ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍

0
827

അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം സ്ഥാപിച്ചു. സര്‍വരെയും അനുഗ്രഹിച്ചുകൊണ്ട് ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന രൂപം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
കോട്ടയം, പട്ടിത്താനം മുകളേപ്പറമ്പില്‍ ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തുമാസങ്ങള്‍കൊണ്ട് ഈ അതിവിസ്മയരൂപം നിര്‍മിച്ചത്. ഈ രൂപത്തിന് 82 അടി ഉയരമുണ്ട്. രൂപത്തിന് 64 അടി ഉയരവും സ്ഥാപിച്ചിരിക്കുന്ന പീഠത്തിന് 18 അടി ഉയരവുമുണ്ട്. ഈശോയുടെ മുഖത്തിന് മാത്രം പത്തടി വലിപ്പമുണ്ട്. കണ്ണുകള്‍ 18 ഇഞ്ചോളം വലുതാണ്. വേളാങ്കണ്ണിയിലും പരിസരപ്രദേശത്തുനിന്നും നോക്കിയാല്‍ തൂവെള്ള നിറത്തില്‍ തിളങ്ങി നില്‍ക്കുന്ന ഈ രൂപം കാണാം. പൈലിംഗിനുശേഷം നാലു പില്ലറുകളിലായി നാലു പ്രധാന ബീമുകളും ക്രോസ് ബീമുകളുമാണ് രൂപത്തെ താങ്ങിനിര്‍ത്തുന്നത്. സിമന്റ്, കമ്പി, മണല്‍, കമ്പിവല മുതലായവ ഉപയോഗിച്ചായിരുന്നു രൂപത്തിന്റെ നിര്‍മാണം. അത്യാവശ്യ സാഹചര്യങ്ങളില്‍ രൂപത്തിന് ഉള്ളിലൂടെ മുകളിലേക്ക് കയറുവാന്‍ ഗോവണിയും നിര്‍മിച്ചിട്ടുണ്ട്. മുകളിലെത്തിക്കഴിഞ്ഞാല്‍ രൂപത്തിന്റെ കൈകളിലെ കുപ്പായത്തിന്റെ ഭാഗത്തുകൂടി പുറത്തേക്ക് കടക്കാനാകും. ഈ ഭാഗത്തിനുതന്നെ ഒന്നരയാള്‍ പൊക്കമുണ്ട്. ‘ജീസസ് വിത്ത് ചില്‍ഡ്രണ്‍’ എന്ന രൂപവും ഇവര്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇതിലെ ഈശോയ്ക്ക് 25 അടിയാണ് ഉയരം.
തഞ്ചാവൂര്‍ ബിഷപ് ഡോ. ദേവദാസ് അംബ്രോസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോഷിയും സംഘവും വേളാങ്കണ്ണിയില്‍ എത്തിയത്. പാലായില്‍ നടന്ന സി.ബി.സി.ഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബിഷപ്പുമാരുടെ സംഘം അരുവിത്തുറ വല്യച്ചന്‍മല സന്ദര്‍ശിച്ചിരുന്നു. ജോഷിയുടെ നേതൃത്വത്തില്‍ ഇവിടെ തീര്‍ത്ത ശില്പങ്ങള്‍ ഇഷ്ടപ്പെട്ട തഞ്ചാവൂര്‍ ബിഷപ് അദ്ദേഹത്തെ വേളാങ്കണ്ണിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേളാങ്കണ്ണിയിലെ ക്രിസ്തുരൂപം കണ്ട് ഇഷ്ടപ്പെട്ട ആന്ധ്രയിലെ ഗുണ്ടൂര്‍ പെരുങ്കിപുറം ഇന്‍ഫന്റ് ജീസസ് ദൈവാലയ അധികാരികള്‍, 75 അടി ഉയരത്തില്‍ ജപമാലരാജ്ഞിയുടെ രൂപം നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ജോഷിക്ക് നല്‍കിയിട്ടുണ്ട്.
ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സെന്റ് ജൂഡ് ശില്പി ടീം കേരളത്തില്‍ നിരവധി ശില്പങ്ങളും അള്‍ത്താരകളും ഗ്രോട്ടോകളും നിര്‍മിച്ചിട്ടുണ്ട്. അരുവിത്തുറ വല്യച്ചന്‍മല കൂടാതെ അതിരമ്പുഴ ദൈവാലയത്തിലെ കുരിശിന്റെ വഴിയും ഇവരാണ് നിര്‍മിച്ചത്. സഹോദരങ്ങളായ ജോബി, ജോജി, ജോജോ, എബി എന്നിവരും ഈ രംഗത്ത് സജീവമാണ്.

തോമസ് തട്ടാരട്ടി