ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ചു

344

കെയ്‌റോ: ഈജിപ്തിൽ നിന്ന് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയ കോപ്റ്റിക്ക് ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ചു. കഴിഞ്ഞ ജൂൺ 28 ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മർലിൻ എന്ന പെൺകുട്ടിയെ ആണ് കഴിഞ്ഞ മാസം 30 ന് പോലീസ് കണ്ടെത്തിയത്. മുൻപ് മർലിൻ മതം മാറിയതായി അറിയിച്ച് തീവ്രവാദസംഘം വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. അതേസമയം, മകളെ നിർബന്ധ മതപരിവർത്തനത്തിരയാക്കിയതായി അമ്മ ഹന്ന അസീസ് ഷുക്രല്ല പോലീസിൽ പരാതി നൽകുകയും ചെയ്തു.

എന്നാൽ, മർലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ അധികാരികൾക്ക് നിവേദനം നൽകിയതാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മർലിനെ റമദാൻ നഗരത്തിൽ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ മർലിനെ ഉപദ്രവിച്ചുവെന്നും മർലിന്റെ തിരിച്ചു വരവിൽ ദൈവത്തിനു നന്ദിപറയുന്നതായും ഇടവക വികാരി ഫാ.ബോട്രസ് ഖാലഫ് വേൾഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞു. മോചനം വേഗത്തിൽ സാധ്യമാക്കിയ പോലീസുകാർക്കും നന്ദിയറിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ കോപ്റ്റിക് ക്രൈസ്തവ പെൺകുട്ടികളെ നോട്ടമിട്ടിരിക്കുകയാണെന്ന് മുൻപ് വേൾഡ് വാച്ച് മോണിറ്റർ റിപ്പോർട്ട് ചെയ്തിരുന്നു. കോപ്റ്റിക്ക് പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിൽ സലഫി സംഘമാണെന്നായിരുന്നു വേൾഡ് വാച്ച് മോണിറ്ററിന്റെ കണ്ടെത്തൽ.

ക്രിസ്തുമതം സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചാണ് സലഫി സംഘത്തിൽപ്പെട്ട പുരുഷന്മാർ പെൺകുട്ടികളെ സമീപിക്കുന്നത്. തുടർന്നവർക്കൊപ്പം ഇറങ്ങിപോകുന്ന പെൺകുട്ടികളെ സലഫി സംഘം ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തും. ഇസ്ലാമിൽ ചേർന്ന ശേഷം ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്കെടുത്തിരിക്കുന്ന വീടുകളിലാകും പെൺകുട്ടികളെ വിവാഹം നടത്തി താമസിപ്പിക്കുക. മുൻപ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്ന ഒരാൾ വേൾഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞു.