ഏറ്റവും പഴയ സമ്പൂർണ്ണ ലാറ്റിൻ ബൈബിൾ ഇംഗ്ലണ്ടിലേക്ക്

0
465

ലണ്ടൻ: ഫ്ലോറെൻസിലെ ലോറെൻഷിയൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പഴയ സമ്പൂർണ്ണ ലാറ്റിൻ ബൈബിൾ ഇംഗ്ലണ്ടിലെത്തിക്കുന്നു. ആയിരത്തിമൂന്നൂറ്റി രണ്ട് വർഷത്തിന് ശേഷമാണ് ‘കോഡെക്സ് അമിയാറ്റിനൂസ്’ എന്ന ബൈബിൾ ബ്രിട്ടീഷ് ലൈബ്രറി ഇംഗ്ലണ്ടിലെത്തിക്കുന്നത്. അടുത്തവർഷം നടക്കുന്ന രാജ്യത്തിന്റെ ചരിത്രം, കല, സാഹിത്യം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട എക്സിബിഷനിൽ പ്രദർശിപ്പിക്കാനാണ് ബൈബിൾ ഇംഗ്ലണ്ടിലെത്തിക്കുന്നത്.

എഡി 716 ൽ വെയർമൗത്ത് ജാരോ ആശ്രമത്തിലെ തലവൻ സിയോൾഫ്രിത്തിന്റെ നിർദ്ദേശപ്രകാരം നോർത്തംബ്രിയായിലെ സന്ന്യാസിമാരാണ് ബൈബിൾ തയ്യാറാക്കിയത്. ആയിരത്തിലേറെ മൃഗങ്ങളുടെ ചർമ്മം ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ബൈബിളിന് അരമീറ്ററോളം ഉയരവും, 34 കിലോഗ്രാം ഭാരവുമുണ്ട്.നിർമ്മാണം പൂർത്തിയായ ബൈബിൾ സിയോൾഫ്രിത്തിന്റെ നേതൃത്വത്തിൽ ഗ്രിഗറി രണ്ടാമൻ പാപ്പാക്ക് സമ്മാനിക്കുകയായിരുന്നു. അങ്ങനെ ഇറ്റലിയിലെത്തിയ ബൈബിൾ 18ാം നൂറ്റാണ്ടിൽ ലോറെൻഷിയൻ ലൈബ്രറിയിൽ എത്തിച്ചു.

ആംഗ്ലോ സാക്സൺ കാലഘട്ടത്തിൽ സിയോൾഫ്രിത്തിന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ച മൂന്ന് ബൈബിളുകളിൽ ഒന്നാമത്തെ ബൈബിളാണിത്. രണ്ടാമത്തെ ബൈബിൾ നഷ്ടപ്പെട്ടിരുന്നു. മൂന്നാമത്തേതിന്റെ കുറച്ച് ഭാഗം മാത്രമാണ് ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ലിൻഡിസ്ഫാർണെയിലെ സുവിശേഷ പ്രതികളും, പൂജരാജാക്കൻമാരുടെ കിരീടങ്ങളുടെ ഏറ്റവും പഴയ ചിത്രമടങ്ങുന്ന കയ്യെഴുത്ത് പ്രതികളും എക്സിബിഷനിലുണ്ടാകും.