എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ സ്‌നേഹത്തിലൂടെ സാധിക്കും: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

0
823

മൂവാറ്റുപുഴ: സ്‌നേഹത്തിന് എല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ കഴിയുമെന്ന് കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘സ്‌നേഹത്തിന്റെ സന്തോഷം’ എന്ന കുടുംബത്തെക്കുറിച്ചുള്ള പ്രബോധനരേഖയെ അടിസ്ഥാനമാക്കി സാധാരണക്കാര്‍ക്ക് മനസിലാകുംവിധം ഫാ.ഔസേപ്പച്ചന്‍ നെടുമ്പുറം തയാറാക്കിയ മാര്‍പാപ്പ കുടുംബങ്ങളോട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ മഠത്തിക്കണ്ടത്തില്‍. കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തിരുവചനാടിസ്ഥാനത്തില്‍ വിലയിരുത്താനും പരിഹരിക്കാനും ക്രൈസ്തവര്‍ക്ക് കഴിയണമെന്ന് ബിഷപ് പറഞ്ഞു. മൂവാറ്റുപുഴ നെസ്റ്റില്‍ നടന്ന വൈദികസമ്മേളനത്തില്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിന് ആദ്യ പ്രതി കൈമാറിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു.
രൂപത ഫാമിലി അപ്പോസ്തലേറ്റാണ് പ്രസാധകര്‍. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ഫാ. ഔസേപ്പച്ചന്‍ നെടുമ്പുറം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.