കും എന്ന് മുൻകൂട്ടി പറഞ്ഞിട്ടല്ല ദൈവം നമ്മെ വിളിക്കുന്നത്. എന്നാൽ, വിളിച്ചവൻ വിശ്വസ്തനാണെന്നും അവൻ നമ്മെ പരിപാലിക്കുമെന്നും നമുക്കുറപ്പുണ്ട്. കർത്താവിൽ ആശ്രയിക്കുന്നവർ ഭഗ്നാശരാവുകയില്ല, പരാജയപ്പെടാൻ ദൈവം അനുവദിക്കില്ല. എന്തിനാണ് ദൈവം അനിശ്ചിതത്വം അനുവദിക്കുന്നതെന്ന് നാം മനസിൽ ചോദിച്ചേക്കാം. സമർപ്പണത്തിന്റെ വഴിയിൽ ദൈവം അനുശ്ചിതത്വം അനുവദിക്കുന്നത് നമ്മുടെ ആശ്രയത്വം വർധിപ്പിക്കാനാണ്.

അനിശ്ചിതത്വം വർധിക്കുമ്പോൾ നാം നന്ദിപറയണം. കാരണം, നാമറിയാതെ നാം യേശുവിന്റെ കരങ്ങളെ മുറുകിപ്പിടിക്കുകയാണ് ചെയ്യുന്നത്. ആത്മാവിന്റെ ആശ്രയത്വമാണ് ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒരാത്മാവിൽ ദൈവം പ്രവർത്തിക്കണമെങ്കിൽ ആത്മാവ് സ്വയം പ്രവർത്തിക്കുന്നത് നിർത്തണമെന്ന് വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറയുന്നുണ്ട്. നാം ദൈവത്തെ ആശ്രയിക്കാനാരംഭിക്കുമ്പോൾ നാം തനിയെ പ്രവർത്തിക്കുന്നത് നിർത്തണം. നമ്മുടെ സമർപ്പണത്തെയാണ് കർത്താവ് മാനിക്കുന്നത്. ദൈവം നമ്മെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിന്റെ അടയാളമാണ് ഈ മൂന്ന് പ്രലോഭനങ്ങളും. പ്രലോഭനമുള്ളിടത്തേ ആത്മാവിന് വളർച്ചയുള്ളൂ.