ആലംബഹീനർക്കുള്ള സേവനം ദൈവികകടമ: മാർ ആലഞ്ചേരി

0
331

കൊച്ചി: മറ്റുള്ളവർക്ക് മുന്നിൽ നാം ദൈവകാരുണ്യത്തിന്റെ മുഖമായി മാറണമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആലംബഹീനർക്കും പാവങ്ങൾക്കുമായുള്ള സേവനം ഏറ്റവും ദൈവികമായ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈ.എം.സി.എയുടെ 174-ാം സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”നമ്മൾ പ്രവർത്തിക്കുമ്പോൾ ദൈവം സഹായിക്കുന്നുവെന്ന ചിന്ത ശരിയല്ല. ദൈവം നമ്മളിലൂടെ പ്രവർത്തിക്കുകയാണ്. ദൈവത്തിന് ആരോടും പ്രത്യേക പരിഗണനയില്ല. എല്ലാവരും സമന്മാരാണ്. വ്യത്യസ്തമായ നിയോഗങ്ങൾ ഓരോ വ്യക്തിയിലൂടെയും നടപ്പാക്കുന്നുവെന്നുമാത്രം. വൈ.എം.സി.എ ഈ ഭരണസമിതിയുടെ കാലത്ത് ഒരു കോടിയിലേറെ രൂപ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിച്ചു എന്നത് മഹത്തായ കാര്യമാണ്” ; കർദിനാൾ ചൂണ്ടിക്കാട്ടി.
വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, വേൾഡ് അലയൻസ് ഓഫ് വൈ.എം.സി.എ മുൻ ഡപ്യൂട്ടി പ്രസിഡന്റ് ഡോ. സാമുവൽ സ്റ്റീഫൻ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ. റോളണ്ട് വില്യംസ്, ഷെട്ടിയാൻ, റീജനൽ ചെയർമാന്മാരായ വി. അശോകൻ സോളമൻ, പ്രഫ. ജോയ് സി. ജോർജ്, ഏഷ്യ പസിഫിക് അലയൻസ് വൈ.എം.സി.എ വിമൻസ് ഫോറം വൈസ് ചെയർപേഴ്‌സൻ കുമാരി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.