ആഭ്യന്തരകലഹം ഉള്ളതൊന്നും നിലനിൽക്കുകയില്ല

0
111

മർക്കോസ് മൂന്നാം അധ്യായം ആരംഭിക്കുന്നത് സാബത്തുദിവസം സിനഗോഗിൽവച്ച് യേശു കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്ന സംഭവം വിവരിച്ചുകൊണ്ടാണ്. സാബത്തിൽ രോഗശാന്തി നൽകുന്നത് കണ്ട ഫരിസേയർ ഉടൻ പുറത്തേക്കിറങ്ങി യേശുവിനെ നശിപ്പിക്കാൻവേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി. അടുത്ത ദിവസവും യേശു ധാരാളം രോഗികളെ സുഖപ്പെടുത്തി. അശുദ്ധാത്മാക്കളെ പുറത്താക്കി. തിരക്കുകാരണം ഭക്ഷണം കഴിക്കുവാൻപോലും യേശുവിന് കഴിഞ്ഞില്ല. ഇതുകേട്ട് യേശുവിന്റെ സ്വന്തക്കാർ യേശുവിനെ പിടിച്ചുകൊണ്ടുപോകുവാൻ പുറപ്പെട്ടു. യേശുവിന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അവർ കേട്ടത്. ജറുസലേമിൽനിന്നു വന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബെൽസബൂൽ ബാധിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെകൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അപ്പോൾ യേശു അവരെ അടുത്തുവിളിച്ച് ഏതാനും ചോദ്യങ്ങൾ ചോദിച്ചു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കുവാൻ കഴിയുക? അന്തഃഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തഃഛിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തല ഉയർത്തുകയും ഭിന്നിക്കുകയും ചെയ്താൽ അവന് നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും.
യേശു നടത്തിയ രണ്ട് പ്രവചനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാം. ഒന്ന്, അന്തഃഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. രണ്ട്, അന്തഃഛിദ്രമുള്ള ഭവനം നിലനിൽക്കുകയില്ല. ഈ ലേഖനം എഴുതുന്നതിനുവേണ്ടി ഞാൻ അന്തഃഛിദ്രമുള്ള ചില രാജ്യങ്ങളുടെ കാര്യം പരിശോധിച്ചു. യേശു പറഞ്ഞ വചനംവച്ച് ഈ രാജ്യങ്ങളെ മനസിലാക്കാൻ ശ്രമിച്ചു. കണ്ടെത്തിയ ചില കാര്യങ്ങൾ.
ഒന്ന്, അന്തഃഛിദ്രമുള്ള നിരവധി രാജ്യങ്ങൾ, ആഭ്യന്തര കലഹം നടക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്ത് ഉണ്ട്. മ്യാൻമർ, ഇന്തോനേഷ്യ, കൊളംബിയ, അഫ്ഗാനിസ്ഥാൻ, ടർക്കി, സോമാലിയ, സുഡാൻ, പാക്കിസ്ഥാൻ, പരാഗ്വെ, സിറിയ, സെൻട്രൽ ആഫ്രിക്ക, സൗത്ത് സുഡാൻ, ഇറാക്ക്, ലിബിയ, യെമൻ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ആഭ്യന്തര കലഹം കുറഞ്ഞതോ കൂടിയതോ ആയ അളവിൽ നടക്കുന്ന വേറെയും രാജ്യങ്ങളുണ്ട്.
രണ്ട്, ആഭ്യന്തരകലഹം നടക്കുന്ന രാജ്യങ്ങളിൽ ധാരാളം പേർ കൊല്ലപ്പെടുന്നു. കുറച്ച് ഉദാഹരണങ്ങൾ പറയാം. സിറിയ 49724 പേർ, ഇറാക്ക് 23898, അഫ്ഗാനിസ്ഥാൻ 23539, മെക്‌സിക്കോ 12224, ഈജിപ്ത് 1707, കോംഗോ 1565, യെമൻ 8375, എത്യോപ്യ 11314. ആഭ്യന്തരകലഹംമൂലം ധാരാളം അഭയാർത്ഥികൾ ഉണ്ടായിട്ടുണ്ട്. അത്തരം രാജ്യങ്ങളിൽ അഭയാർത്ഥികളിൽ വലിയൊരു സംഖ്യ എല്ലാം നഷ്ടപ്പെട്ട് അതാത് രാജ്യത്തുതന്നെ ജീവിക്കുന്നു. മറ്റൊരു കൂട്ടർ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ഇതാണ് അഭയാർത്ഥികളുടെ കുറച്ച് കണക്കുകൾ. ഇന്തോനേഷ്യ 9,562, കൊളംബിയ 1,03,150, അഫ്ഗാനിസ്ഥാൻ 25,96,270, ടർക്കി 63,892, സൊമാലിയ 11,06,934, സുഡാൻ 6,59,408, പാക്കിസ്ഥാൻ 3,15,805, സിറിയ 38,69,626, സൗത്ത് സുഡാൻ 6,59,408, ഇറാക്ക് 3,69,954. ലോകത്തിലെ മൊത്തം അഭയാർത്ഥികളുടെ എണ്ണം 2016 അവസാനം ഏകദേശം ആറരക്കോടി ജനങ്ങളാണ്. ലോകത്തിലെ ഓരോ 113 പേരിൽ ഒരാൾ അഭയാർത്ഥിയാണ് എന്നാണ് കണക്ക്. ഓരോ മൂന്നു സെക്കന്റിലും ഒരാൾ അഭയാർത്ഥിയാകുന്നുവെന്നും കണക്കാക്കുന്നു. അഭയാർത്ഥികൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്: അക്രമം, യുദ്ധം, മതപീഡനം, ദാരിദ്ര്യം തുടങ്ങിയവ. ആകെ അഭയാർത്ഥികളിൽ നാലുകോടിയോളം പേർ അതാത് രാജ്യത്തുതന്നെ അഭയാർത്ഥികളായി കഴിയുന്നു. ഇവരിൽ അധികവും കടുത്ത ആഭ്യന്തര കലഹം നടക്കുന്ന സിറിയ, ഇറാക്ക്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ആകെ അഭയാർത്ഥികളിൽ രണ്ടേകാൽ കോടിയോളം മറ്റു രാജ്യങ്ങളിൽ അഭയം തേടി. ഏറ്റവും കൂടുതൽ ആളുകൾ രാജ്യം വിട്ട് ഓടിപ്പോയത് വർഷങ്ങളായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽനിന്നാണ്. ഏകദേശം 55 ലക്ഷം പേർ ഒരു വർഷംതന്നെ അഭയാർത്ഥികളായി രാജ്യം വിട്ടു.
മൂന്നാമത്തെ കാര്യം ഇതാണ്. നിരന്തരമായ ആഭ്യന്തരകലഹം ഉണ്ടാകുന്ന രാജ്യങ്ങളിൽ സാമ്പത്തിക പുരോഗതി ഇല്ല. സാമ്പത്തിക പുരോഗതിക്കുവേണ്ടി ചെലവഴിക്കേണ്ട പണവും മനുഷ്യവിഭവവും സമയവുമെല്ലാം കലാപത്തിനായി ചെലവഴിക്കുകയാണ്. നാലാമത്തെ കാര്യം ഇതാണ്: ഈ രാജ്യങ്ങളിൽ കഴിയുന്ന മനുഷ്യർക്ക് മനഃസമാധാനത്തോടെ ജീവിക്കുവാൻ കഴിയുന്നില്ല.
അഞ്ചാമത്തെ കാര്യം: ആഭ്യന്തര പ്രശ്‌നങ്ങളും കലാപങ്ങളും ഭിന്നതകളും കാരണം താഴെ പറയുന്ന രാജ്യങ്ങൾ അടുത്ത 20-30 വർഷങ്ങൾക്കുള്ളിൽ വിഭജിക്കപ്പെട്ടുപോകാൻ സാധ്യത ഉണ്ട്. സ്‌പെയിൻ, ബെൽജിയം, ഇറാക്ക്, ലിബിയ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ ഉദാഹരണങ്ങൾ.
ആറാമത്തെ കാര്യം ഇതാണ്: മേൽവിവരിച്ച ഉദാഹരണങ്ങൾ എല്ലാം കാണിക്കുന്നത് യേശു പറഞ്ഞ പ്രവചനം എത്രയോ ശരിയാണ് എന്നതാണ്. അതായത്, അന്തഃഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല.
ഏഴാമത്തെ കാര്യം: അന്തഃഛിദ്രമുള്ള ഭവനം നിലനിൽക്കുകയില്ല. ഇക്കാര്യം സഭകൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കുടുംബങ്ങൾക്കും ബാധകമാണ്. പ്രൊട്ടസ്റ്റന്റ് വിപ്ലവം ഉണ്ടായതുവഴി കത്തോലിക്ക സഭ വിഭജിക്കപ്പെട്ടു. ആഭ്യന്തരകലഹം കേരളത്തിലെ ചില സഭകളിൽ ഉണ്ടാക്കിയ വിഭജനം നമുക്കറിയാം. അവയൊന്നും പുരോഗതി പ്രാപിക്കുന്നില്ല. അഥവാ അവയൊക്കെ നശിച്ചുകൊണ്ടിരിക്കുന്നു.
എട്ടാമത്തെ കാര്യം: ആഭ്യന്തര കലഹം എല്ലാവർക്കും നഷ്ടക്കച്ചവടം ആണ്. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും നഷ്ടം. രാജ്യത്തിന് നഷ്ടം. ലോകത്തിന് നഷ്ടം. പക്ഷേ, എത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ആരും പഠിക്കുന്നില്ല. ആഭ്യന്തര പ്രശ്‌നങ്ങൾ കൂടവരികയാണ്.
അടുത്ത കാര്യം ഇതാണ്: എന്തുകൊണ്ടാണ് രാജ്യങ്ങളിലും സഭകളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ഇത്ര ഭിന്നതകൾ ഉണ്ടാകുന്നത്? ഒന്നാമത്തെ കാരണം, നീതിനിഷേധമാണ്. നീതിയോടെ പ്രവർത്തിക്കേണ്ടവർ അങ്ങനെ പ്രവർത്തിക്കാതിരിക്കുമ്പോൾ കുറെ പേർക്ക് നഷ്ടങ്ങൾ ഉണ്ടാകുന്നു, മുറിവേൽക്കുന്നു. അവർ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. സ്വാർത്ഥതയാണ് ആഭ്യന്തരപ്രശ്‌നങ്ങളുടെ മറ്റൊരു കാരണം. മതം, ജാതി, സ്വജനപക്ഷപാതം, ശത്രുത, പ്രതികാരചിന്ത ഇങ്ങനെ പലതും ഈ സ്വാർത്ഥതയുടെ പുറകിൽ ഉണ്ടാകും.
അതിനാൽ, നമുക്ക് സമാധാനമുള്ള ലോകവും സഭയും വേണ്ടേ? സമാധാനമുള്ള കുടുംബങ്ങൾ വേണ്ടേ? എന്താണ് പോംവഴി? മനുഷ്യൻ ദൈവകൽപനകൾ പാലിച്ച് ജീവിച്ചു തുടങ്ങുക എന്നതാണ് പരിഹാരം. എല്ലാവരും ദൈവികനിയമങ്ങൾ അനുസരിച്ച് ജീവിച്ചാൽ നീതിനിഷേധം ഉണ്ടാവുകയില്ല. സ്വാർത്ഥത ഉണ്ടാവുകയില്ല. സ്‌നേഹം, സഹകരണം എന്നിവയെല്ലാം ഉണ്ടാകും. നമുക്ക് ഇതിനൊക്കെവേണ്ടി കൂടുതൽ പ്രാർത്ഥിക്കാം. നമ്മെക്കൊണ്ട് പറ്റുന്നതുപോലെ ദൈവകൽപനകൾ പാലിച്ച് ജീവിക്കാം.

ഫാ. ജോസഫ് വയലിൽ CMI