എബ്ലൈസ് 2018 സമാപിച്ചു, ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ജനുവരി പതിമൂന്നിന്

0
170

ബർമിങ്ഹാം: യൂറോപ്പിനെ വീണ്ടും ക്രിസ്തീയവിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയേകി നവസുവിശേഷവത്ക്കരണത്തിനായുള്ള സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം ‘എബ്ലൈസ് 2018 ‘മ്യൂസിക്കൽ കൺസേർട്ട് സമാപിച്ചു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് വിറ്റ്‌നസെസ്സ് ബാൻഡ് ടീമും നയിച്ച എബ്ലൈസ് 2018 ൽ ദേശഭാഷ വ്യത്യാസമില്ലാതെ നിരവധി യുവതീയുവാക്കളാണ് പങ്കെടുത്ത്. കുട്ടികളും യുവജനങ്ങളും ദൈവസ്‌നേഹത്തെപ്പറ്റി ഒരേസ്വരത്തിൽ ആർത്തുപാടിയപ്പോൾ അത് നാളെയുടെ നവസുവിശേഷവത്ക്കരണത്തിന്റെ തുടക്കമായി മാറി.

ആത്മീയ സാരാംശമുൾക്കൊള്ളുന്ന നയനമനോഹരങ്ങളായ വിവിധ പരിപാടികളും എബ്ലൈസ് 2018 ന്റെ സവിശേഷതയായിരുന്നു. ദൈവികാനുഗ്രഹത്താലും പരിശുദ്ധാത്മവിനാലും നയിക്കപ്പെട്ട എബ്ലൈസ് മ്യൂസിക്കൽ കൺസേർട്ട് യൂറോപ്പിന്റെ മണ്ണിൽ പൈശാചികതയെ കുഴിച്ചുമൂടുമെന്ന പുതുതലമുറയുടെ പ്രഖ്യാപനം കൂടിയായിരുന്നു .

അതേസമയം, ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിൻബലത്തിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഈ മാസം 13 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി ,പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനോൻ ബ്രയാൻ, കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി എന്നിവരും 2018 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തിരുവചനസന്ദേശ ശുശ്രൂഷകളിൽ പങ്കുചേരും. ശക്തമായ വിടുതലും രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ,കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.