ആ പിഞ്ചു കുഞ്ഞിന്റെ മുഖം …

0
1097

ആ പിഞ്ചു കുഞ്ഞിന്റെ മുഖം …
വൈകല്യങ്ങളുമായി പിറന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കന്‍മാര്‍ക്കുമായി ഡോ. എബി ലൂക്കോസ് എഴുതിയ ഒരു കഥയാണിത്. എന്നാല്‍ നൂറുകണക്കിനാളുകളുടെ സങ്കടങ്ങളും വ്യഥകളും കേട്ട എബിയുടെ ഈ എഴുത്തിന് പിന്നില്‍ അനുഭവങ്ങളുടെ സ്പര്‍ശവുമുണ്ട്.

അടികിട്ടിയവനെപ്പോലെ അനക്കമില്ലാതെ ഇരിക്കുകയാണ് ജെറി. കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം പോലും ആയിട്ടില്ല. തല്‍ക്കാലം കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത സംശയമാണ് മെറിന്‍ പറയുന്നത്.

കിറുകൃത്യമായി വന്നു കൊണ്ടിരുന്ന പിരീഡ്‌സ് വരാതായിട്ട് ഇതിപ്പോള്‍ ഒരാഴ്ച ആയി. ആഗ്രഹിക്കാത്തത് സംഭവിക്കാതിരിക്കാന്‍ അവര്‍ മുത്തപ്പന് തിരിയൊക്കെ നേര്‍ന്നിരിക്കുന്നു.

ഇരു വീട്ടുകാരും അറിയുന്നതിനു മുന്‍പേ കളയണം… അതിനു മുന്‍പ് ഡോക്ടറെക്കണ്ട് കാര്യമതു തന്നെയാണെന്ന് ഉറപ്പിക്കുകയും വേണം. തികഞ്ഞ ഈശ്വര വിശ്വാസികളായി പിറന്ന പിള്ളേര്‍ക്ക് സ്വന്തം കാര്യം വന്നപ്പോള്‍ വിശ്വാസമൊന്നുമില്ല..

പ്രണയത്തിന്റെ മധുരമൊക്കെ രുചിച്ചു തുടങ്ങുമ്പോള്‍ത്തന്നെ പ്രാരാബ്ദം ചുമക്കണ്ട എന്നുറപ്പിച്ചിട്ടാണ് അവര്‍ ഡോക്ടറെ കാണാനെത്തുന്നത്.

പരിശോധനകള്‍ക്കൊടുവില്‍ അവര്‍ വായ് തുറക്കുന്നതിനു മുമ്പുതന്നെ ചെറുചിരിയോടെ ഡോക്ടര്‍ അതു പറഞ്ഞു.

”ഒരു ജീവന്‍ സുഖമായി അകത്തുണ്ട്. കണക്കുകള്‍ പ്രകാരം അടുത്ത ഡിസംബര്‍ 25 ആണ് ഡേറ്റ് കാണിക്കുന്നത്… ഉണ്ണീശോയെ വേണോ വേണ്ടയോ എന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം..”

എല്ലാം മനസിലുറപ്പിച്ചാണ് പോയതെങ്കിലും ഡോക്ടര്‍ പറഞ്ഞ തീയതിയില്‍ അവര്‍ തെന്നി വീണു.

ക്രിസ്മസ് ദിനത്തിലൊരു കുഞ്ഞ്… ചിന്തിക്കാന്‍ പറ്റാത്ത സൗഭാഗ്യമല്ലേ അത്? വീട്ടിലെ എല്ലാ മുഖങ്ങളിലും സന്തോഷമാണ്. കൂട്ടുകാരികളുടെ കള്ളച്ചിരിയൊക്കെ മെറിന്‍ കാണുന്നുപോലുമില്ല. കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് ദിവ്യപ്രഭയുള്ള ഒരു മുഖം.

അവനും അവളും ഒരുപാട് മാറിയിരിക്കുന്നു. കളിചിരികള്‍ തീരുന്നതിനു മുമ്പായിരുന്നെല്ലോ കല്യാണം… പൊട്ടിപ്പെണ്ണിന് പൊട്ടന്‍ കൂട്ടെന്നു പറഞ്ഞവരൊക്കെ ഇപ്പോള്‍ പൊട്ടന്‍മാരായതുപോലെ.

പെണ്‍കുട്ടികള്‍ ഋതുമതികളാകുമ്പോഴും ഇങ്ങനെയാണ്. ഒറ്റ ദിവസം കൊണ്ട് എങ്ങുമില്ലാത്ത പക്വത എങ്ങുനിന്നോ ഓടിയെത്തിക്കോളും.
മെറിന്റെ മുഖത്തും ഒരു ശോഭയൊക്കെ വന്നിട്ടുണ്ട്. അമ്മ മാതാവെന്ന് അവന്‍ കളിയാക്കി വിളിക്കുമ്പോള്‍ അല്‍പം അഹങ്കാരമൊക്കെ ആ മുഖത്ത് വിരിയുന്നതു കാണാം.

ഉറങ്ങുന്ന പൂമൊട്ടിന്റെ ഉള്ളമറിയുന്നത് ഉരുവാക്കിയവന്‍ മാത്രം. ഉണര്‍ന്നു കാണാനുള്ള കാത്തിരിപ്പില്‍ സുഖമുണ്ട്.. അഭിമാനമുണ്ട്

തുടക്കത്തിലേയുള്ള ഛര്‍ദ്ദി കൂടുന്നതല്ലാതെ കുറയുന്നില്ല. മെറിനതൊന്നും പ്രശ്‌നമായിരുന്നില്ല. അവതാരപ്പിറവികള്‍ക്കു പിന്നില്‍ നിറയെ സഹനങ്ങളാകുന്നു. പതിനെട്ട് ആഴ്ച കഴിഞ്ഞിട്ടുള്ള സ്‌കാനിംഗ് റിപ്പോര്‍ട്ടുമായി എത്തുമ്പോള്‍ ഡോക്ടറുടെ മുഖത്ത് പഴയ ചിരിയില്ല.

സുഷുമ്‌നയിലെ ജന്മ വൈകല്യം അസാധാരണമാണെന്നും ഉറപ്പിക്കാനായി രക്ത പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ പറയുമ്പോള്‍ അവരുടെ പ്രത്യാശയില്‍ പ്രകാശമുണ്ട്.

പരിശോധനാ ഫലം കിട്ടിക്കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ അവരോട് പറയേണ്ടി വന്നു.

ചലനശേഷിയില്ലാത്ത കാലുകളുമായി ജനിക്കേണ്ടി വരുന്ന കുഞ്ഞിന്റെ ദുരിതങ്ങളും മാതാപിതാക്കളുടെ മാനസികാവസ്ഥയുമൊക്കെ സഹതാപത്തോടെയാണ് ഡോക്ടര്‍ വിശദീകരിച്ചത്.

ആലോചിച്ചൊരു തീരുമാനമെടുക്കാന്‍ ഇരുപതാഴ്ച വരെ സമയമുണ്ടന്ന് പറയുമ്പോള്‍ പപ്പയും മമ്മിയും ദയനീയമായി നോക്കുന്നത് മെറിന്‍ കണ്ടു. നമുക്കിതു വേണ്ട മോളേ… നല്ലതിനെ ദൈവം വേറെ തരും.

തിരുപ്പിറവിക്കായി കാത്തിരിക്കുന്നവരുടെ മനസിളക്കുക എളുപ്പമായിരുന്നില്ല. ഉറ്റവരുടെ നീരസങ്ങളൊക്കെ പതിയെ വഴിമാറിത്തുടങ്ങിയെങ്കിലും രണ്ടു കുടുംബങ്ങള്‍ വിശ്വാസത്തില്‍ ആഴപ്പെടുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.

അനുഭവങ്ങളാണ് മനുഷ്യനെ പലതും പഠിപ്പിക്കുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും നിലവിളിച്ചുള്ള പ്രാര്‍ത്ഥനകള്‍ നിലംപതിക്കില്ലെന്നും ജെറിക്ക് വിശ്വാസമുണ്ട്. ശാസ്ത്രത്തെ ജയിക്കാന്‍ അനുവദിക്കില്ലെന്നുള്ള വാശി അവനുള്ളതുപോലെ… മെറിന്റെ മനസ് പാകപ്പെടുന്നത് മറ്റൊരു രീതിയിലാണ്.
എല്ലാം വിട്ടുകൊടുത്ത് ഈശ്വരഹിതത്തിനായി കാത്തിരിക്കുമ്പോള്‍ അവിടെ പ്രതീക്ഷകളില്ല. പ്രതീക്ഷകളില്ലെങ്കില്‍ ആകുലതകളും ഇല്ല. വിശ്വാസത്തിന്റെ അടുത്ത തലമാകുന്നു പ്രത്യാശ. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ സഹനങ്ങളുടെ സഹോദരന്‍….
തുടര്‍ന്നുള്ള സ്‌കാനുകള്‍ പ്രതീക്ഷയൊന്നും വേണ്ടെന്ന് പറയുമ്പോഴും ജെറിയുടെ ചിന്തകള്‍ ഉയരങ്ങളില്‍ തന്നെയാകുന്നു. ക്രൂശിതനായ ക്രിസ്തുവിനെ സ്വപ്‌നത്തില്‍ കാണുന്നവന്‍ ഞെട്ടിയുണരുമ്പോള്‍ മെറിന്‍ പറയും…. മരക്കുരിശിന്റെ തണുപ്പറിയാത്തതു കൊണ്ടാണ് നിനക്കീ ഭയം.

ഇരുപത്തിനാലാം തീയതി ഉച്ചയോടു കൂടി മെറിന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. നഗരം ക്രിസ്മസ് തിരക്കിലാണ്. തെളിയാനായി കാത്തിരിക്കുന്ന നക്ഷത്രങ്ങളാണ് വഴിവക്കുകള്‍ മുഴുവനും.. ഇടവിട്ട് വേദന വരാന്‍ തുടങ്ങിയപ്പോഴാണ് മെറിനെ പ്രസവമുറിയിലേക്ക് മാറ്റിയത്. സുഖപ്രസവമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അവളുടെ ഡോക്ടര്‍ക്ക് അനാവശ്യ ധൃതികളൊന്നുമില്ല. ആശുപത്രിയില്‍ പാതിരാ കുര്‍ബാനയുണ്ടായിരുന്നു. സാധാരണ ക്രിസ്മസ് സന്ദേശങ്ങളില്‍നിന്നും വ്യത്യസ്തമായി അന്നച്ചന്‍ പറഞ്ഞത് സഹനത്തെക്കുറിച്ചാണ്.

കാലിത്തൊഴുത്ത് മുതല്‍ മരക്കുരിശുവരെ നീളുന്ന മനുഷ്യപുത്രന്റെ കഷ്ടപ്പാടുകള്‍…..
അവന്റെ ജനനം ലോകം മുഴുവനും ആഘോഷമാക്കാനുള്ള കാരണം അവന്‍ അനുഭവിച്ച വേദനകളും ദുരിതങ്ങളുമാണെന്ന് അച്ചന്‍ പറയുമ്പോള്‍ ജെറി പ്രസവമുറിയിലേക്ക് ഓടുകയായിരുന്നു.

പുറത്തേക്കൊഴുകി വരുന്ന കുഞ്ഞിക്കരച്ചിലിനൊപ്പം പുറത്തുള്ള പലരും കരയുന്നുണ്ട്. നിറപുഞ്ചിരിയോടെ കുഞ്ഞിനെയെടുക്കുമ്പോള്‍ കഴുത്തിന്റെ പിന്നിലുള്ള ദ്വാരമൊന്നും അവരുടെ സന്തോഷത്തെ കെടുത്തുന്നില്ല. കുരിശുമായി പിറന്നു വീണവന്‍ ദൈവപുത്രന്‍ തന്നെ… ചില തിരിച്ചറിയലുകളും പിറവികളാകുന്നു… പ്രത്യാശയുടെ വെളിച്ചം നേരത്തേ കിട്ടിയവളുടെ ദൃഷ്ടിയില്‍ ജെറിക്കും ഒരു പിഞ്ചു പൈതലിന്റെ മുഖം…