എല്ലാ മനുഷ്യരുടെയും കണ്ണീരും രക്തവും ഒരുപോലെ; വിദ്വേഷം മറന്ന് ജീവിക്കണം: യാങ്കൂൺ ആർച്ച് ബിഷപ്പ്

0
442

എല്ലാ മനുഷ്യരുടെയും കണ്ണീരും രക്തവും ഒരുപോലെയാണെന്നും വിദ്വേഷം മറന്ന് ജീവിക്കുകയാണ് വേണ്ടതെന്നും യാങ്കൂൺ ആർച്ച്ബിഷപ്പായ കർദിനാൾ ചാൾസ് ബോ. ഫ്രാൻസിസ് പാപ്പ മ്യാൻമർ സന്ദർശിക്കുന്ന സാഹചര്യത്തിൽ സമാധാനമില്ലാതാക്കുന്ന പ്രവർത്തനങ്ങളൊന്നും ഉണ്ടാകാൻ പാടില്ലെന്നും മതനേതാക്കളുടെ സംസാരവും പ്രവർത്തനവും കരുതലോടെ ആയിരിക്കണമെന്നും അദ്ദേഹം മതനേതാക്കളോട് ആവശ്യപ്പെട്ടു. നവംബർ 27 മുതൽ 30 വരെയാണ് പാപ്പ മ്യാൻമർ സന്ദർശിക്കുന്നത്.

2015 മുതൽ മ്യാൻമറിലെ ക്രൈസ്തവരുടെയും മറ്റ് മതന്യൂനപക്ഷവിഭാഗങ്ങളുടെയും സ്ഥിതി അങ്ങേയറ്റം ശോചനീയമാണ്. രാജ്യത്തെ മുഴുവൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള നാലര ലക്ഷം ക്രൈസ്തവർക്ക് നേരെ ദിനംപ്രതി ഭീകരമായ പീഠനങ്ങളാണ് സൈന്യവും സർക്കാരും അഴിച്ചുവിടുന്നത്. മുസ്ലിം മതവിശ്വാസികളായ റൊഹിങ്ക്യകളും സൈന്യത്തിന്റെ പീഢനത്തിനിരയാകുന്നുണ്ട്. സൈന്യത്തിന്റെ പീഢനവും സർക്കാരിന്റെ അടിച്ചമർത്തലുകളും സഹിക്കാനാകാതെ അഞ്ചു ലക്ഷത്തോളം റൊഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്.

മ്യാൻമറിൽ ബുദ്ധമതം മാത്രം പ്രാബല്യത്തിലാക്കാൻ ശ്രമിക്കുന്ന ഭണകൂടം ക്രൈസ്തവരെ തോക്കിൻമുനയിൽ നിർത്തി മതപരിവർത്തനത്തിന് വിധേയരാക്കുന്നതായി ഏഷ്യാന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവരെ വിപ്ലവകാരികളായി ചിത്രീകരിച്ച് ശിക്ഷിക്കുന്നതിന് പുറമെ കച്ചിൻ പ്രവശ്യയിൽ ദിവ്യബലി അർപ്പണത്തിനും വിശ്വാസികളുടെ കൂട്ടായ്മക്കും നേരെ തുടർച്ചയായ ആക്രമണങ്ങളും നടക്കുന്നു. ക്രൈസ്തവർക്ക് ഭ്രഷ്ട് കൽപ്പിച്ച് ബുദ്ധമതസ്ഥർക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റം നൽകുന്നതും ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധത വ്യക്തമാക്കുന്നു.

ദൈവാലയ നിർമ്മാണത്തിനായി ഭൂമി വിട്ട് നൽകാത്തതിന് പുറമെ കച്ചിൻ, ചിൻ, നഗ എന്നീ പ്രദേശങ്ങളിലെ ക്രൈസ്തവവരും ദശാബ്ദങ്ങളായി പീഡനത്തിന് ഇരയാകുന്നുണ്ട്. ക്രൈസ്തവ ദൈവാലയങ്ങളും സെമിത്തേരികൾക്കും നേരെ ആക്രമണങ്ങൾ പതിവാണെന്ന് സ്വതന്ത്ര മനുഷ്യാവകാശ ഗവേഷകനായ റേച്ചൽ ഫ്ലെമിങ് പറയുന്നു. ‘അധികൃതരെ കൂടാതെ മറ്റ് മതങ്ങളിൽപ്പെട്ടവരും ക്രൈസ്തവരെ പീഢിപ്പിക്കുകയാണ്. ക്രിസ്ത്യൻ പ്രദേശങ്ങളിലുള്ള സൈനിക സ്‌കൂളിൽ കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുന്നു’. ഫ്ലെമിങ് വ്യക്തമാക്കി. ക്രൈസ്തവമതവും കൂട്ടായ്മയും തകർക്കുക എന്നീ ലക്ഷ്യവും ദൈവാലയനിർമ്മാണത്തിനായി ഭൂമി നിഷേധിക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നു. അതിനാൽ ഭൂരിപക്ഷം വിശ്വാസികളും സ്വന്തം വീടുകളിലാണ് പ്രാർത്ഥന നടത്തുന്നത്. ബുദ്ധമത പ്രചാരണത്തിനായി ഭരണകൂടം മുന്നിട്ടിറങ്ങിയത് തങ്ങളെ ആശങ്കപ്പെടുത്തുന്നതായി മ്യാൻമറിലെ ക്രൈസ്തവർ പറഞ്ഞു.

അതേസമയം, ഫ്രാൻസിസ് പാപ്പയുടെ മ്യാൻമർ സന്ദർശനം ക്രൈസ്തവരുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും പാപ്പയുടെ സന്ദർശനം ഇടയാക്കുമെന്ന് വിലയിരുത്തലുകളുണ്ട്.അഞ്ചുനൂറ്റാണ്ടുകൾക്ക് മുൻപ് ക്രൈസ്തവ സാന്നിധ്യമുള്ള മ്യാൻമറിൽ നിന്ന് ഇത് വരെ ഒന്നര ലക്ഷത്തോളം ജനങ്ങളാണ് സ്വഭവനങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്തത്.