ഇർമയെ നേരിടാൻ പ്രാർത്ഥനയുമായി കത്തോലിക്കർ; സ്ഥാപനങ്ങളും ഇടവകകളും വിട്ട് നൽകി മിയാമി രൂപത

201

ഫ്‌ളോറിഡ: മണിക്കൂറിൽ 180 മൈൽ വേഗത്തിൽ കരീബിയൻ തീരത്ത് ആഞ്ഞടിക്കുന്ന ഇർമയെ നേരിടാൻ പ്രാർത്ഥനകളും പ്രഹരശേഷി കുറയ്ക്കാനുള്ള പ്രവർത്തനങ്ങളുമായി ഫ്‌ളോറിഡ സഭയും കത്തോലിക്കരും രംഗത്ത്. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നീങ്ങുന്ന ശക്തമായ കൊടുങ്കാറ്റ് കരീബിയൻ തീരത്ത് വ്യാപക നാശനഷ്ടമാണ് വിതയ്ക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഇർമ.

ബാർബുഡയിലെ ചെറിയ ദ്വീപിലെ കെട്ടിടങ്ങൾ നിലംപരിശാക്കിയ ഇർമ വിർജിൻ ദ്വീപിലെ പ്രധാന ആശുപത്രി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്തി എന്നീ രാജ്യങ്ങൾ കഴിഞ്ഞദിവസം ആഞ്ഞടിച്ച കാറ്റിൽ വെള്ളത്തിനടിയിലായിരിക്കുകയാണ് . രാജ്യങ്ങളുടെ ഭൂപ്രകൃതി താഴ്ന്നതാണെന്നതും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതുമാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണം.

അതേസമയം, കത്തോലിക്ക റിലീഫ് സംഘടനകളും എമർജൻസി റെസ്പോൺസ് ടീമും സദാസമയം സഹായത്തിനായി രംഗത്തുണ്ട്. പകർച്ചവ്യാധി പടരാതിരിക്കാനുള്ള ശുചിത്വ വസ്തുക്കൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇവർ വിതരണം ചെയ്യുന്നതായാണ് വിവരം.

ഈ ആഴ്ചയവസാനം ഇർമ ഫ്‌ളോറിഡയലെത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. സഭാധ്യക്ഷന്മാരും കത്തോലിക്ക ഗ്രൂപ്പുകളും ഇർമയെ നേരിടാൻ സജീവമായ പ്രാർത്ഥനകളാണ് നടത്തുന്നത്. മിയാമി അതിരൂപത കൊടുങ്കാറ്റ് നേരിടാനുള്ള പദ്ധതി തയാറാക്കുകയും സ്‌കൂളുകൾ, ഇടവകകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.