ഇറാഖി ക്രൈസ്തവരെ സഹായിക്കാൻ 2 മില്യൺ ഡോളർ നൽകും:നൈറ്റ്‌സ് ഓഫ് കൊളംബസ്

183

സെന്റ് ലൂയിസ് മോ: ഐ എസ് തകർത്ത ഇറാഖി ക്രൈസ്തവരുടെ കുടുംബത്തെ പുനരധിവസിപ്പിക്കാൻ 2 മില്യൺ ഡോളർ സമാഹരിച്ച് നൽകുമെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസ് സംഘടന.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്തോലിക്കർ താമസിച്ചിരുന്ന നിനവെപ്ലെയിനിലെ കരേമ്ലഷ് നഗരം പുനരുദ്ധരിക്കാൻ പണം സ്വരൂപിക്കുമെന്ന് സംഘടന വ്യക്തമാക്കിയത്.

തീവ്രവാദികൾ ദൈവാലയങ്ങളും സെമിത്തേരിയും തകർത്തതായും വീടുകൾ കൊള്ളയടിച്ച് നശിപ്പിച്ചതായും നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ തലവനായ കാൾ ആൻഡേഴ്‌സൺ പറഞ്ഞു.തീവ്രവാദികൾ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച നിനവെ പ്ലെയിനിലേയും കരമ്ലേഷിലേയും  ക്രൈസ്തവ കുടുംബങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താമെന്ന് തങ്ങൾ ഉറപ്പ് നൽകുന്നതായും ഇറാഖിന് ശോഭനമായ ഒരു ഭാവിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഇറാഖിന് അത്തരത്തിൽ ശുഭകരമായ ഭാവിയുണ്ടാകാൻ ക്രൈസ്തവർ സ്വതന്ത്രരും തുല്യരായ പൗരന്മാരുമായി പരിഗണിക്കപ്പെടണമെന്നും മുൻ വർഷങ്ങളിലേത് പോലെ വർഗ വിവേചനം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സെന്റ് ലൂയിസ് മോയിൽ നടന്ന നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ 135ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങുമുള്ള നൈറ്റ് കൗൺസിൽ അംഗങ്ങൾക്കൊപ്പം 12 കർദിനാൾമാരും 90 ബിഷപ്പുമാരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.കത്തോലിക്കാ വിശ്വാസികളെ ശക്തിപ്പെടുത്താനും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി 1882 ൽ വാഴ്ത്തപ്പെട്ട മിഖായേൽ ജെ എന്ന വൈദികൻ സ്ഥാപിച്ചതാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന അന്താരാഷ്ട്ര സംഘടനയെന്നും ഇപ്പോൾ 1.9 മില്യൺ  ഇതിൽ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.സേവനവും ഐക്യവും സാഹോദര്യവും ദേശസ്‌നേഹവുമാണ് സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ.

ഇറാഖിലേയും സിറിയയിലേയും പീഢനത്തിനിരയാകുന്നക്രിസ്ത്യാനികൾക്കായി 2014 മുതൽ 13 മില്യൺ ഡോളറാണ് നൈറ്റ്‌സ് ക്രിസ്ത്യൻ റിലീഫ് ഫണ്ട് സംഭാവനയായി നൽകുന്നത്.2014 ൽ സിറിയയിലേയും ഇറാഖിലേയും ക്രൈസ്തവർ താമസിച്ചിരുന്ന ചില പ്രദേശങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുക്കുകയും നിരവധി ക്രിസ്ത്യൻ കുടുംബങ്ങളെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. 2003 ലെ ഇറാഖിലെ യു എസ് അധിനിവേശത്തിന് മുൻപ്1.5 മില്യൺ ക്രിസ്ത്യാനികളായിരുന്നു ഇറാഖിൽ ജീവിച്ചിരുന്നത്.എന്നാൽ ഇപ്പോൾ അവരുടെ സംഖ്യ വെറും രണ്ടുലക്ഷത്തി അമ്പതിനായിരത്തിലേക്ക് ചുരുങ്ങി.ഇറാഖി ക്രിസ്ത്യാനികളുടെ അവസ്ഥ വളരെയേറെ പരിതാപകരമാണെന്നും ആവശ്യമായ സഹായം കിട്ടാത്ത പക്ഷം അടുത്ത രണ്ടു മാസത്തിനുള്ളിൽ അവർ ഇറാഖ് വിടുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി ക്രൈസ്തവർ അധിനിവസിച്ചിരുന്ന പ്രദേശമാണതെന്നും അവരുടെ വംശം പരിശോധിച്ചാൽ അത് ക്രിസ്തു മതത്തിന്റെ ഉത്ഭവത്തിലേക്കായിരിക്കും എത്തുകയെന്നും അവരിൽ ചിലർ ക്രിസ്തു സംസാരിച്ചിരുന്ന അരാമയ ആണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോനാ പ്രവാചകന്റെ ശവകുടീരം ഉൾപ്പടെ നിരവധി പുരാതന ദൈവാലയങ്ങൾ ഐ എസ് തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.