എങ്ങനെയാണ് കുട്ടികളുടെ ചുവടുകൾ ഇടറുന്നത്?

0
406

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഒരു സ്‌കൂളിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് 14 വിദ്യാർത്ഥികളെ അടക്കം 17 പേരെ വെടിവച്ച് കൊന്നത് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. നിക്കോളാസ് ക്രൂസ് എന്ന 19-വയസുമാത്രം പ്രായമുള്ള ആ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് ഈ കൂട്ടക്കുരുതി നടത്തിയതെന്ന് അറിഞ്ഞപ്പോൾ ലോകത്തിന്റെ ഞടുക്കം ഒന്നുകൂടി വർധിച്ചു. സംഭവത്തിനുശേഷം നിക്കോളാസിനെ കുറിച്ചുള്ള കഥകൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഒരു വർഷം മുമ്പ് സ്‌കൂളിൽനിന്നും പുറത്താക്കപ്പെട്ട അവൻ സമൂഹത്തിൽ നിരന്തര പ്രശ്‌നക്കാരൻ ആയിരുന്നു. എയർഗൺ ഉപയോഗിച്ച് അയൽക്കാരുടെ കോഴികളെ വെടിവച്ചു കൊല്ലാറുണ്ടായിരുന്നു. പോലീസ് പതിവായി എത്തുന്ന ഒരു വീടായിരുന്നു നിക്കോളാസിന്റേത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 17 പേരെ മനഃചാശ്ചല്യം കൂടാതെ വെടിവയ്ക്കുന്ന മാനസികാവസ്ഥയിലേക്ക് 19-കാരൻ എങ്ങനെ എത്തി എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാകും. അവൻ പോലീസിനോട് വെളിപ്പെടുത്തിയത്, ഉള്ളലിരുന്ന് ആരോ പറഞ്ഞതനുസരിച്ചാണ് ഞാൻ ചെയ്തത് എന്നായിരുന്നു. ഒന്നുകൂടി വിശദീകരിച്ചു-പിശാച് പറഞ്ഞത് അനുസരിക്കുകയായിരുന്നു എന്ന്. തിന്മക്ക് അടിമപ്പെട്ടപ്പോൾ അവന്റെ ജീവിതം മാത്രമല്ല, ഭാവിയുടെ വാഗ്ദാനങ്ങളായി മാറേണ്ട 14 കുട്ടികളുടെയും ഒരു അധ്യാപികയുമടക്കം 17 വിലപ്പെട്ട ജീവനുകൾ പൊഴിഞ്ഞു. ക്രൂരത പ്രവർത്തിച്ചുകൊണ്ടിരുന്ന നിക്കോളാസിന്റെ കൂട്ടുകാർ പിശാചുക്കൾത്തന്നെ ആയിരുന്നിരിക്കാം.
ബ്ലൂവെയിൽ ഗെയിം പല കുട്ടികളുടെയും ജീവനെടുത്തപ്പോഴാണ് നാം അതിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇനിയും സമഗ്രമായ അന്വേഷണം നടത്തിയാൽ സമാനമായ പല ഗെയിമുകളും ഇപ്പോഴും കുട്ടികളുടെ കൈകളിൽ ഉണ്ടാകും. കുട്ടികളുടെ ഹീറോകളും കൂട്ടുകാരും ആരാണെന്നത് പരിശോധിക്കണം. അവരുടെ കളിക്കോപ്പുകളിൽ വന്ന മാറ്റങ്ങൾ മുതൽ ശ്രദ്ധിക്കണം. ഇത് അമേരിക്കയിലോ വിദേശരാജ്യങ്ങളിലോ മാത്രം നടക്കുന്ന കാര്യമായി കാണരുത്. കാരണം രണ്ട് മാസങ്ങൾക്കുമുമ്പാണ് ഹരിയാനയിലെ 12-ാം ക്ലാസ് വിദ്യാർത്ഥി ആ സ്‌കൂളിന്റെ പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നത്. ഇത് ഒറ്റപ്പെട്ട സംഭവങ്ങൾതന്നെയാണ്. അതിനെ സാമാന്യവല്ക്കരിക്കാനും പാടില്ല. എന്നാൽ, ഈ സംഭവങ്ങൾ ചില സൂചനകൾ നൽകുന്നുണ്ട്. മക്കളെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ഭൗതികതലത്തിൽമാത്രമായി ചുരുങ്ങിവരുന്നു. അവർ എത്തിപ്പിടേക്കണ്ട പദവികളാണ് മാതാപിതാക്കളുടെ മനസുകളിൽ. അത്തരം ചിന്തകളാണ് കുട്ടികളുടെ മനസുകളിലും നിറയ്ക്കുന്നത്. ഭൗതികതയിൽ കേന്ദ്രീകരിച്ചു നീങ്ങുന്ന കുടുംബങ്ങളിൽനിന്നാണ് അസ്വസ്ഥപ്പെടുത്തുന്ന വാർത്തകൾ അധികവും കേൾക്കുന്നത്. ഫ്‌ളോറിഡയിലെ നിക്കോളാസ് ചുറ്റുപാടുകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോൾ അവന്റെ രക്ഷിതാക്കൾ വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിലും ഈ ദാരുണ സംഭവം ഒഴിവാക്കാൻ കഴിഞ്ഞേനെ.
നിക്കോളാസിന് രണ്ടു വയസും അനുജന് രണ്ട് മാസവും പ്രായമുള്ളപ്പോൾ ഒരു കുടുംബം അവരെ ദത്തെടുക്കുകയായിരുന്നു. വളർത്തുപിതാവ് ഏതാനും വർഷങ്ങൾക്കും മാതാവ് ഒരു വർഷം മുമ്പും മരിച്ചു. വലിയ അനുഗ്രഹമായിരുന്നു ജേഷ്ഠനും അനുജനും ലഭിച്ചത്. മക്കൾ വേണ്ടെന്നു ചിന്തകൾക്ക് അംഗീകാരമുള്ള സംസ്‌കാരത്തിൽ അനാഥലത്തിൽ കഴിയാതെ കുടുംബത്തിന്റെ സംരക്ഷണയിൽ ജീവിക്കാൻ കഴിഞ്ഞു. അവരെ ദത്തെടുത്ത കുടുംബം കാരുണ്യം നിറഞ്ഞവരാണ്. അവരുടെ ഹൃദയം അനുകമ്പ നിറഞ്ഞതായിരുന്നെങ്കിലും ആ ബോധ്യം മകന്റെ ഹൃദയത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ എത്ര കാരുണ്യം ഉള്ളവരാണെങ്കിലും അതു മക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ലഭിച്ച അനുഗ്രഹങ്ങളെപ്രതി നന്ദി പറയാൻ അടുത്ത തലമുറയെ പരിശീലിപ്പിക്കണം. തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചും തന്റെ സഹോദരനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും നിക്കോളാസ് ഇത്തരത്തിൽ ജീവിക്കില്ലായിരുന്നു. കുടുംബത്തെക്കുറിച്ചുള്ള ഉത്തരവാദിത്വബോധം മക്കളിൽ നിറയ്ക്കാൻ മാതാപിതാക്കൾക്ക് കഴിയണം.
ഒരു ദിവസംകൊണ്ട് രൂപപ്പെടുന്നതല്ല ഇങ്ങനെയുള്ള സ്വഭാവരീതികൾ. ചുറ്റുപാടുകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ വീട്ടിലും ഉണ്ടാകാം. സമൂഹത്തിൽ അവർ പ്രശ്‌നക്കാരായി മാറുന്നതിന്റെ എത്രയോ മുമ്പ് വീടുകളിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും വരുന്ന മാറ്റങ്ങൾക്ക് മുതിർന്നവർ ഗൗരവം നൽകണം. ഭൗതികമായ സ്വപ്‌നങ്ങൾ അവരിൽ നിറയ്ക്കുന്നതിനുമുമ്പ് ആത്മീയത അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റണം.