ഉക്രൈൻ ജനതയെ ഉയർപ്പിക്കാൻ ‘പോപ്പ് ഫോർ ഉക്രൈൻ’

0
771

ഉക്രൈൻ: കിഴക്കൻ ഉക്രൈനിൽ യുദ്ധം മൂലം ഭവനരഹിതരായവർക്കും ദുരിതമനുഭവിക്കുന്നവർക്കും സഹായവുമായി വത്തിക്കാന്റെ ‘പോപ്പ് ഫോർ ഉക്രൈൻ’ സംരംഭം. അടിയന്തര ആവശ്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി അകത്തോലിക്കാ സംഘടനകളുമായും സഹകരിച്ചാണ്  ‘പോപ്പ് ഫോർ ഉക്രൈൻ’ പ്രവർത്തിക്കുന്നത്.

2016ൽ ഉക്രൈൻ ജനതയെ സഹായിക്കുന്നതിനായി ഫ്രാൻസിസ് പാപ്പ നടത്തിയ സാമ്പത്തിക സഹായ ശേഖരണമാണ് ‘പോപ്പ് ഫോർ ഉക്രൈൻ’ രൂപീകരിക്കുന്നതിന്
പ്രചോദനമായത്. സംരംഭത്തിന് 11 മില്യൺ യൂറോ ഇതിനോടകം സംഭാവനയായി ലഭിച്ചുകഴിഞ്ഞു. ഇതിൽ 5 മില്യൺ യൂറോ ഫ്രാൻസിസ് പാപ്പ സംഭാവന ചെയ്തതാണ്.

മനുഷ്യന്റെ സമഗ്രവികസനത്തിനായുള്ള വത്തിക്കാൻ സംഘത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്ക് സണിന്റെ നേതൃത്യത്തിലുള്ള സംഘം നവംബർ 14മുതൽ 18വരെ ഉക്രൈനിൽ സന്ദർശനം നടത്തിയിരുന്നു. സംഘത്തിന്റെ ഉപസെക്രട്ടറിയായ മോൺസിഞ്ഞോർ സെഗുൺഡോ തെചാഡോ മുനാസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്ദർശനവേളയിൽ ഏറെ ദുരിതമനുഭവിക്കുന്ന നിരവധി ആളുകളെ കാണാനും അവരോട് നേരിട്ട് സംസാരിക്കാനുമുള്ള സാഹചര്യങ്ങളുമുണ്ടായി.

അങ്ങനെ സന്ദർശനം നടത്തിയ പ്രത്യേകസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത്യാഹിത ആവശ്യങ്ങൾക്കായി ഉടനടി ഉക്രൈൻ ജനതയ്ക്ക് പണം ലഭ്യമാക്കണമെന്ന് പാപ്പ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്തന്നെ പണം നേരിട്ട് ഉക്രൈന് നൽകുകയും ചെയ്തു. പ്രത്യേക കമ്മിറ്റിയാണ് മുൻഗണനാക്രമത്തിൽ ഇത്തരത്തിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകുന്നതും.