ആധുനികവല്ക്കരണം ആത്മീയമൂല്യങ്ങളുടെ തിരസ്‌കരണമല്ല: കർദിനാൾ ഗ്രേഷ്യസ്

0
261

ആധുനികവല്ക്കരണം ആത്മീയമൂല്യങ്ങളുടെ തിരസ്‌കരണമല്ല, മറിച്ച് കൈകോർക്കലായി മാറണമെന്ന് മുംബൈ അതിരൂപതാധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ബാന്ദ്ര സെന്റ് ആൻഡ്രൂസ് കോളജിൽ നടന്ന മതാന്തര സാംസ്‌കാരിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കയ്യിൽ ആത്മീയ മൂല്യങ്ങളും മറുകയ്യിൽ സാങ്കേതിക വിദ്യ പകർന്നു തരുന്ന വിജ്ഞാനവുമായി മുന്നേറണം. ശാസ്ത്രവും വിശ്വാസവും തമ്മിൽ സംഘർഷങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സങ്കുചിത ചിന്തകളെ ഇല്ലാതാക്കും. സമാധാനത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാണ് കത്തോലിക്കാ സഭ എന്നും ശ്രമിച്ചിട്ടുള്ളത്.
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കും പാവപ്പെട്ടവർക്കുംവേണ്ടി സഭ എന്നും പ്രവർത്തിക്കുമെന്നും കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു. മതസൗഹാർദ്ദം വളർത്തുന്നതിൽ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. മതപരമായ അസഹിഷ്ണുതകളെയും മുൻവിധികളെയും മാറ്റിനിർത്താൻ വിദ്യാഭ്യാസത്തിന് സാധിക്കും. മനുഷ്യമനസുകളെ പ്രകാശിപ്പിക്കുന്നത് വിദ്യാഭ്യാസമാണ്; കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു.

ഇന്ത്യയിലെ കത്തോലിക്കാ സ്‌കൂളുകൾ ഭീഷണികളുടെയും കയ്യേറ്റങ്ങളുടെയും നടുവിലാണ് ഇപ്പോൾ. ഇത്തരം സാഹചര്യത്തിൽ എല്ലാ വിഭാഗം വിദ്യാർ ത്ഥികളെയും അധ്യാപകരെയും ഉൾക്കൊണ്ട് സമാധാനവും സൗഹാർദ്ദവും ക്ഷമയും പരിശീലിപ്പിക്കുന്നതിൽ പ്രാധാന്യം നൽകുകയും വേണം. ക്ഷമയുടെയും അനുരജ്ഞനത്തിന്റെയും പാഠങ്ങളായിരിക്കണം അവർ അവിടെനിന്നും അഭ്യസിക്കേണ്ടത്.

മതങ്ങൾക്ക് തമ്മിൽ സമാധാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്ത് സമാധാനം സംജാതമാക്കാൻ കഴിയില്ലെന്ന് കർദിനാൾ ഗ്രേഷ്യസ് ഓർമിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിൽ സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങി നിരവധി മേഖലകളിൽ അന്തരമുണ്ട്.

വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രാജ്യം പുലർത്തുന്ന ഐക്യമാണ് വേറിട്ടതാക്കുന്നതെന്ന് കർദിനാൾ പറഞ്ഞു.
മതപരമായ സഹകരണത്തെ എക്കാലവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കത്തോലിക്കാ സ്ഥാപനങ്ങൾ പുലർത്തുന്നത്. സഹോദരങ്ങളായ നമ്മൾ മതം, ജാതി, ഭാഷ, സംസ്‌കാരം തുടങ്ങിയ ഘടകങ്ങളെ മാറ്റിനിർത്തി സ്‌നേഹത്തിൽ ഒന്നിച്ചുകഴിയേണ്ടവരാണ്. ഭിന്നതകൾ ഏറിവരുന്ന ഇക്കാലത്ത് മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുവാനും സമൂഹത്തിൽ മതസൗഹാർദം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിഭാഗീയ ചിന്തകളും വേർതിരുവുകളും സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഐക്യത്തിന്റെ ആവശ്യകതയും സന്ദേശവും ജനഹൃദയങ്ങളിൽ എത്തിക്കാൻ സാധിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.
വർഗീയത, മതത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ, അസഹിഷ്ണുത തുടങ്ങി നിരവധി ഘടകങ്ങൾ ദേശീയോത്ഗ്രഥനത്തിന് തടസമായി ഉയർന്നുവരുകയാണ്. ഈ സാഹചര്യത്തിൽ ഇതിനെല്ലാം എതിരായി പുതിയ തലമുറയെ ബോധവല്ക്കരിക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ.
പലവിധത്തിലുള്ള വ്യത്യസ്തതകൾ നിലനില്ക്കുമ്പോഴും പരസ്പരബഹുമാനത്തിന്റെയും ആദരവിന്റെയും സംസ്‌കാരം പുതിയ തലമുറ പഠിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്; കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു.