ഈജിപ്തിലെ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു: ഫ്രാൻസിസ് പാപ്പ

0
382

വത്തിക്കാൻ, ഹൂസ്റ്റൺ: വിലാപത്തിന്റെ ഈ ദേശീയ മണിക്കൂറുകളിൽ താൻ ഈജിപ്തിലെ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി ഫ്രാൻസിസ് പാപ്പ. ഈജിപ്തിലെ വടക്കൻ സിനായിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം. കർദിനാൾ സെക്രട്ടറിയായ പിയാത്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം സന്ദേശത്തിലാണ് താൻ അക്രമത്തെ അപലപിക്കുന്നതായി പാപ്പ വ്യക്തമാക്കിയത്.

വെറുപ്പിനാൽ ഹൃദയം കഠിനമായവരോട് ഭീകരമായ സഹനങ്ങളിലേക്ക് നയിക്കുന്ന മാർഗം ഉപേക്ഷിക്കാനും സമാധാനത്തിന്റെ മാർഗത്തെ പുൽകാനും ആവശ്യപ്പെടുന്നവർക്കൊപ്പം താനും പങ്കുചേരുകയാണെന്നും പാപ്പ വ്യക്തമാക്കി.

അതേസമയം, താൻ തന്റെ സഹോദര ബിഷപ്പുമാരോടൊപ്പം ഈജിപതിൽ പ്രാർത്ഥനയിലായിരുന്ന ആളുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായി യു.എസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ തലവനും ഗാൽവസ്റ്റൺ ഹൂസ്റ്റണിലെ കർദിനാളുമായ ഡാനിയൽ ഡിനാർദോ പറഞ്ഞു. “ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിലോ ദൈവത്തിന്റെ പേരിലോ ഈ ഭീകരാക്രമണത്തെ ന്യായീകരിക്കാനാകില്ല. ആരാധനയുടെ സ്ഥലമായ മോസ്‌ക്കിലാണ് ഈ ആക്രമം നടന്നതെന്നാണ് സത്യം. ഇത് അങ്ങേയറ്റം ദൈവനിന്ദയാണ്. ഈ ദുരന്തകാലത്ത് യു.എസിലെ സഭ ഈജിപ്തിലെ ജനങ്ങൾക്കൊപ്പം വിലപിക്കുകയാണ്. അവർക്ക് പ്രാർത്ഥന പൂർണ്ണമായ തങ്ങളുടെ ഐക്യദാർഡ്യം ഉറപ്പുനൽകുന്നു”. അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ പലസ്തീൻ അതിർത്തി മേഖലയായ ബിൽ അൽ അബ്ദ് പട്ടണത്തിലെ അൽ റൗദ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ 235 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രാർത്ഥനയുടെ സമയത്താണ് പള്ളിയിൽ ഭീകർ സ്‌ഫോടനം നടത്തിയത്. തുടർന്ന് വാഹനങ്ങളിലെത്തിയ അക്രമികൾ പള്ളിയുടെ വാതിലുകൾക്ക് സമീപം നിലയുറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടനത്തിൽ പള്ളിയും ഭാഗികമായി തകർന്നു.

എന്നാൽ ആക്രമണം നടത്തിയവരെപ്പറ്റി കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. 2011ൽ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മേഖലയിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന ഐഎസ് തന്നെയാവും ഈ കൂട്ടക്കുരുതിയുടേയും സൂത്രധാരർ എന്നുതന്നെയാണ് സംശയം. അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസി രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെങ്ങും സുരക്ഷ ശക്തിപ്പെടുത്തി. ഭീകരാക്രമണത്തിൽ അയൽ രാജ്യമായ ഇസ്രയേൽ അനുശോചനം അറിയിച്ചു.