ഇനി മൈക്കും ഗൗണുമില്ല പകരം ‘മൈഗോഡ്’ മാത്രം

0
1177

വെസ്റ്റ് ബെൽഫാസ്റ്റ്: ഇനി മൈക്കും ഗൗണുമില്ല പകരം ‘മൈ ഗോഡ് മാത്രം’. കോടതിയിൽ നീതിയുടെ ശബ്ദമായ പ്രശസ്ത അഭിഭാഷക എലൈൻ കെല്ലിയും ബിബിസിയിലെ മുൻ മാധ്യമപ്രവർത്തക മാർട്ടിന പർഡിയും പ്രഥമ വ്രതവാഗ്ദാനം നടത്തി. അഡോറേഷൻ സന്ന്യാസ സഭാംഗങ്ങളായ ഇരുവരും കഴിഞ്ഞ ശനിയാഴ്ചയാണ് വെസ്റ്റ് ബെൽഫാസ്റ്റിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്ലിൽ നടന്ന തിരുക്കർമ്മ മധ്യേ മദർ മേരി ജോസഫൈൻ കാൾഡ് വെല്ലിന് മുന്നിൽ പ്രഥമവ്രത വാഗ്ദാനം നടത്തിയത്. തുടർന്ന് മദർ മേരി ജോസഫൈനും സിസ്റ്റർ കാത്തലീനും ദൈവത്തോടുള്ള ആത്മീയ ഐക്യം സൂചിപ്പിക്കുന്ന കോൺഗ്രിഗേഷന്റെ ബ്രൗൺ മുഖാവരണവും അതേ നിറമുള്ള സ്‌കാപ്പുലറും മോതിരവും ഇരുവരെയും അണിയിച്ചു.

ഡൗൺ ആൻഡ് കോനർ ബിഷപ്പ് നോയൽട്രീനോർ മുഖ്യകാർമ്മികനായ പ്രഥമവ്രത വാഗ്ദാനകർമ്മത്തിൽ ഇരുവരുടെ കുടുംബവും സുഹൃത്തുക്കളും പ്രാദേശിക സമൂഹങ്ങളും പങ്കെടുത്തു. മൂന്നരവർഷം മുൻപാണ് ഇരുവരും കർത്താവിന്റെ മണവാട്ടിമാരാകാൻ അഡോറേഷൻ സന്ന്യാസസമൂഹത്തിൽ ചേർന്നത്.
പ്രഥമവ്രത വാഗ്ദാനം വളരെ മനോഹരമായ ആഘോഷമായിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം ഇതായിരുന്നെന്നും സിസ്റ്റർ എക്ലൈൻ പറഞ്ഞു.

“തങ്ങൾ ഇന്നലെ ക്രിസ്തുവിന്റെ മണവാട്ടിമാരായി. തങ്ങൾ ജീവിതം പൂർണ്ണമായും തങ്ങളുടെ മണവാളനായ യേശുവിന് സമർപ്പിച്ചിരിക്കുകയാണ്. ഇത് പരിത്യാഗത്തിന്റെ ജീവിതമാണെങ്കിലും സ്‌നേഹത്തിന്റെ ജീവിതമാണ്. തങ്ങൾ സ്വപ്‌നങ്ങളിൽ ജീവിക്കുകയാണ്‌.” സിസ്റ്റർ മാർട്ടിന പറഞ്ഞു.

അതേസമയം,’അത്ഭുതകരമായ തങ്ങളുടെ യാത്രയിലെ പ്രധാനപ്പെട്ട ഒരു ചുവട് വെയ്പ്പാണിതെന്നും ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള ഒരു വലിയ സാഹസികതയായാണ് താൻ ഇതിനെ കാണുന്നതെന്നും വ്രതവാഗ്ദാനത്തിന് മുൻപ് നടത്തിയ അഭിമുഖത്തിൽ സിസ്റ്റർ മാർട്ടിന പറഞ്ഞിരുന്നു. “ഇതിനെ വളരെ ആശ്ചര്യജനകമായാണ് തങ്ങൾ കരുതുന്നത്. ഒരു അഭിഭാഷകയും മാധ്യമപ്രവർത്തകയും ദൈവീകജീവിതം സ്വീകരിക്കുവാനും അവനായി സ്വയം സമർപ്പിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു”. സിസ്റ്റർ വ്യക്തമാക്കി.