എന്താണ് പാര്‍ക്കിന്‍സണ്‍

0
622

പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിട്ട് രണ്ട് നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
പാര്‍ക്കിന്‍സോണിസം എന്നത് താഴെപറയുന്ന രോഗലക്ഷണങ്ങള്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഒരുവ്യക്തിക്ക് പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കാലതാമസവും അതോടെപ്പം വിറയല്‍, പേശികളുടെ മുറുക്കം, നടക്കുമ്പോള്‍ ഉണ്ടാകുന്ന ബാലന്‍സില്ലായ്മ എന്നീ മൂന്നു രോഗ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ക്ക് പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ ഉണ്ടെന്നു പറയാം.
പാര്‍ക്കിന്‍സോണിസം എന്ന രോഗാവസ്ഥ അനേകം രോഗങ്ങള്‍ കൊണ്ട് ഉണ്ടാകാവുന്നതാണ്. അവയെ പാര്‍ക്കിന്‍സണ്‍സ് രോഗം, എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സോണിസം, സെക്കന്ററി പാര്‍ക്കിന്‍സോണിസം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
ഇതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നതും അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ടതുമായ രോഗം പാര്‍ക്കിന്‍സണ്‍സ് രോഗമാണ്. ഇത് തലച്ചോറിനെ ബാധിക്കുന്ന തേയ്മാന രോഗമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നാഡീകോശങ്ങളുടെ തേയ്മാനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. പാരിസ്ഥിതിക ഘടകങ്ങളായ മലിനീകരണം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അമിതഉപയോഗവും ജനിതക ഘടകങ്ങളും കാരണങ്ങളായി സംശയിക്കപ്പെടുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെയത്ര സാധാരണയായി കാണാത്ത ചില മസ്തിഷ്‌ക തേയ്മാന രോഗങ്ങളാണ് എറ്റിപ്പിക്കല്‍ പാര്‍ക്കിന്‍സോണിസം എന്ന വിഭാഗത്തില്‍പ്പെടുന്നത്. മസ്തിഷ്‌ക തേയ്മാനത്തിനുപുറമെ തലച്ചോറിന്റെ മറ്റുരോഗങ്ങള്‍ മൂലം പാര്‍ക്കിന്‍സോണിസം ഉണ്ടാകുമ്പോഴാണ് സെക്കന്ററി പാര്‍ക്കിന്‍ സോണിസം എന്നുവിളിക്കുന്നത്. സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സോണിസം, ചില മരുന്നുകള്‍ മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സോണിസം എന്നിവ ഇതിനുദാഹരണങ്ങളാണ്.
സാധരണയായി 50വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 50 വയസ്സിനു മേലെ പ്രായം ഉള്ളവരില്‍ ഒരു ശതമാനം പേരിലും 65 വയസ്സിനുമേലെ പ്രായംഉള്ളവരില്‍ 1.8%ആള്‍ക്കാരിലും 85 വയസ്സിനു മേലെ പ്രായം ഉള്ളവരില്‍ 2.6 %ആള്‍ക്കാരിലും ഈ രോഗം കണ്ടുവരുന്നു. ഇതു പൊതുവേ വാര്‍ദ്ധക്യകാലരോഗമാണെങ്കിലും 10 ശതമാനം രോഗികളില്‍ 40 വയസ്സിന് മുമ്പ് തന്നെ രോഗം ഉണ്ടാകാവുതാണ്. ചെറുപ്പകാരില്‍ ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ കാരണം ജനിതക ഘടകങ്ങള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങള്‍ രോഗിയുടെ നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോഴാണ് ചികിത്സ വേണ്ടിവരുന്നത്. പാര്‍ക്കിന്‍സസ് രോഗികള്‍ക്ക് ഭക്ഷണത്തില്‍ യാതൊരു പഥ്യവും ആവശ്യമില്ല. സാധാരണകഴിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗികളില്‍ മലബന്ധം സര്‍വ്വസാധാരണയായി കണ്ടുവരുന്നതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണവും പഴങ്ങളും പച്ചകറികളും കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ രോഗികളില്‍ മാംസപേശികളില്‍ മുറുക്കം അനുഭവപ്പെടുന്നതുകുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. രോഗികളുടെ നടക്കാനുള്ള ബുദ്ധിമുട്ടുകളും ബാലന്‍സില്ലായ്മയും വ്യായാമത്തിലൂടെ ഭാഗികമായി നിയന്ത്രിക്കാവുന്നതാണ്. ഇതിനായി ഫിസിയോതെറാപ്പിസ്റ്റിന്റെ ഉപദേശവും തേടണം. പാര്‍ക്കിന്‍സസ് രോഗി ആദ്യം ചെയ്യേണ്ടത് രോഗത്തെയും അതിന്റെ ചികിത്സയെയും കുറിച്ച് ഡോക്ടറോട് ചോദിച്ചുമനസ്സിലാക്കുകഎന്നതാണ്.