എട്ടു വയസുകാരിയുടെ കരുതൽ പാഠമാകണം

665

സ്‌നേഹം വറ്റിപ്പോകുന്നു, മനുഷ്യർ സ്വന്തം സഹോദരങ്ങളിൽനിന്നുപോലും മുഖംതിരിക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങൾ ഉയരുന്നത് പതിവാണ്. അസാമാന്യമായ മനുഷ്യസ്‌നേഹത്തിന്റെ കഥകൾകൊണ്ടാണ് നാമതിനെ മറികടക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പാലക്കാട് ജില്ലയിലെ അഗളി കൊല്ലങ്കടവ് ആദിവാസി ഊരിൽ എട്ടുവയസുകാരിയുടെ സഹോദരസ്‌നേഹത്തിന്റെ കണ്ണുനയിക്കുന്ന അനുഭവം പ്ര മുഖ പത്രത്തിൽ വന്നിരുന്നു. ദിവസങ്ങളോളം ദീർഘിച്ച കന ത്ത മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ വിതക്കുന്നതിന് ഇടയിലായിരുന്നു ആ വാർത്ത. ആരതി എന്ന എട്ടു വയസുകാരിയെ ആറും അഞ്ചും മൂന്നും വയസുള്ള അനുജത്തിമാരുടെ ഉത്തരവാദിത്വം ഏല്പിച്ചിട്ട് മാതാപിതാക്കളും മൂത്ത സഹോദരനും പച്ചമരുന്നു ശേഖരിക്കാൻ കാട്ടിലേക്ക് പോയതായിരുന്നു. കട്ടൻകാപ്പിയിട്ട് അരി വറുക്കുന്നതിനിടയിലാണ് വീടിന്റെ തൂണുകൾ പിറകിലേക്ക് ചായുന്നത് കണ്ടത്. മുറ്റത്തേക്ക് ഇറങ്ങിയ എട്ടുവയസുകാരിയുടെ കൺമുമ്പിൽ മുറ്റം ഇടിഞ്ഞ് താഴേക്ക് വീണു. തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ വീടിന്റെ പിന്നിലെ മൺഭിത്തി ഇടിഞ്ഞു വീടിനു മുകളിലേക്ക് പതിച്ചു. അകത്തേക്ക് പാഞ്ഞ അവൾ മൂന്നു വയസുള്ള ഇളയ അനുജത്തിയെ കോരിയെടുത്ത് സഹോദരിമാരോട് ഓടിക്കോളാൻ പറഞ്ഞു.

അനിയത്തിമാർ രണ്ടുപേരും സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിലും മൂന്നു വയസുകാരിയെ എടുത്തുകൊണ്ട് ഓടിയ ആരതിയുടെ ശരീരത്തിന്റെ പാതിയോളം മണ്ണിൽ പുതഞ്ഞുപോയി. അനുജത്തിമാരുടെ കയ്യിൽ മൂന്നു വയസുകാരിയെ കൈമാറുമ്പോൾ അവൾ പറഞ്ഞു, നിങ്ങൾ കുഞ്ഞുമായി രക്ഷപ്പെട്ടോ, ഞാൻ ചിലപ്പോൾ മരിച്ചുപോകുമായിരിക്കും. ആറും അഞ്ചും വയസുമാത്രമുള്ളെങ്കിലും ചേച്ചിയെ ഉപേക്ഷിച്ച് അവരും ഓടിയില്ല. ഇളയ അനുജത്തിയെ പൊന്തക്കാട്ടിൽ ഇരുത്തിയിട്ട് രണ്ടുപേരുംകൂടി ചേച്ചിയെ ചെളിയിൽനിന്നും വലിച്ചുകയറ്റി. കുറെക്കഴിഞ്ഞ് മാതാപിതാക്കൾ എത്തുമ്പോൾ മൂന്ന് സഹോദരങ്ങളെയും ചേർത്തുപിടിച്ചു കരച്ചിലടക്കി ഇരിക്കുകയായിരുന്നു ആരതി. ചെളിയിൽ പൂണ്ടുപോയപ്പോൾ എട്ടുവയസുകാരി വല്ലാതെ ഭയന്നിട്ടുണ്ടാകും. എന്നിട്ടുമവൾ ഭയവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കിപിടിച്ചിരുന്നത് താൻ കരഞ്ഞാൽ അനുജത്തിമാർ വല്ലാതെ ഭയന്നുപോകുമെന്ന് നിശ്ചയം ഉള്ളതുകൊണ്ടായിരിക്കും.
സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോഴും പ്രിയപ്പെട്ട അനുജത്തിയുമായി രക്ഷപ്പെടാനാണ് സഹോദരിമാരോട് അവൾ ആവശ്യപ്പെട്ടത്. ആ എട്ടുവയസുകാരിയുടെ കരുതൽ നമ്മെ കരയിപ്പിക്കുന്നതിനോടൊപ്പം ലജ്ജിപ്പിക്കുകയും വേണം. കാരണം, ഒരാളെ ഇടിച്ചുവീഴ്ത്തിയിട്ട് നിർത്താതെ പോയ വാഹനം 14 കിലോമീറ്ററിന് അപ്പുറംവച്ച് പോലീസ് കസ്റ്റഡിയിലെടുത്ത വാർത്തയും ആ ദിവസങ്ങളിൽത്തന്നെ പത്രങ്ങളിൽ വന്നിരുന്നു. അപകടം നടന്നത് പ്രധാന റോഡിൽവച്ചായിരുന്നു. വീട് ഇടിഞ്ഞുവീണത് ഒരു ആദിവാസി ഊരിലായിരുന്നു. ആരതി സ്‌കൂളിൽ പോകുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ടൈംയും കോട്ടും ധരിച്ച് പോകുന്ന സ്‌കൂളിലൊന്നും അല്ലെന്നത് ഉറപ്പ്.

ഇത്തരമൊരു കരുതലും സ്‌നേഹവും മക്കൾ തമ്മിലുണ്ടോ എന്ന് മാതാപിതാക്കൾ ആത്മപരിശോധന നടത്തണം. ഇല്ലെങ്കിൽ മറ്റെല്ലാ മേഖലകളിലും അവർ മുന്നിട്ടുനിന്നാലും അധികം അഭിമാനിക്കാൻ വകയില്ല. ഉണ്ടെങ്കിൽ സമ്പത്തു വിഭജിക്കുമ്പോൾ ഏറ്റക്കുറച്ചിലുകളുടെ പേരിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷങ്ങളോ കേസുകളോ ഉണ്ടാകില്ല. എന്നാൽ അങ്ങനെയുള്ള കേസുകൾ വർധിച്ചുവരുകയാണെന്ന യാഥാർത്ഥ്യം കാണാതിരിക്കാനാവില്ല. അതും വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ ആളുകളുടെ ഇടയിൽ. സ്വന്തം ജീവൻ പണയപ്പെടുത്തി അനുജത്തിമാരോട് രക്ഷപെടാൻ ആവശ്യപ്പെട്ടതുപോലെയുള്ള സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടില്ലെങ്കിലും സ്വന്തം സുഖസൗകര്യങ്ങളും ഭാവിയും നഷ്ടപ്പെടുത്തി സഹോദരങ്ങൾക്കുവേണ്ടി നിലകൊണ്ട അനേകർ നമ്മുടെ ചുറ്റുപാടുമുണ്ട്. അവരുടെ കഷ്ടപ്പാടുകളാണ് അധികാര കസേരകളും ബാങ്കുബാലൻസുകളും വാങ്ങിക്കൊടുത്തത്. എന്നാൽ, ഇപ്പോഴത്തെ ഉയർച്ചയിൽ ഇന്നലെകളെ വിസ്മരിക്കാനാണ് പലർക്കും താല്പര്യം.

മക്കൾ തമ്മിൽ സ്‌നേഹമില്ലെന്നതിൽ വേദനിക്കുന്ന അനേകം മാതാപിതാക്കളെ കാണാനിടയായിട്ടുണ്ട്. താൻ എങ്ങനെയാണ് സഹോദരങ്ങളോടും മാതാപിതാക്കളോടും ചുറ്റുപാടുമുള്ള മനുഷ്യരോടും പെരുമാറുന്നതെന്ന് പരിശോധിക്കണം. സ്വന്തം സഹോദരങ്ങളിൽനിന്നും മുഖംതിരിച്ചിട്ട് മക്കൾക്കായി സമ്പത്ത് സ്വരുകൂട്ടിയാൽ അവരും അതാവർത്തിക്കും. കാരുണ്യത്തോടെ പെരുമാറാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത്തരമൊരു മനോഭാവത്തിലേക്ക് ഉടൻ തിരികെ വരണം. അഗളിയിലെ എട്ടുവയസുകാരി സഹോദരങ്ങളെ സ്‌നേഹിക്കണമെന്നത് പുസ്തകങ്ങളിൽനിന്നും പഠിച്ചതല്ല. മറിച്ച്, അവൾ ജീവിക്കുന്ന അപരിഷ്‌കൃതമെന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ചുറ്റുപാടുകൾ പകർന്നുനൽകിയതാണ്. അറിവും സൗകര്യങ്ങളും നമ്മുടെ മനസുകളെ ഇടുങ്ങിയതാക്കി മാറ്റുകയാണോ എന്ന് പരിശോധിക്കണം. സ്വാർത്ഥതയുടെ പുറത്തു കുന്നുകൂട്ടുന്നവരെല്ല, സ്‌നേഹത്തിന്റെ മുകളിൽ പണിതുയർത്തുവരെയാണ് കാലം ഓർത്തിരിക്കുന്നതും ദൈവം ചേർത്തുപിടിക്കുന്നതും.