ഉത്ഥാനവാതിൽ

652

പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പുണ്യപ്രവൃത്തികളുടെ നാളുകൾക്കുശേഷം വീണ്ടും ഈസ്റ്റർ. ആഘോഷങ്ങളെക്കാൾ ഏറെ ഒരനുഭവമാണ് ഈസ്റ്റർ. അനുഭവം എന്നാൽ ‘പിന്നാലെ ഭവിക്കുന്നത്’ എന്നാണർത്ഥം. ഈസ്റ്റർ അനുഭവമെങ്കിൽ, അതിനു മുന്നിൽ പലതുമുണ്ടാകണം. പലതിന്റെയും പിൻതുടർച്ചയാണ് ഈസ്റ്റർ. ഓശാനയും പെസഹാവ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞാൽ മാത്രമേ ഈസ്റ്ററിലേക്ക് എത്താനാവൂ. ഓശാന രാജകീയതയുടെ അടയാളമാണ്. നിറമുള്ള ജീവിതകാഴ്ചകൾ, ഓശാനയുടെ പ്രതീകമാണ്. ഓശാനയിൽ കൂടാരങ്ങൾ തീർക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. പക്ഷേ ഈ കൂടാരം വിട്ടൊഴിയേണ്ടവരാണ് ഓരോരുത്തരും. ഇവിടെ തങ്ങിയാൽ ഈസ്റ്റർ അനുഭവത്തിലേക്ക് എത്താനാകില്ല. ഇല്ല! ഇതല്ല എന്റെ കൂടാരം… ഇനിയും നീങ്ങണം… സ്വയം ഇല്ലാതാകാനായി…. മുറിയപ്പെടാനായി… ഒരു പെസഹാവ്യാഴത്തിലേക്ക് നടന്നു നീങ്ങണം. ജീവിതം പകുത്തു നൽകി ഈ കൂടാരത്തിൽ സ്ഥിരം കൂടാനാകുമോ? അനുഭവങ്ങൾക്ക് ഉടയോന് സ്‌തോത്രഗീതം ആലപിച്ച് ഗത്‌സമെൻ തോട്ടത്തിലേക്ക് യാത്രയാകണം. ഗത്‌സെമൻ തോട്ടം ഹെബ്രോൺ നദിയുടെ സമീപത്താണ്. അൾത്താരയിലെ ബലിമൃഗങ്ങളുടെ രക്തം ഒഴുകിച്ചേരുന്നത് ഈ അരുവിയിലാണ്. ഗത്‌സമെൻ തീവ്രവേദനയുടെയും ആത്മസംഘർഷത്തിന്റെയും ഉദ്യാനമാണ്. ഇവിടെയാണ് മനസ് പാകപ്പെടുന്നത്. ഈ കൂടാരം ശാശ്വത കൂടാരമാക്കില്ല. കൂടെയാരുമില്ല, ആരോടും പറയാൻ വയ്യ. തീരുമാനം എടുത്തേ മതിയാകൂ. വേദനാജനകമാണ് ഈ നിമിഷം. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം ലഭിക്കേണ്ടത് ഇവിടെനിന്നാണ്. ഇനി മുന്നിലുള്ളത് കുരിശും പീഡനവും മരണവുമാണ്. ഇവിടെ കൂടാരം തീർക്കാൻ വയ്യ. എങ്കിലും ഈ കൂടാരം സന്ദർശിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്ഥിരതാമസമാക്കാൻ തുനിയുന്നില്ല. വയ്യ! എങ്കിലും ഇനിയും മുന്നോട്ടുപോകണം. ഉയിർപ്പിലേക്ക് ഒരു പ്രയാണം.
കടന്നുപോയ വഴികളിൽ ക്രിസ്തു നേരിട്ട വേറിട്ട അനുഭവങ്ങളുടെ വിജയപ്രതീകമാണ് ഈസ്റ്റർ. കാലിത്തൊഴുത്തു മുതൽ കാൽവരിയുടെ വിരിമാറ് വരെ അവൻ അനുഭവിച്ച തിരസ്‌കരണങ്ങളുടെ പ്രത്യുത്തരമാണ് ഉത്ഥാനം.

ജീവിതയാഥാർത്ഥ്യങ്ങൾക്ക് വർണം നൽകിയ സ്‌നേഹത്തിന്റെ ഉത്ഥാനമാണത്.
ക്രിസ്തു ഏറെ തിരസ്‌കരിക്കപ്പെട്ടവനാണ്. ഗലീലിയയിൽ ജനങ്ങളും ജറുസലേമിൽ യഹൂദപ്രമാണികളും അവനെ തിരസ്‌കരിച്ചു. കാൽവരിയിൽ അവന്റെ തിരസ്‌കരണം പൂർണമായി. തിരസ്‌കരണങ്ങളുടെ മുന്നിൽ അടിപതറുന്നവരാണ് നാം. അതിനു പിന്നിലെ ഉത്ഥാനത്തെ നോക്കിക്കാണുവാൻ ത്രാണിയില്ലാതെ തളരുന്നു. എന്നാൽ ക്രിസ്തു ഗത്സമെൻ തോട്ടത്തിൽ ആർജ്ജിച്ച നേട്ടം മരണത്തിനു പിന്നിലെ ഉത്ഥാനത്തെ നോക്കിക്കാണാനുള്ള കഴിവായിരുന്നു. ജീവിതത്തിൽ ‘ഒരു കല്ലേറുദൂരം’ മുന്നിലാകാൻ അവൻ പഠിപ്പിക്കുന്നു. മാറിനിന്ന് ജീവിതത്തെ നോക്കിക്കാണാനുള്ള ക്ഷണമാണിത്. ആത്മീയഗുരു, സലേഷ്യൻ വൈദികൻ ഫാ. അലക്‌സ് കളത്തിക്കാട്ടിൽ, ഒരിക്കൽ ധ്യാനചിന്തയായി നൽകിയത് ഗത്‌സമെനിയിലെ ക്രിസ്തുവിനെയായിരുന്നു. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടവന്റെ ചിത്രമാണ് ഗത്‌സെമനിലെ ക്രിസ്തു. സഹചാരികളായ മൂന്നുപേർ പത്രോസ്, യാക്കോബ്, യോഹന്നാൻ. ക്രിസ്തുവിന്റെ ‘തീവ്രവേദന’ ഉൾക്കൊള്ളാൻ ത്രാണിയില്ലാത്തവരാകുന്നു. അവനെ ഏകനാക്കി അവർ നിദ്രയിലാണ്ടു. ഉണർന്നിരിക്കുവാൻ അവൻ അവരോട് ആവശ്യപ്പെടുന്നു. ഒരു തീരുമാനമെടുക്കാനാവാതെ അവൻ വല്ലാതെ സങ്കടപ്പെടുന്നു. ഒരുപക്ഷേ ഈ മൂവർസംഘത്തിന്റെ സാമീപ്യം ആശ്വാസമായേക്കാം… എന്തുഫലം? ഉറക്കം മാത്രം… അപരന്റെ നൊമ്പരത്തെ അവന്റെ കണ്ണുകളിൽ ദർശിക്കുവാനുള്ള വരം നഷ്ടപ്പെട്ട മനുഷ്യർ. ക്രിസ്തുവിന്റെ മാതൃഭാവത്തെ അറിഞ്ഞവനല്ലേ യോഹന്നാൻ… ഒരമ്മയെപ്പോലെ അത്താഴമേശയിൽ ഭക്ഷണം വിളമ്പിയപ്പോൾ ക്രിസ്തുവിന്റെ മാറിൽ ചാരിക്കിടന്നവനല്ലേ? എന്നിട്ടും, എന്തുപറ്റി അവന്? ഇപ്പോൾ ക്രിസ്തുവിനെ മനസിലാകുന്നില്ല അവന്… സ്‌നേഹസ്പർശനവും കരുതലും യേശുവിന് അനിവാര്യമാണിപ്പോൾ. കാരണം മരണത്തിന്റെ തീവ്രത ഭയപ്പെടുത്തുന്നു. ദൈവം അവനെ മനസിലാക്കി. ദൂതനെ അയച്ചുകൊണ്ട് പിതാവ് പുത്രനെ ആശ്വസിപ്പിച്ചു. ക്രിസ്തു തീരുമാനമെടുത്തു. ഇനി അവനെ തടയാനാവില്ല. പത്രോസ് വാളെടുത്തു… മൽക്കോസിന്റെ ചെവി ഛേദിച്ചു. ക്രിസ്തു പത്രോസിനെ പുതിയ പാഠം പഠിപ്പിച്ചു.

സ്‌നേഹത്തിന്റെയും സ്‌നേഹിതന്റെയും പുതിയ പാഠം. ഗുരുമൊഴികൾ ഇപ്രകാരമായിരിക്കാം… ”പത്രോസേ, നിന്റെ സഹായം അനിവാര്യമായിരുന്ന നിമിഷം നീ ഉറങ്ങുകയായിരുന്നു. ഇപ്പോൾ എനിക്കത് ആവശ്യമില്ല… കാരണം ഒരുറച്ച തീരുമാനം എടുത്തു കഴിഞ്ഞു…. ഇത് സഹിക്കുവാൻ ഞാൻ തയാറാണ്…”
ഒരുവനെ എങ്ങനെയും വകവരുത്തണം എന്നു തീരുമാനിച്ചവന് അപരന്റെ പ്രവൃത്തികൾ എപ്പോഴും കുറ്റകരമാണ്. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ ചെയ്തികൾ പുരോഹിത പ്രമുഖരെ വ്യസനിപ്പിച്ചത്? ”ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു” ചോദിച്ച മഹാപുരോഹിതന്റെ ചോദ്യത്തിന് പ്രത്യുത്തരം നൽകിയപ്പോൾ ക്രിസ്തു ദൈവദൂഷകനായി. അവനെ ക്രൂശിക്കാൻ തീരുമാനിച്ചു. അത് ഒന്നിന്റെയും ഒടുക്കമായിരുന്നില്ല; പലതിന്റെയും തുടക്കം മാത്രമായിരുന്നു.
ഉത്ഥിതന്റെ ചാരെയിരുന്ന് അവനെ ധ്യാനിക്കുമ്പോൾ ജീവിതത്തിൽ സ്വായത്തമാക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഉത്ഥിതൻ നമ്മെ ക്ഷണിക്കുന്നത് ജീവിതാവലോകനത്തിലേക്കാണ്. ആദ്യം സ്വായത്താക്കേണ്ട നന്മയും ഇതുതന്നെയാണ്. ജീവിതാവലോകനം നമ്മെ വിശുദ്ധിയുടെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഏത് കൂടാരത്തിലാണ് നാം? ഒരു കൂടാരവും ശാശ്വതമല്ല. ഓശാനയുടെ കൂടാരവും പെസഹാവ്യാഴത്തിന്റെ കൂടാരവും ഗത്‌സമെൻ കൂടാരവും ദുഃഖവെള്ളിയുടെ കൂടാരവും വിട്ടൊഴിഞ്ഞ് ഉത്ഥാനവാതിലിലൂടെ പുറത്തുവരാം. എങ്കിൽ മാത്രമേ ഉത്ഥാനം ഒരനുഭവമാകുകയുള്ളൂ. കൂടാരങ്ങളിൽ കുടുങ്ങാതെ ജീവിതത്തിന്റെ നിറമുള്ള കാഴ്ചകൾ സ്വന്തമാക്കാനായി കൂടാരം വിട്ടൊഴിയാം…. ഉത്ഥിതന്റെ കൈയും പിടിച്ച് കൂടാരത്തിനു പുറത്തേക്കു യാത്രയാകാം. എല്ലാ നൊമ്പരവും ആനന്ദവും ഉത്ഥാനത്തിലേക്കും ഉത്ഥിതനിലേക്കും നയിക്കുന്ന അനുഭവമാകട്ടെ!

ബ്ര. അഭിലാഷ് ബെയ്‌സിൽ CSJ