ഉപവിയില്ലാത്ത ഉപവിപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ഫലരഹിതം

0
119

മൊൽഫെത്ത(ഇറ്റലി): ഉപവി പ്രവർത്തനം നടത്തുന്നവരിൽ സ്‌നേഹവും സ്‌നേഹത്തിന്റെ സ്രോതസ്സായ ദിവ്യകാരുണ്യവും ഇല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾ ഫലശൂന്യമായി മാറുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ നഗരമായ മൊൽഫെത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ, ബിഷപ് അന്തോണിയോ ബെല്ലോയെ ഉദ്ധരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
ദിവ്യകാരുണ്യത്തിൽ സന്നിഹിതമായിരിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹവും ആത്മപരിത്യാഗവുമില്ലാത്ത സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായി മാറുമെന്ന് മാർപാപ്പ പറഞ്ഞു. ദിവ്യബലി മനോഹരമായ ഒരു അനുഷ്ഠാനമല്ല. ദൈവവുമായി നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്ന ഏറ്റവും ദൃഢവും അത്ഭുതകരവുമായ കൂട്ടായ്മയാണത്. ആ കൂട്ടായ്മ അത്ര യഥാർത്ഥമായതിനാൽ അത് ഭക്ഷണയോഗ്യമായി മാറുന്നു; പാപ്പ പങ്കുവച്ചു.
ക്രൈസ്തവ ജീവിതം ആരംഭിക്കുന്നത് ദിവ്യകാരുണ്യത്തിലാണെന്ന് പാപ്പ തുടർന്നു. തന്റെ സ്‌നേഹം കൊണ്ട് ദൈവം നമ്മെ സംതൃപ്തരാക്കുന്ന കൂദാശയാണത്. ജീവന്റെ അപ്പമായ ക്രിസ്തുവിനെ കൂടാതെ സഭ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വൃഥാവിലാണ്. ദിവ്യകാരുണ്യം സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ മനോഭാവവും മുഖവും സ്വീകരിക്കുന്നു. അവർ തങ്ങളുടെ വിജയത്തിനുവേണ്ടിയും എന്തെങ്കിലുമാകുന്നതിനുമായി ജീവിക്കുന്നതിന് പകരം ക്രിസ്തുവിന് വേണ്ടി ജീവിക്കുവാൻ ആരംഭിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയുള്ള ജീവിതം തന്നെയാണത്.; പാപ്പ വിശദീകരിച്ചു.
ദിവ്യകാരുണ്യത്തിന്റെ മനുഷ്യർക്ക് അലസമായ ജീവിതം നയിക്കാനാവില്ലെന്ന് ബിഷപ് ബെല്ലോയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പങ്കുവച്ചു. ദിവ്യകാരുണ്യ മേശയിൽ നിന്നെഴുന്നേൽക്കാതെ ആ കൂദാശ പൂർണമാകുന്നില്ല. ചെറിയ ചെറിയ സുഖങ്ങളിൽ അഭിരമിച്ച് ജീവിതം നയിക്കുവാൻ ക്രിസ്തുവിന്റെ അപ്പസ്‌തോലന് സാധിക്കില്ല. കുതിരപ്പുറത്ത് നിന്ന് വീണ പൗലോസ് അപ്പസ്‌തോലൻ എഴുന്നേറ്റതുപോലെ വീണിടത്ത് നിന്ന് എഴുന്നറ്റ് മുമ്പോട്ട് പോകുവാനും റിസ്‌ക് എടുക്കുവാനും തയാറാകണം. ക്രിസ്ത്യാനിയുടെ ജീവിതം നിക്ഷേപിക്കേണ്ടത് ക്രിസ്തുവിലാണ്. അത് ചിലവഴിക്കേണ്ടതാകട്ടെ മറ്റുള്ളവർക്ക് വേണ്ടിയും. ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും പെസഹായുടെ പ്രത്യാശയുടെ വാഹകരാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പ്രത്യാശയുടെ ‘കൊറിയറുകളും’, ആനന്ദം അനുഭവിക്കുന്ന ഈസ്റ്റർ ഹല്ലേലുയ്യായുടെ വിതരണക്കാരും ആയി മാറുന്നത് മനോഹരമായ കാര്യമാണെന്ന് പാപ്പ വ്യക്തമാക്കി.