ഈശോയ്ക്ക് ഇഷ്ടപ്പെട്ട ഒരു ക്രിസ്മസിലേക്ക്…

0
657

മഞ്ഞു വീണുകിടന്നിരുന്ന വഴിയിലൂടെ അനുജന്റെ കയ്യില്‍ പിടിച്ച് വേഗത്തില്‍ നടക്കുമ്പോള്‍ പെദ്രോയുടെ മനസുനിറയെ മലമുകളിലുള്ള ദൈവാലയത്തിലെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങളായിരുന്നു. ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്തിരുന്ന ദൈവാലത്തിലെ ക്രിസ്മസ് ചടങ്ങുകള്‍ വളരെ പ്രശസ്തമായിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച ദൈവാലയത്തിന്റെ മറ്റൊരു ആകര്‍ഷണകേന്ദ്രം നിലത്തുനിന്നു നോക്കിയാല്‍ കാണാന്‍ കഴിയാത്ത വിധമുള്ള ഉയര്‍ന്ന മണിഗോപുരമായിരുന്നു. ക്രിസ്മസ് രാത്രിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഉണ്ണീശോക്ക് മനോഹരമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു അവിടുത്തെ മുഖ്യചടങ്ങ്. ഉണ്ണീശോയ്ക്ക് ഇഷ്ടപ്പെട്ട സമ്മാനം നല്‍കുമ്പോള്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്ക്കുന്ന മണിഗോപുരത്തില്‍നിന്നും മണി മുഴങ്ങുമെന്നായിരുന്നു വിശ്വാസം. അതു മാലാഖമാരുടെ ശബ്ദംപോലെ അതിവിശിഷ്ടമാണെന്നായിരുന്നു അവിടെയുള്ള സംസാരം. എന്നാല്‍ മണി മുഴങ്ങുന്നത് കേട്ടവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. തന്റെ അമ്മയുടെ ചെറുപ്പത്തില്‍ ഒരിക്കല്‍ മണി മുഴങ്ങിയെന്ന് അമ്മ പറഞ്ഞതായി ഒരു വൃദ്ധന്റെ ഓര്‍മയിലുണ്ട്.
ദൈവാലയത്തിലെ വിളക്കുകള്‍ തൂകിയിരുന്ന പ്രഭ ദൂരെ കാണാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നടപ്പിന് വേഗത വര്‍ധിച്ചു. വൈകുന്നേരം വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു മറ്റൊരു ഗ്രാമത്തിലുള്ള ആ സഹോദരങ്ങള്‍. പെദ്രോയുടെ കാല് പെട്ടെന്ന് എന്തിലോ തട്ടി. പ്രായം ചെന്ന ഒരു സ്ത്രീ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നു. പെദ്രോ അവരുടെ ശരീരം ചൂടുപിടുപ്പിക്കുന്നതിനുവേണ്ടി പതുക്കെ തിരുമാന്‍ തുടങ്ങി. എല്ലാവരും ദൈവാലയത്തിലേക്ക് പോയിരുന്നതിനാല്‍ സമീപത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. പെദ്രോ അനുജനോട് പറഞ്ഞു, നീ ദൈവാലയത്തിലേക്ക് പൊയ്‌ക്കോളൂ, തിരിച്ചുവരുമ്പോള്‍ ആരെയെങ്കിലും കൂട്ടിക്കൊണ്ടുവരണം. നമ്മള്‍ ഉപേക്ഷിച്ചാല്‍ ഈ അമ്മ മരിച്ചുപോകും. എങ്കില്‍ ഞാനും നില്ക്കാം. അനുജന്‍ പറഞ്ഞു. രണ്ടു പേരും തിരുക്കര്‍മ്മങ്ങള്‍ മുടക്കേണ്ട എന്നു പറഞ്ഞു പെദ്രോ അനുജനെ തടഞ്ഞു. അവന്‍ പോക്കറ്റില്‍ കരുതിയിരുന്ന ഒരു നാണയത്തുട്ട് അനുജന് നല്‍കിയിട്ടു പറഞ്ഞു, ആരും കാണാതെ നീ ഇത് ഉണ്ണീശോക്ക് നല്‍കിയാല്‍ മതി. മനസില്ലാമനസോടെ അവന്‍ യാത്രയായി. അനുജന്‍ ദൃഷ്ടിയില്‍നിന്നും മറഞ്ഞപ്പോള്‍, ഒഴുകി വന്ന കണ്ണീര്‍ അവന്‍ തുടച്ചു. ഉണ്ണീശോക്ക് അറിയാം, ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്; പെദ്രോ ആത്മഗതം നടത്തി. ആ വൃദ്ധയുടെ മുഖത്തേക്കു നോക്കിയപ്പോള്‍ മുഖത്തിന് പരിശുദ്ധ മാതാവിന്റെ മുഖഛായ ഉണ്ടെന്നു അവന് തോന്നി.
ആ ക്രിസ്മസ് രാവില്‍ ദൈവാലയത്തില്‍ പതിവിലേറെ തിരക്കായിരുന്നു. വിശിഷ്ടമായ സമ്മാനങ്ങള്‍ ഉണ്ണീശോയുടെ മുമ്പില്‍ നിരന്നിരുന്നു. അവസാനം രാജാവ് എത്തി. തന്റെ സ്വര്‍ണക്കിരീടം ഉണ്ണീശോയുടെ മുമ്പില്‍ സമര്‍പ്പിച്ചു. എല്ലാവരും വിചാരിച്ചു, ഇപ്പോള്‍ മണി മുഴങ്ങുമെന്ന്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ആളുകള്‍ മടങ്ങാന്‍ തുടങ്ങി. പെട്ടെന്ന് അതിമനോഹരമായി മണികള്‍ മുഴങ്ങാന്‍ തുടങ്ങി. ആളുകള്‍ ദൈവാലയത്തിലേക്ക് തിരികെ ഓടി. കയ്യില്‍ ഒരു നാണയവും പിടിച്ച് ഉണ്ണീശോയുടെ മുമ്പില്‍ നില്ക്കുന്ന കുട്ടിയെയാണ് അവര്‍ കണ്ടത്.
റെയ്മണ്ട് മാക്‌ഡോണാള്‍ഡ് ആല്‍ഡന്‍ എന്ന അമേരിക്കന്‍ ചെറുകഥാകൃത്ത് എഴുതിയ ‘എന്തുകൊണ്ട് മണികള്‍ മുഴങ്ങി’ എന്ന മനോഹരമായ ക്രിസ്മസ് കഥയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് എഴുതപ്പെട്ടതാണെങ്കിലും വര്‍ത്തമാനകാലത്തും കഥയുടെ പ്രസക്തി ഒട്ടും കുറയുന്നില്ല. പെദ്രോയുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു മലമുകളിലെ ദൈവാലയത്തിലെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക എന്നത്. അനുജനെ പറഞ്ഞയക്കുമ്പോള്‍ പെദ്രോയുടെ കണ്ണുനിറയുന്നത് ആ ആഗ്രഹത്തിന്റെ സൂചനയായിരുന്നു. നീണ്ട മണിക്കൂറുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് അതിനടുത്തുവരെ എത്തിയതും. എന്നാല്‍, അവന്‍ അതിലും പ്രാധാന്യം നല്‍കിയത് ആരോരുമില്ലാത്ത ഒരു വൃദ്ധയുടെ ജീവനായിരുന്നു. കരുണ നിറഞ്ഞ അവന്റെ പ്രവൃത്തി യേശുവിന് പ്രിയപ്പെട്ടതായി മാറി എന്നാണ് മണിമുഴക്കം തെളിയിക്കുന്നത്.
കാരുണ്യമുള്ള ഹൃദയങ്ങളെയാണ് ദൈവം അന്വേഷിക്കുന്നത്. ഈ ക്രിസ്മസ് കാരുണ്യത്തിലേക്ക് തിരികെ നടക്കാനുള്ള അവസരമായി മാറ്റാം. മറ്റുള്ളവര്‍ക്കായി ഏറ്റെടുത്ത ത്യാഗങ്ങള്‍ അവര്‍പ്പോലും മറന്നതിന്റെ വേദനയില്‍ കഴിയുന്ന അനേകരുണ്ട്. കുടുംബത്തിനുവേണ്ടി, പ്രിയപ്പെട്ടവര്‍ക്കായി അത്യധ്വാനം ചെയ്ത് തളര്‍ന്നുപോയവരുണ്ട്. നീതിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പലവിധത്തിലുള്ള നഷ്ടങ്ങള്‍ക്ക് ഇരയായവരും കുറവല്ല. നൂറ് ശതമാനവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും മറ്റുള്ളവര്‍ അതു മനസിലാക്കുന്നില്ലല്ലോ എന്നത് അനേകരുടെ നൊമ്പരമാണ്. ഒന്നു തിരിച്ചറിയുക, മറ്റാരും കാണുന്നില്ലെങ്കിലും അതു കാണുന്ന ഒരു ദൈവമുണ്ട്. മനസും ഹൃദയവും നിസ്വാര്‍ത്ഥത നിറഞ്ഞതാക്കി മാറ്റാം. എങ്കില്‍ നമ്മുടെ സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും മുകളില്‍ സ്വര്‍ഗത്തിന്റെ അംഗീകാരമുദ്ര പതിപ്പിക്കുന്ന ക്രിസ്മസായി മാറും.