ഇന്ധന വില വര്‍ധന: സൈക്കിള്‍ സവാരിയുമായി പുതുവ അച്ചന്‍

0
928
ഇന്ധന വില വര്‍ധന: സൈക്കിള്‍ സവാരിയുമായി പുതുവ അച്ചന്‍

തലയോലപ്പറമ്പ്: വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ സൈക്കിള്‍ സ്വന്തമായി വാങ്ങി വൈദികന്‍. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ദൈവാലയ വികാരി ഫാ.ജോണ്‍ പുതുവയാണ് ചെറിയ യാത്രയ്ക്കായി സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങിയത്.

ഫാമിലി ബജറ്റ് ചോര്‍ച്ച ഒഴിവാക്കുന്നതിനൊപ്പം പാരിസ്ഥിതിക സൗഹൃദ സന്ദേശം പ്രചരിപ്പിക്കാനും സൈക്കിള്‍ യാത്രയ്ക്ക് കഴിയുമെന്ന് ഫാ.പുതുവ വിശ്വസിക്കുന്നു. വാഹനങ്ങള്‍ പുറംതള്ളുന്ന വിഷവാതകങ്ങളില്‍ നിന്ന് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാനും വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാനും സൈക്കിള്‍ യാത്ര സഹായകകരമാകുന്നുവെന്നും ഫാ.പുതുവ പറയുന്നു.

ലോകത്ത് ഏറ്റവുമധികം സൈക്കിള്‍ യാത്രികരുള്ളത് നെതര്‍ലാന്‍ഡ്‌സാണ് . ഹൃദയരോഗങ്ങള്‍ ഏറ്റവും കുറവുള്ള രാജ്യവും നെതര്‍ലാന്‍ഡ്‌സാണ് .
ചെലവ് കുറയ്ക്കാനും, വിലവര്‍ധിപ്പിക്കുന്ന ഇന്ധന കമ്പനികള്‍ക്കെതിരെ പ്രതികരിക്കാനും പരിസ്ഥിതി സൗഹാര്‍ദ്ദ കേരളം കെട്ടിപ്പടുക്കാനും എല്ലാ സ്ഥലങ്ങളിലും സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കപ്പെടണമെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം.

ഈ ഉദ്ദേശത്തെ മുന്‍നിര്‍ത്തി തലയോലപ്പറമ്പ് ഇടവകയില്‍ സൈക്കിള്‍ ക്ലബ്ബ് രൂപീകരിച്ചു. സ്‌കൂളുകളിലും കോളേജുകളിലും അടുത്തുള്ള ഓഫീസുകളിലും ദൈവാലയത്തിലും സൈക്കിളില്‍ വരുന്ന ഒരു തലമുറ അതാണ് എന്നും വ്യത്യസ്ത കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുന്ന പുതുവ അച്ചന്റെ ലക്ഷ്യം.