ഈ പുസ്തകം മക്കളില്‍നിന്ന് മറച്ചുപിടിക്കാനാവില്ല

0
578

ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് റോജര്‍ ഫെഡറര്‍. 20 ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ ഈ സ്വിറ്റ്‌സര്‍ലണ്ടുകാരന്‍ വര്‍ഷങ്ങളോളം ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. കായികലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുമ്പോഴും വ്യക്തിജീവിതത്തിലും കളിയിലും ഏറെ പ്രത്യേകതകള്‍ ഇദ്ദേഹത്തിനുണ്ട്. ഒരു പ്രമുഖ പത്രത്തില്‍ റോജര്‍ ഫെഡററിനെക്കുറിച്ചുവന്ന ഫീച്ചര്‍ ഏറെ ചിന്തോദീപകമായിരുന്നു. ഫെഡറര്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത് കുടുംബമായിട്ടാണ്. ഭാര്യ മിര്‍ക്കയും നാല് മക്കളും പിതാവ് റോബര്‍ട്ടും അമ്മ ലിനറ്റും ഉണ്ടാകും. തനിക്ക് മത്സരിക്കാനുള്ള ഊര്‍ജം പകരുന്നത് പ്രിയപ്പെട്ടവരുടെ സാന്നിധ്യമാണെന്ന് റോജര്‍ ഫെഡററര്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴൊക്കെ ഓസ്‌ട്രേലിയക്കാരായ രണ്ട് വൃദ്ധ ദമ്പതികളും ഫെഡററുടെ ബോക്‌സിലെ സ്ഥിരസാന്നിധ്യങ്ങളാണ്. അവര്‍ താമസിക്കുന്നത് ഫെഡററര്‍ താമസിക്കുന്ന ഹോട്ടലിലാണ്. അവര്‍ക്കുള്ള വിമാനടിക്കറ്റും നല്‍കുന്നത് ഫെഡററാണ്. എന്നുമാത്രമല്ല, വരാന്‍ തയാറാണെങ്കില്‍ തന്റെ എല്ലാ മത്സരങ്ങള്‍ക്കും ടിക്കറ്റും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ തയാറാണ് ഈ ലോകോത്തര താരം. 37-ാം വയസില്‍ ഒരു അപകടത്തില്‍ മരിച്ച ലോകപ്രശസ്ത ടെന്നീസ് കോച്ച് പീറ്റര്‍ കാര്‍ട്ടറുടെ മാതാപിതാക്കളായ ബോബ് കാര്‍ട്ടറും ഭാര്യ ഡയാനയുമാണ് അവര്‍. ടെന്നീസ് കോച്ചായ പീറ്ററാണ് റോജര്‍ ഫെഡററിലെ ടെന്നീസ് കളിക്കാരനെ കണ്ടെത്തിയത്. ഫെഡററര്‍ കുട്ടിയായിരിക്കുമ്പോള്‍ തന്റെ മകനെ കളി പഠിപ്പിക്കണം എന്ന ആവശ്യമായി അമ്മ ലിനറ്റ് അവനുമായി പീറ്ററിനെ കാണാന്‍ ചെന്നു. വികൃതിയായ അവനെ രണ്ട് ദിവസത്തേക്ക് തന്റെ വീട്ടില്‍ നിര്‍ത്താന്‍ അനുവദിച്ച കോച്ച് പീറ്റര്‍ ഫെഡററിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പരിശീലനം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് റോജര്‍ ഫെഡററര്‍ എന്ന ടെന്നീസ് താരത്തെ ലോകത്തിന് ലഭിച്ചത്.
അമിതമായ തിരക്കുകള്‍ കുടുംബങ്ങളെ തകര്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുന്‍ഗണനകള്‍ മാറിപ്പോകുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. അപ്രധാനമായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാനും സംസാരിക്കാന്‍ സമയമില്ലാത്തവര്‍ സുഹൃത്തുക്കളുമായും സോഷ്യല്‍ മീഡിയകളിലും എത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന് ചിന്തിക്കണം. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ കഴിഞ്ഞിരുന്ന പലരുടെയും കരിയറിനെത്തന്നെ ഇല്ലാതാക്കിയത് കുടുംബജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളായിരുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാകും. വിവാഹം കഴിഞ്ഞാല്‍, ചിലര്‍ പിന്നീട് മാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കാറില്ല. ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും. അവരെ നോക്കുമ്പോള്‍ത്തന്നെ മാതാപിതാക്കളോട് നേരത്തെ കണ്ടിരുന്നതുപോലെ കാണാന്‍ കഴിയണം. മാതാപിതാക്കളെ അവഗണിച്ചുകൊണ്ടാകരുത് ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കുന്നത്. നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും വ്യക്തിജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവകൊണ്ട് എന്താണ് പ്രയോജനം? കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത് സമ്പത്ത് ഉണ്ടാക്കുമ്പോഴും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളെ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ എവിടെയൊക്കെയോ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണം. മക്കളുടെ കാലമാകുമ്പോള്‍ അവരുടെ ഇടപെടലുകളിലും ആ അകല്‍ച്ച പ്രതിഫലിക്കും. അപ്പോള്‍ മക്കള്‍ക്കുവേണ്ടി കഷ്ടപ്പെട്ടതിന്റെ കഥകള്‍ പറഞ്ഞു വിലപിച്ചതുകൊണ്ട് കാര്യമുണ്ടാകില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ റോജര്‍ ഫെഡററിന്റെ മാതൃക സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. തൊഴില്‍ മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ പലരെയും വിദൂരദിക്കുകളിലാക്കിയിട്ടുണ്ട്. എന്നാല്‍, മനസുകൊണ്ട് പ്രിയപ്പെട്ടവരോട് ഒപ്പമായിരിക്കാന്‍ ബുദ്ധിമുട്ടില്ല. യഥാര്‍ത്ഥത്തില്‍ അകലമല്ല പ്രശ്‌നം. സമീപത്തുള്ളപ്പോഴും മനസുകള്‍ അകന്നുപോകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കുടുംബത്തിന് നല്‍കേണ്ട പ്രാധാന്യം മറ്റൊന്നിനും നല്‍കരുത്. അവരുടെ സാന്നിധ്യങ്ങള്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന ചിന്ത ഉണ്ടാകുന്നുണ്ടെങ്കില്‍ ചുവടുകള്‍ തെറ്റാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയണം. ഫെഡററിനെപ്പോലെ പ്രശസ്തനായ ഒരാള്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പഴയ കോച്ചിന്റെ വീട് സന്ദര്‍ശിച്ചാല്‍പ്പോലും അതൊരു വാര്‍ത്തയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കളിക്കളത്തിലേക്ക് കൊണ്ടുപോകുന്നത് എത്രയോ മഹത്തായ പ്രവൃത്തിയാണ്. ഈ പാഠങ്ങള്‍ ഏറ്റവും സ്വാധീനിക്കുന്നത് അദ്ദേഹത്തിന്റെ മക്കളെയായിരിക്കും. കുട്ടികള്‍ ആദ്യം വായിക്കുന്ന പുസ്തകങ്ങള്‍ മാതാപിതാക്കളുടെ ജീവിതമാണെന്നത് എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാം.