എൺപതു വർഷം മുമ്പത്തെ ആ നനുത്ത ഓർമകൾ

300

കവിയും സാമൂഹിക പ്രവർത്തകനുമായ ചെമ്മനം ചാക്കോയുടെ അനുഭവം

”മോനേ, ചാക്കോച്ചാ, എഴുന്നേൽക്കെടാ. ഇതാ ക്രിസ്മസ് പാട്ടുകാർ വരുന്നു.” വലിയ പെങ്ങളുടെ വിളികേട്ട് ഏഴുവയസുകാരൻ ചാക്കോച്ചൻ ചാടിയെഴുന്നേറ്റു. കാരണം പാതിരാത്രിയും കഴിഞ്ഞ് ക്രിസ്മസ് പാട്ടുകാർ വരുമ്പോൾ വിളിക്കണമെന്ന് വലിയ പെങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടാണ് കിടന്നത്. ഒറ്റവിളിക്ക് എഴുന്നേറ്റുകൊള്ളാമെന്ന് അവനും സത്യം ചെയ്തിരുന്നു. നല്ല ഉറക്കബോധമുള്ള കുട്ടിയാണ് ചാക്കോച്ചൻ എന്ന് അമ്മ പറയുമായിരുന്നുതാനും. ഏതായാലും രണ്ടാമതൊന്നുകൂടി വിളിക്കേണ്ടിവന്നില്ല. അവൻ ചാടി എഴുന്നേറ്റു. അവൻ എന്നു പറയുമ്പോൾ ഇന്ന് 87-ാമത്തെ ക്രിസ്മസും പിന്നിട്ട ചെമ്മനം ചാക്കോ എന്ന ഞാൻ എന്നു മനസിലാക്കുക.

അതേ, 1930 കളിലെ കാര്യമാണ് ഓർത്തെടുക്കുന്നത്. ‘കരോൾ പാർട്ടി’ എന്ന പദമൊന്നും അന്നു പ്രചാരത്തിലില്ല. ‘ക്രിസ്മസ് പാട്ടുകാർ’ എന്നു പറഞ്ഞുപോന്നു. ക്രിസ്മസ് കേക്കും അന്നു കേരളം കണ്ടിട്ടുണ്ടാവില്ല. അവലു വിളയിച്ചതും ശർക്കര നെയ്യപ്പവും ഒക്കെയാണ് പാട്ടുകാരെ സൽക്കരിക്കാനുണ്ടായിരുന്ന വിഭവങ്ങൾ. ഒപ്പം ചുക്കുകാപ്പിയും. ഈറ്റപ്പൊളികൾകൊണ്ട് നക്ഷത്രത്തിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ ഫ്രെയിമിൽ വർണക്കടലാസ് ഒട്ടിച്ചാണ് ‘നക്ഷത്രവിളക്കുകൾ’ ഉണ്ടാക്കിയിരുന്നത്. നടുക്ക് വിലങ്ങനെ കട്ടിയുള്ള ഒരു തണ്ടുകെട്ടി വച്ചിരിക്കുന്നതിൽ മെഴുകുതിരി പിടിപ്പിക്കും. അതു കത്തിക്കാൻ മുകളിൽ ഒരു ഭാഗം ഒഴിച്ചിട്ടിരിക്കും. ഈവിധ നക്ഷത്രങ്ങൾ തണ്ടുകളിൽ ബന്ധിച്ച് പൊക്കിപ്പിടിക്കുന്നു. വൈദ്യുതി ഗ്രാമപ്രദേശങ്ങളിൽ എത്തിനോക്കിയിട്ടുപോലുമില്ലായിരുന്ന അക്കാലത്ത് പെട്രോമാക്‌സ് വിളക്കുകളായിരുന്നു വഴിനടപ്പിന് ക്രിസ്മസ് പാട്ടുകാർ ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് ചൂട്ടുകറ്റ കത്തിച്ചു വീശും.

ചാക്കോച്ചൻ വീടിന്റെ മുൻവശത്തെ ഇറയത്തിന്റെ അരമതിലിൽ സ്ഥാനം പിടിച്ചു. ഇന്നത്തെ മാതിരിയല്ല, നല്ല മഞ്ഞും തണുപ്പുമാണ് അന്നൊക്കെ. അഞ്ചു മിനിട്ട് പുറത്തിറങ്ങി നിന്നാൽ കുട്ടികൾ കിടുകിടുക്കും. കൊച്ചുപെങ്ങൾ ഒരു കൊച്ചുപുതപ്പു കൊണ്ടുവന്ന് അവനെ പുതപ്പിച്ചു. ഉറക്കം തൂങ്ങി താഴെ വീഴാതിരിക്കാൻ അവനെ പിടിച്ചുകൊണ്ടുനിന്നു. പാട്ട് അങ്ങകലെ കേൾക്കുന്നതേയുള്ളൂ. ഒന്നുരണ്ടു വീട്ടിലും കൂടി കയറി പാടിയിട്ടാകും ഞങ്ങളുടെ വീട്ടിലെത്തുക. മനസിൽ പാട്ടുകാർ വരാൻ തിടുക്കമായി ചാക്കോച്ചന്. മുൻവശം വിശാല മുറ്റമാണ്. പാട്ടുകാർ വരുമ്പോൾ അവർക്കുനിന്നു പാടുവാനും പാട്ടു കഴിയുമ്പോൾ ഇരുന്ന് കാപ്പി കുടിക്കാനുംവേണ്ടി ചേട്ടന്മാർ മുറ്റത്ത് പുതിയ പനമ്പുപായകൾ വിരിക്കുന്നു. അമ്മയും വലിയ പെങ്ങളും അടുക്കളയിൽ അവൽ വിളയിക്കുന്നതിന്റെ തിരക്കിലാണ്. രാത്രി രണ്ടുമണിക്ക് ശ്രീയേശുവിന്റെ ജനനവാർത്ത അറിയിച്ചെത്തുന്ന 20-25 പേർ ഉൾപ്പെട്ട സംഘത്തിന് ചുക്ക്കാപ്പിയും അവൽ വിളയിച്ചതും നൽകി സൽക്കരിക്കണം. ഗായകസംഘം വരുന്നത് മുളക്കുളം മണ്ണൂക്കുന്നേൽ പള്ളി വികാരിയായ ചെമ്മനം വീട്ടിൽ ദിവ്യശ്രീ യോഹന്നാൻ കത്തനാരുടെ വീട്ടിലേക്കാണ്. മോശമാക്കിക്കൂടാ. പാട്ടുകഴിഞ്ഞ് പോകുമ്പോൾ യഥാശക്തി ഒരു ചെറിയ തുക ഓരോ വീട്ടുകാരും പാട്ടുകാരുടെ സംഘത്തിന് നൽകും. അപ്പൻ അവർക്കു കൊടുക്കാനുള്ള സമ്മാനത്തുക എടുത്തുവയ്ക്കുന്നു.

ചാക്കോച്ചന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒടുക്കം പാട്ടുകാരെത്തി. ഇടവക പുരോഹിതന്റെ വീടാണ്. കൂടാതെ കാപ്പി കിട്ടുന്ന ഏതാനും വീടുകളിൽ ഒന്നാണ്. അതുകൊണ്ട് ഉത്സാഹഭരിതരായ പാട്ടുകാർ ആവുന്നത്ര ഉച്ചത്തിൽ ഉശിരൻ പാട്ടുകൾ തിരഞ്ഞെടുത്ത് പാടി. സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞോന്നൻ കൊച്ചപ്പനാണ് മ്യൂസിക് ഡയറക്ടർ. നാലഞ്ചുപേർ ഇടയ്ക്ക് ഇടവിട്ടുനിന്ന് ‘കൈത്താളം’ കൊട്ടുന്നുണ്ട്.
”ബേത്‌ലഹേമിലുദിച്ചു നമുക്കൊരു
രക്ഷകനിന്നാഹാ….”
”ആട്ടിടയർക്കൊരു ബോധമുദിച്ചവ-
രെഴുന്നേറ്റു……”
എന്നിങ്ങനെ പോകുന്നു പാട്ടിന്റെ ഓർമതുണ്ടുകൾ. പാട്ടുകൾ അഞ്ചെണ്ണം തകർത്തുപാടി. തുടർന്ന് കാപ്പിസൽക്കാരമാണ്. നക്ഷത്രവിളക്കുകളിലെ തിരി കെടുത്തിവച്ച് എല്ലാവരും നിരനിരയായി ഇരിക്കുന്നു. തൂശനിലയിൽ ഓരോരുത്തർക്കും അവൽ വിളയിച്ചത് വിളമ്പുന്നു. ഗ്ലാസിനു പകരം കോപ്പകൾ ആണ് അന്നു പ്രചാരം. കോപ്പകളിൽ ആവി പറക്കുന്ന ചക്കര കാപ്പിയും. മ്യൂസിക് ഡയറക്ടർ കുഞ്ഞോന്നൻ കൊച്ചപ്പൻ എന്നെയും അനുജൻ ഓന്നച്ചനെയും കാപ്പിസൽക്കാരത്തിന് തന്റെ ഇരുവശങ്ങളിലായി പിടിച്ചിരുത്തുന്നു. അപ്പോൾ തോന്നിയ സന്തോഷവും അഭിമാനവും എൺപതാണ്ടുകഴിഞ്ഞിട്ടും, കഥാപാത്രങ്ങൾ എല്ലാംതന്നെ അസ്തമിച്ചിട്ടും എന്റെ ഉള്ളിൽ തിളങ്ങിനിൽക്കുന്നു.

കാപ്പികഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. നക്ഷത്രവിളക്കുകൾ വീണ്ടും കത്തിച്ചു. പോകുന്നതിനുമുമ്പ് യാത്രാമംഗളഗാനമുണ്ട്. അതു പാടാനുളള ഒരുക്കമാണ്.ക്രിസ്മസിന് എട്ടുപത്തു ദിവസം മുമ്പ് ക്രിസ്മസ് പാട്ടുകാരുടെ സംഘം ഇടവകയിലെ വീടുകളിൽ പാടുവാൻ തുടങ്ങും. ക്രിസ്മസ് ദിനത്തിന് തൊട്ടുതലേന്നാണ് ചെമ്മനംവീട്ടിൽ സാധാരണ ഗായകസംഘം വരുന്നത്. വീട്ടുകാർക്കും പാട്ടുകാർക്കും ആനന്ദാനുഭവം നൽകുന്ന ഇക്കൊല്ലത്തെ പരിപാടി അവസാനിക്കുകയാണ്. അപ്പൻ അതീവരഹസ്യമായി ക്രിസ്മസ് സമ്മാനത്തുക കുഞ്ഞോന്നൻ കൊച്ചപ്പന്റെ കൈവശം ഏൽപിക്കുന്നത് ഞങ്ങൾ നോക്കിനിന്നു. ഇങ്ങനെ കിട്ടുന്ന തുക പിന്നീട് ഏതെങ്കിലും പ്രധാനമായൊരു പള്ളിക്കാര്യത്തിനാണ് ഉപയോഗിക്കുന്നത്. കൂണുപോലെ മുളയ്ക്കുന്ന രാഷ്ട്രീയപാർട്ടികൾ നിത്യേന പിരിവിനു സമീപിച്ച് പൊതുജനങ്ങളെ ചൂഷണം ചെയ്യാതിരുന്ന അക്കാലത്ത്, ക്രിസ്മസിനൊരു ആണ്ടുപിരിവുള്ളത് ആളുകൾ കാത്തിരുന്നു കൊടുക്കുമായിരുന്നു.

ഭക്തിയും ശുഭപ്രതീക്ഷയും നിറഞ്ഞ മംഗളഗാനം പാടി ക്രിസ്മസ് പാട്ടുകാർ പടിയിറങ്ങി. നക്ഷത്രവിളക്കുകൾ കണ്ണിൽനിന്നു മറയുന്നതുവരെ ചാക്കോച്ചൻ നോക്കിനിന്നു. ഇനിയും ഒരു കൊല്ലം കഴിയണമല്ലോ ഇതുപോലെ ഒരവസരത്തിനെന്ന ചിന്തയായിരുന്നു അപ്പോൾ ഉള്ളിൽ. കൊല്ലം എൺപതു കഴിഞ്ഞു. ഇതിനിടയിൽ ഇന്നോർക്കാൻ വിഷമം തോന്നുന്ന ദിവ്യമായ ഹൃദയബന്ധങ്ങളുടെ എത്രയെത്ര നഷ്ടങ്ങൾ! ഇതിനിടയിലും ആ ‘നക്ഷത്രവെളിച്ചം’ ഉള്ളിൽ തിളങ്ങി നിൽക്കുന്നു.