എല്ലാം ദൈവകാരുണ്യം മാത്രം

0
174
എല്ലാം ദൈവകാരുണ്യം മാത്രം

ചെറുപ്പത്തില്‍ അതിരാവിലെ ഉണര്‍ന്ന് നിത്യവും പള്ളിയില്‍ പോകുന്ന തന്നെ നോക്കി മറ്റുള്ളവര്‍ പറയുകയായിരുന്നു ‘ഇവന്‍ ഒരു പള്ളീലച്ചന്‍ ആകാന്‍ പോകുകയാണെന്ന്.’ അതവരുടെ പരിഹാസമായിരുന്നു. അതിന് അവര്‍ക്ക് കാരണവുമുണ്ടായിരുന്നു. അന്ന് മണ്ണാര്‍ക്കാട് താലൂക്കിലെ ചെമ്പകച്ചോലയെന്ന ഗ്രാമത്തില്‍ ദിവസവും ദിവ്യ ബലിക്കായി പള്ളിയെത്തിയിരുന്നത് ആകെ നാലുപേര്‍ മാത്രമാണ്. ഇതില്‍ മൂന്നുപേരും പ്രായമായ കാരണവന്‍മാര്‍. ഞാന്‍ മാത്രം ബാലനും. വൈകുന്നേരങ്ങളില്‍ ക്ലബ്ബുകളിലിരുന്നു നേരംകളഞ്ഞവവര്‍ അതിലൊന്നും പങ്കാളിയാകാത്ത തന്നെ നോക്കി കളിയാക്കിക്കൊണ്ടിരുന്നു. എന്നാല്‍ ഇടവകപള്ളിയില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തെ തുടര്‍ന്ന് എന്നെ കളിയാക്കിയവര്‍ പലരും പള്ളിയില്‍ വന്നു തുടങ്ങി. വാഹന സൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തില്‍ നാലുകിലോമീറ്ററോളം നടന്നാണ് എല്‍.പി ക്ലാസ്സുകളില്‍ അന്ന് പോയിരുന്നത്. പിന്നീട് അഞ്ചു മുതല്‍ 10 വരെയുള്ള പഠനത്തിന് ഒറ്റശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്കു 11 കിലോമീറ്ററോളം നടന്നാണ് പോയത്. ഇങ്ങനെ നടന്നുപോയി പഠിച്ചു പത്താം ക്ലാസ് പാസായ ഏക വ്യക്തി ഞാനായിരിക്കാം. തുടര്‍ന്ന് മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ക്കിടയിലും മണ്ണാര്‍ക്കാട് കോളജില്‍ എന്നെ ചേര്‍ത്തു.
1990-ല്‍ പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്നും എം.എ ഇക്കണോമിക്‌സ് പാസായി. 1991-ല്‍ കോ. ഓപ്പറേറ്റീവ് കോളജില്‍ അധ്യാപകനായി. അതിനുശേഷമാണ് പോലീസില്‍ ചേരുന്നത്. ട്രെയിനിംഗ് പീരിയഡില്‍ ജില്ലയിലെ ഏറ്റവും നല്ല പോലീസ് കേഡറ്റായി. തങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യ സര്‍ക്കാര്‍ ജോലിക്കാരനും ഞാനായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചു നാനാഭാഗത്തുനിന്നും നിരവധിയായ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ഇവയെല്ലാം തരണം ചെയ്തു നിഷ്പക്ഷമായും സത്യസന്ധമായും നീതിനിര്‍വ്വഹണം നടത്തുക ശ്രമകരവുമായിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ദൈവനിവേശിതമാണ് തന്റെ ജോലിയെന്നും ദൈവം ഏല്പിച്ച ജോലിയില്‍ ദൈവത്തോടു പൂര്‍ണ്ണമായും വിധേയപ്പെട്ടുള്ള തന്റെ ജീവിതവും തന്നെ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ക്ക് കീഴ്‌പെടുത്താന്‍ അവസരം നല്‍കിയിരുന്നില്ല. തന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനം ദൈവത്തിന് നല്‍കി മുന്നോട്ടു പോകുമ്പോള്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 12 വര്‍ഷം മതാധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. അക്കാലങ്ങളില്‍ കുട്ടികളില്‍ ദൈവാനുഭവം പങ്കുവെയ്ക്കുകയും, കാത്തലിക് ഓര്‍ഗനൈസേഷന്‍, ചെറുപുഷ്പം മിഷന്‍ലീഗ്, കെ.സി.വൈ.എം.എന്നീ സംഘടനകളിലെ അംഗത്വവുമെല്ലാം പക്വമായ ഒരു പോലീസ് ജീവിതത്തിന് തനിക്കെന്നും തുണയായിട്ടുമുണ്ട്. 26 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഒരു റിമാര്‍ക്ക് പോലും വീഴാതെ സത്യസന്ധമായും അര്‍പ്പണബോധത്തോടെയും ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടരാനാകുന്നുവെന്നത് ദൈവത്തിന്റെ പ്രവര്‍ത്തനമായി കാണുന്നു.
ചെറുപ്പകാലത്ത് എന്നെ കളിയാക്കിയവര്‍ പുതുതലമുറയ്ക്ക് തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ അതെന്റെ ജീവിതത്തിന് ദൈവം നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായി ഞാന്‍ കാണുന്നു. 26 വര്‍ഷക്കാലത്തെ സര്‍വ്വീസിനിടയില്‍ ഒട്ടനവധി പ്രമാദമായ കൊലക്കേസുകളും മോഷണക്കേസുകളുമെല്ലാം അന്വേഷിക്കുകയും അതിലെല്ലാം ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാതെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടു വരാനും അവര്‍ക്ക് ന്യായമായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞു എന്നതും ദൈവത്തിന്റെ കരുതലാണ്. ഈ കാലയളവില്‍ 98 ഗുഡ് സര്‍വ്വീസ് എന്‍ട്രികളും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ അടക്കമുള്ള നിരവധി പാരിതോഷികങ്ങളും തേടിയെത്തി. ഇതിലെല്ലാം ഉപരിയായി തെളിയിക്കപ്പെട്ടിട്ടുള്ള കേസുകളില്‍ ആ പ്രദേശത്തെ ആള്‍ക്കാര്‍ തനിക്കു സമ്മാനിക്കുന്ന സ്‌നേഹമാണ് കൂടുതല്‍ ചാരിതാര്‍ത്ഥ്യമുണ്ടാക്കുന്നത്. ഒരു ഡി.വൈ.എസ്.പി. എന്ന നിലയിലുള്ള തന്റെ ഉയര്‍ച്ചയ്ക്ക് നിദാനം ദൈവത്തിന്റെ കൃപമാത്രമാണ്.

കെ.എം. ദേവസ്യ
(ഡി.വൈ.എസ്.പി,
മാനന്തവാടി)