ഇന്റർനെറ്റ്: കുട്ടികളുടെ സുരക്ഷിതത്വത്തിനായി വത്തിക്കാൻ

0
572

വത്തിക്കാൻ സിറ്റി: കുട്ടികളുടെ സുരക്ഷിതത്വത്തെകുറിച്ച് ചർച്ചകൾ ഉയരുമ്പോഴും അവർ ഏറെ ആശ്രയിക്കുന്ന ഇന്റർനെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്മരിക്കപ്പെടുകയാണ് പതിവ്. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി വത്തിക്കാൻ രംഗത്തുവന്നത് ശ്രദ്ധേയമായി. ഡിജിറ്റൽ ലോകത്ത് വളരുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വത്തിക്കാനിൽ നടന്ന കോൺഫ്രൻസിൽ പ്രസംഗിക്കുമ്പോഴാണ് ഏറെ കാലിക പ്രസക്തിയുള്ള ഈ വിഷയം കർദിനാൾ പരോളിൻ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അവികസിത രാജ്യങ്ങളിൽ ധാരാളം കുട്ടികൾ ഡിജിറ്റൽ ലോകത്തിൽ വളരുന്നുണ്ട്. എന്നാൽ ഇവരുടെ മാതാപിതാക്കളോ അധ്യാപകരോ ഇവരെ വേണ്ടവിധം നയിക്കുവാൻ പ്രാപ്തരല്ല. ഗവൺമെന്റുകൾക്കും ഇന്റർനെറ്റിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവുന്നില്ലെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.

അതിർവരമ്പുകളിലുള്ളവരെ സംരക്ഷിക്കണമെന്നുള്ള ഫ്രാ ൻസിസ് മാർപാപ്പയുടെ പരാമർശം സാമ്പത്തിക അതിർവരമ്പുകളിലുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്ന് കർദിനാൾ പറഞ്ഞു. ഉയർന്ന സാമ്പത്തികസ്ഥിതി ഉള്ളവരുടെ ഇടയിലും ആത്മീയവും മാനസികവുമായ ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനാവാതെ ഏകാന്തതയിൽ അകപ്പെട്ടുപോകുന്നവരുമുണ്ട്. ഇത്തരം അതിർവരമ്പുകളിലുള്ള കുട്ടികളാണ് ഓൺലൈനിലൂടെ സംഭവിക്കുന്ന അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതെന്ന് കർദിനാൾ പറഞ്ഞു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയുടെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രമാണ് കോൺഫ്രൻസ് സംഘടിപ്പിച്ചത്.