ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്ടമായ വിദ്യക്ക് കന്യാസ്ത്രീകള്‍ അഭയം

0
1382
ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്ടമായ വിദ്യക്ക് കന്യാസ്ത്രീകള്‍ അഭയം

ഇടുക്കി: ഉപ്പുതോട് കര്‍മലീത്ത കോണ്‍വെന്റിലെ മദര്‍ റീനറ്റും സിസ്റ്റര്‍മാരും വിദ്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല, ഒറ്റനിമിഷം കൊണ്ട് ഒലിച്ചുപോയ വീടിനെക്കുറിച്ചും ഉറ്റബന്ധുക്കളെക്കുറിച്ചുമുള്ള ഓര്‍മകള്‍ വിദ്യയെ കുത്തിനോവിക്കാതിരിക്കാന്‍ പാടുപെടുകയാണ് സിസ്‌റ്റേഴ്‌സ്. എല്ലാം നഷ്ടപ്പെട്ട വിദ്യയോട് ”ഒന്നിനെക്കുറിച്ചും പേടിക്കേണ്ടതില്ല, ഞങ്ങള്‍ കൂടെയുണ്ട്..” എന്ന് അവരിപ്പോള്‍ ചേര്‍ത്ത് പിടിച്ചു പറയുന്നു.
ജീവിതത്തെ കണ്ണീരണിയിക്കുന്ന ഓര്‍മകള്‍ക്കുമേല്‍ വിദ്യ ആശ്വാസം നേടുന്നതും ഈ സ്‌നേഹത്തിന് മുന്നിലാകണം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17-ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പട്ടതോടെയാണ് വിദ്യ ഏകയായത്. ഉപ്പുതോട് ചിറ്റടിക്കവല റോഡ് ഇടശേരിക്കുന്നേല്‍പ്പടിയില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു കാര്‍ക്കാംതൊട്ടില്‍ എന്നിവരാണ് അന്നത്തെ ദിവസം മരിച്ചത്. സമീപത്തുണ്ടായിരുന്ന ഉയര്‍ന്ന മല ഇവരുടെ വീടിന് മുകളിലേക്ക് ഒരു മഴയെ തുടര്‍ന്ന് പതിക്കുകയായിരുന്നു.
കൊല്‍ക്കത്ത സി.എം.ആര്‍.ഐ ഹോസ്പിറ്റലില്‍ നഴ്‌സാണ് വിദ്യ. ബി.എസ്.സി നഴ്‌സിംഗ് പഠിച്ച് അവിടെ ജോലിക്ക് കയറുമ്പോള്‍ അവളുടെ മനസില്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. എല്ലാം വീടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമുള്ളത്. എന്നാല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അവരുടെ വീടിരുന്ന 35 സെന്റ് സ്ഥലവും വീടുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
സി.എം.സി സഭാംഗമായ മദര്‍ റീനറ്റ് അന്നുമുതല്‍ വിദ്യയെ ചേര്‍ത്ത് പിടിക്കുകയാണ്.
വീടുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകളെല്ലാം ശരിയാക്കാന്‍ മദറാണ് അവള്‍ക്കൊപ്പം സര്‍ക്കാര്‍ ഓഫീസിലെല്ലാം പോയത്. പിന്തുണയുമായി നാട്ടുകാരും.
കഴിഞ്ഞ 30 വര്‍ഷമായി വിദ്യയുടെ മാതാവ് രാജമ്മ അംഗന്‍വാടി ടീച്ചറായിരുന്നു. ടീച്ചര്‍ പഠിപ്പിച്ച കുഞ്ഞുങ്ങളാണത്രേ ഇന്ന് ആ പരിസരപ്രദേശത്തെങ്ങുമുള്ളവര്‍. അപ്പന്‍ മാത്യു ബാങ്കിലെ ജോലിക്കുശേഷം റിട്ടയര്‍ ചെയ്തയാളാണ്. നാടെങ്ങും ചെറിയ നന്മകള്‍ ചെയ്യാന്‍ ഈ കുടുംബം എന്നും മുന്നിലുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ നിന്നും ഉപ്പുതോട്ടിലെത്തിയതാണ് വിദ്യയുടെ കുടുംബം. കൂരിരുട്ടില്‍ ചേര്‍ത്ത് പിടിച്ച സിസ്‌റ്റേഴ്‌സിന്റെയും നാട്ടുകാരുടെയും സ്‌നേഹത്തിന് മുന്നില്‍ വിദ്യയുടെ കണ്ണുകള്‍ ഈറനാവുന്നു….