ഇല്ല, ബോംബുകൾക്ക് പാപ്പയെ തടയാനാവില്ല…

468

വത്തിക്കാൻ സിറ്റി: ഏപ്രിൽ മാസമവസാനം പാപ്പ നടത്തുന്ന ഈജിപ്ത് സന്ദർശനം ക്രൈസ്തവർ മാത്രമല്ല ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഓശാന ഞായറാഴ്ച ഈജിപ്തിൽ ഉണ്ടായ രണ്ട് ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റേതൊരു രാഷ്ട്രത്തലവനും മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തേക്കാവുന്ന ഈ യാത്രയുമായി ഫ്രാൻസിസ് മാർപാപ്പ മുമ്പോട്ട് പോകുമ്പോൾ ഒരു അത്ഭുതത്തിൽ കുറഞ്ഞതൊന്നും, ലോകം പാപ്പയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഓശാന ഞായറാഴ്ച് ഈജിപ്തിരെ രണ്ട് ക്രൈസ്തവ ദൈവാലയങ്ങളിലായി നടന്ന വ്യത്യസ്ത ബോംബാക്രമണങ്ങളിൽ 43ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമേവ് പ്രഥമൻ, അലക്‌സാൺഡ്രിയയിലെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് തലവൻ ത്വാഡ്രോസ് ദ്വിതീയൻ തുടങ്ങിയ ക്രൈസ്തതവ നേതാക്കളുമായുള്ള എക്യുമെനിക്കൽ കൂടിക്കാഴ്ചകൾക്ക് പുറമെ ലോകത്തിലെ ഏറ്റവും പ്രശസ്ത സുന്നിപഠനകേന്ദ്രമായ അൽ അസറിന്റെ ഗ്രാന്റ് ഇമാം അഹമ്മദ് അൽ തയിബുമൊത്തുമുള്ള സമാധാന കോൺഫ്രൻസും ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. മതത്തിന്റെ പേരിൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കത്തോലിക്ക സഭയുടെ പരമാചാര്യനും ഗ്രാന്റ് ഇമാം അഹമ്മദ് അൽ തയിബും സ്വീകരിക്കുന്ന കർക്കശമായ നിലപാടുകൾ ലോകസമാധാനത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദ ചിന്തയുടെ വേരുകൾ ഇല്ലായ്മ ചെയ്യുന്നതിൽ നിർണായകമാകും.

ഏപ്രിൽ 28ന് കെയ്‌റോയിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫാത്താഹ് ഇൽ-സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗ്രാന്റ് ഇമാമുമൊന്നിച്ച് സമാധാനത്തിനായുള്ള അന്താരാഷ്ട്ര കോൺഫ്രൻസിൽ പങ്കെടുക്കും. കോൺ്‌സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കിസ് ബർത്തലൊമേവ് പ്രഥമനും പങ്കെടുക്കുന്ന ചടങ്ങാണിത്. തുടർന്ന് അലക്‌സാൺഡ്രിയയയിലെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭാ മേധാവി ത്വാഡ്രോസ് ദ്വിതീയനും മറ്റു നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 29ന് ഈജിപ്തിലെ ബിഷപ്പുമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം വൈദികരും സന്യസ്തരും സെമിനാരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ 5 മണിയോടുകൂടി റോമിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.