ഒരു ക്രൈസ്തവ മൗലികവാദിയുടെ കത്തോലിക്ക പ്രബോധനങ്ങൾ

326

ഫണ്ടമെന്റലിസത്തിൽനിന്ന് കത്തോലിക്കാസഭ പുല്കിയ ഡേവിഡ് ബി.ക്യുറി
തന്റെ അന്വേഷണത്തിന്റെ ചുരുളഴിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി കൊല്ലപ്പെട്ടത് ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അതുകേട്ട് കണ്ണ് നിറഞ്ഞു. എന്റെ സങ്കടം പ്രസിഡന്റ് മരിച്ചതിനേക്കാൾ, അദ്ദേഹം നരകത്തിൽ പോകുമെന്നോർത്താണ്. ഞങ്ങൾ ഫണ്ടമെന്റലിസ്റ്റുകളുടെ വിശ്വാസം അതാണ്. കെന്നഡി കത്തോലിക്കനാണല്ലോ. എന്റെ പിതാവ് ഉപദേശിയും അമ്മ ബൈബിൾകോളജ് അദ്ധ്യാപികയും. പിതാവിന്റെ, ദേവാലയത്തിലെ പ്രസംഗം മനസിൽ മായാതെയുണ്ട്. ഞായറാഴ്ച-മതബോധനം, ആരാധന, യുവജന കൂട്ടായ്മ എല്ലാം ഉണ്ടായിരുന്നു. പള്ളിയെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം.

ദേവാലയത്തിലെ മതപരമായ ആഘോഷങ്ങൾ ക്രിസ്മസും ഈസ്റ്ററും മാത്രമായിരുന്നു. ഞങ്ങൾ ഫണ്ടമെന്റലിസ്റ്റ് എന്നറിയപ്പെടാൻ കാരണം ക്രിസ്തീയ വിശ്വാസത്തിന്റെ ഫണ്ടമെന്റൽസിൽ (അടിസ്ഥാന തത്വങ്ങളിൽ) ഞങ്ങൾ വിശ്വസിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിലുണ്ടായ ആധുനീകരണത്തിനെതിരായി രൂപംകൊണ്ട പ്രസ്ഥാനമാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നത് ബൈബിളിന്റെ പ്രചോദനവും കൃത്യതയുമാണ്. കൂടാതെ ക്രിസ്തുവിന്റെ ദൈവത്വം, കന്യകയിൽ നിന്നുള്ള ജനനം, ഉത്ഥാനം, രണ്ടാം വരവ് ഇവയാണ്.

ക്രിസ്തീയ മൗലികവാദം മതനവീകരണത്തിനു മുമ്പേ ഉള്ളതായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നെങ്കിലും അതിന്റെ ഇരട്ടത്തൂണുകളായ ‘ബൈബിൾ മാത്രം’, ‘വിശ്വാസം മാത്രം’ എന്നീ തത്വങ്ങൾ ഞങ്ങൾ സ്വീകരിച്ചു. ഞങ്ങൾ ഊന്നിപ്പറയുന്നത് ഒരുവൻ ക്രിസ്ത്യാനിയാകുന്നത് ക്രിസ്തു അവന്റെ പാപത്തിന് പരിഹാരമായി മരിച്ചെന്നും ക്രിസ്തുവാണ് അവന്റെ വ്യക്തിപരമായ രക്ഷകനെന്നും വിശ്വസിക്കുമ്പോഴാണ്. പ്രായോഗിക അർത്ഥത്തിൽ മൗലികവാദി ആയിരിക്കുകയെന്നാൽ ലോകത്തിന്റെ തിന്മയിൽനിന്ന് അകന്നിരിക്കുകയാണ്. ഞാൻ സിനിമ, ഡാൻസ് പാർട്ടി, പുകയില, മദ്യം, ചൂതുകളി ഇവയിൽനിന്നെല്ലാം പൂർണമായും അകന്നുനിന്നു. എന്റെ മാതാപിതാക്കൾ പഠിപ്പിച്ചത് സത്യത്തോടുള്ള സമർപ്പണം ബലിപോലെ മൂല്യമുള്ളതാണെന്നാണ്.

കത്തോലിക്കരോടും അക്രൈസ്തവരോടും എപ്രകാരം എളിമയോടും സ്‌നേഹത്തോടുംകൂടി പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചിരുന്നു. ഒരിക്കൽ നമ്മെപ്പോലെ അവരും യഥാർത്ഥ വിശ്വാസികളാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതിനായി സ്‌നേഹസംഭാഷണത്തിനിടയിൽ സുവിശേഷം പറയാൻ ഞാൻ പരിശീലിപ്പിക്കപ്പെട്ടിരുന്നു. ഇപ്രകാരം സുവിശേഷം കൊടുക്കുവാൻ ഞാൻ എപ്പോഴെങ്കിലും പരാജയപ്പെട്ടാൽ അതെന്നിൽ കുറ്റബോധംപോലും ഉളവാക്കിയിരുന്നു.

കത്തോലിക്കർ സ്വർഗത്തിൽ പോകുമോ?

ഞങ്ങളുടെ കാഴ്ചപ്പാടിൽ ഫണ്ടമെന്റലിസ്റ്റുകളായിരുന്നു യഥാർത്ഥ ക്രിസ്ത്യാനികൾ. കത്തോലിക്കർ യഥാർത്ഥത്തിൽ ക്രിസ്ത്യാനികളേയല്ല. കാരണം, യേശുവിന്റെ കുരിശുമരണത്തിലൂടെ മാത്രം രക്ഷ പ്രാപിക്കുമെന്ന് വിശ്വസിക്കാതെ അവരുടെ സത്പ്രവൃത്തികളും രക്ഷയ്ക്ക് നിദാനമാകുമെന്ന് അവർ കരുതുന്നു. കത്തോലിക്കർ നരകത്തിൽ പോകുമെന്നാണ് ഞങ്ങൾ ചിന്തിച്ചിരുന്നത്. കാരണം, രക്ഷപ്രാപിക്കാൻ ആരും യോഗ്യരല്ലെന്ന് ബൈബിളിൽനിന്ന് തെളിയിക്കാം. അതുകൊണ്ട് കത്തോലിക്കനായിരിക്കുന്നത് ഏറ്റവും കഷ്ടം. അവർ വിശ്വസിക്കുന്നത് ദൈവവചനത്തിന് എതിരാണെന്ന് ഞങ്ങൾ കരുതി. യഥാർത്ഥത്തിൽ, കത്തോലിക്കാ വിശ്വാസത്തിന്റെ പലഭാ ഗങ്ങളും ഞങ്ങൾ അറിഞ്ഞില്ലെന്നത് സത്യം. അതിനാൽ ഇത്തരം വികലമായ കാഴ്ചപ്പാടുകളായിരുന്നു കത്തോലിക്കാ സഭയെക്കുറിച്ച് എനിക്കുണ്ടായിരുന്നത്.
കത്തോലിക്കാസഭ യഥാർത്ഥത്തിൽ പഠിപ്പിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. എന്നാൽ, കത്തോലിക്കാസഭ പഠിപ്പിക്കുന്നതെന്ന് ചിലർ തെറ്റായി ചിന്തിക്കുന്ന കാര്യങ്ങളെയാണ് പലരും എതിർക്കുന്നത്. ഞാനും രണ്ടാമത്തെ ഗ്രൂപ്പിൽപ്പെടുന്നു.

തെറ്റാവരത്തിന്റെ കാഠിന്യം

മറിയം യേശുവിന് ജന്മം നൽകിയ ശേഷവും കന്യകയായിരിക്കാൻ സാധ്യതയില്ലെന്ന് ഞാൻ ചിന്തിച്ചു. കാരണം, യേശുവിന്റെ സഹോദരങ്ങളെക്കുറിച്ച് ബൈബിളിലുണ്ട്. മറിയത്തിന്റെ സ്വർഗാരോപണവും അമലോത്ഭവവും അടിസ്ഥാനരഹിതമാണെന്നും മേരി സഹരക്ഷകയും മധ്യസ്ഥയുമാണെന്നുള്ളത,് ക്രിസ്തു ഏകരക്ഷകനും ഏകമധ്യസ്ഥനുമെന്നതിന്റെ വില കുറയ്ക്കുമെന്നും ഞാൻ കരുതി. വിശുദ്ധരോടുള്ള പ്രാർത്ഥനയും തിരുശേഷിപ്പുവ ണക്കവും ക്രിസ്തുവിന്റെ അധികാരത്തെ കുറയ്ക്കുന്നതായും തോന്നി. നമ്മുടെ ചെയ്തികൾ നമ്മുടെ രക്ഷയ്ക്ക് നിദാനമോ തടസമോ ആകുമെന്ന പഠനം വിശുദ്ധ ലിഖിതങ്ങൾക്ക് എതിരായി കരുതി. ജലത്താലുള്ള ജ്ഞാനസ്‌നാനം അന്ധവിശ്വാസമായി ഞാൻകണ്ടു. ശുദ്ധീകരണസ്ഥലവും വിശുദ്ധ കുർബാനയും യേശുവിന്റെ കുരിശുമരണത്തിലൂടെയുള്ള രക്ഷയ്ക്ക് എതിരാണെന്ന് ചിന്തിച്ചു. മാർപാപ്പയുടെ തെറ്റാവരം എനിക്ക് കഠിനമായിരുന്നു.

ഒരുകഷണം അപ്പത്തെയും വീഞ്ഞിനെയും ആരാധിക്കുന്നത് ക്രിസ്ത്യാനിക്ക് യോജിച്ചതല്ല. അന്യവ്യക്തിയെ എങ്ങനെ ‘അച്ചൻ’ എന്ന് സംബോധന ചെയ്യും; പ്രത്യേകിച്ച് അവിവാഹിതനും മക്കളില്ലാത്തവനും ആയിരിക്കുമ്പോൾ. നമ്മെപ്പോലെതന്നെ പാപിയായ മർത്യനോട് എന്തിന് പാപങ്ങൾ പറയണം. എല്ലാം ക്ഷമിക്കുന്ന ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പോരെ?കത്തോലിക്കർ ബൈബിളിൽ മറ്റു പുസ്തകങ്ങൾ തിരുകിക്കയറ്റി തെറ്റായ വിശ്വാസത്തിന് ഇടയാക്കുന്നു. അവരുടെ പാരമ്പര്യമുപയോഗിച്ച് ബൈബിളിന്റെ ആധികാരികത കുറയ്ക്കുന്നു. കത്തോലിക്കർക്ക് അവരുടെ വിശ്വാസത്തോട് ആഴമായ സമർപ്പണമില്ലാത്തതിനു കാരണം ശിശുജ്ഞാനസ്‌നാനമായിരിക്കുമോ?

മാമോദീസ ഒന്നും നല്കുന്നില്ല?

ഫണ്ടമെന്റലിസത്തിൽ ശിശുജ്ഞാനസ്‌നാനമില്ല. ജ്ഞാനസ്‌നാനം ആരെയും രൂപാന്തരപ്പെടുത്തുന്ന കൂദാശയല്ല, ഒന്നും നൽകുന്നുമില്ല. ക്രിസ്തുവിന്റെ കല്പനയോട് വിധേയപ്പെടുന്ന ഒരു നിയമംമാത്രം. ശിശുവിന് അത് സാധ്യമല്ലാത്തതുകൊണ്ട് പ്രായപൂർത്തിയായവർ ഇത് സ്വീകരിക്കുന്നു. ഇതൊക്കെയാണ് ഞങ്ങൾ വിശ്വസിച്ചിക്കുന്നത്. ഞാൻ മാമോദീസ സ്വീകരിക്കുന്നത് പതിനാലാമത്തെ വയസിലാണ്.

കത്തോലിക്കനായശേഷമാണ് മനസിലായത് ജ്ഞാനസ്‌നാനം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്ന്. ജ്ഞാനസ്‌നാനത്തോടെ ദൈവവുമായുള്ള എന്റെ ബന്ധം മെച്ചപ്പെട്ടുവെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ദൈവം എന്റെ സ്‌നേഹമുള്ള പിതാവാണ്. മാത്രമല്ല ഞാൻ സ്വർഗത്തിൽ ആയിരിക്കുന്നതിന് എന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ പിതാവാണ്. മാമോദീസ വഴി ദൈവപിതാവ് എന്റെ ആത്മാവിൽ തന്റെ സ്‌നേഹമുദ്ര പതിപ്പിച്ചു. അ ങ്ങനെ ഞാൻ ദൈവത്തിന്റേതായി. കത്തോ ലിക്കാസഭയിലെത്തിയപ്പോഴാണ് ഇതൊക്കെ എനിക്ക് ബോധ്യമായത്.

വിഭജനങ്ങളുടെ മൂലകാരണം

ഞാൻ പഠിച്ചത് ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് സെമിനാരിയിലാണ്. ഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച് ഏതാനും തലമുറയ്ക്കുശേഷം കുറെ ഫണ്ടമെന്റലിസ്റ്റുകൾ ഇവാഞ്ചലിക്കൽസ് എന്നപേരു സ്വീകരിച്ചു. ഇവാഞ്ചലിക്കൽസ് ഫണ്ടമെന്റലിസ്റ്റുകളെക്കാൾ ദൈവശാസ്ത്രപരമായി വിശാലമനസ്‌കരും ആധുനിക സംസ്‌കാരം അംഗീകരിക്കുന്നവരുമായിരുന്നു. സഭകളിൽ വിഭജനം തുടർക്കഥയാണ്. കാരണങ്ങൾ പലതെങ്കിലും എനിക്കു തോന്നുന്നത്-പ്രൊട്ടസ്റ്റന്റുകാർ സഭയുടെ ആദ്യകാലചരിത്രം പഠിക്കും. എന്നാൽ പ്രധാന ഉറവിടം അന്വേഷിക്കുന്നില്ല. ആദ്യകാല സഭാപിതാക്കന്മാരുടെ വിശ്വാസത്തെക്കുറിച്ച് പറയും. പക്ഷേ, ഇവരുടെ യഥാർത്ഥ എഴുത്തുകളുടെ വെട്ടിയെടുത്ത ശകലങ്ങൾ മാത്രമാണ് വായിക്കുന്നത്.

ഈ സഭാപിതാക്കന്മാരെ ഞൻ സ്വന്തമായി പഠിച്ചപ്പോൾ വ്യക്തമായി-അവർ കർശനമായ കൗദാശികജീവിതം നയിച്ചി രുന്നവരും അധികാരത്തിന് വിധേയപ്പെട്ടിരുന്നവരുമായിരുന്നു. മറ്റൊരുവാക്കിൽ പറഞ്ഞാൽ അവർ പ്രൊട്ടസ്റ്റന്റുകാരോ ഇവാഞ്ചലിക്കൽസോ ആയിരുന്നില്ല, യഥാർത്ഥ കത്തോലിക്കരായിരുന്നു.

ഇവാഞ്ചലിക്കൽസിനുള്ളിലെ ദൈവശാസ്ത്രയുദ്ധം അപകടസന്ധിയിലാണെന്ന് എനിക്ക് ബോധ്യമായി. അവരുടെ അയവില്ലാത്ത ദൈവശാസ്ത്ര ചിന്തകളിൽ യാതൊരുവിധ അനുകമ്പയുമില്ലായിരുന്നു. പ്രധാനപ്പെട്ടതെന്ന് കരുതിയ പലതിനോടും എനിക്ക് യോജിക്കാൻ സാധിച്ചില്ല. പലതിനെക്കുറിച്ചും സെമിനാരിയിൽത്തന്നെ എതിരഭിപ്രായങ്ങളുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ബൈബിൾ വചനത്തെ അടിസ്ഥാനമാക്കിവയായിരുന്നു. ബൈബിൾ പഠിക്കുംതോറും പെന്തക്കുസ്താ വ്യാഖ്യാനങ്ങളുമായി അകൽച്ച കൂടിവന്നു.

‘സഹനം നഷ്ടം!’

സഹനം എന്തുകൊണ്ട് എന്നത് ജോബിന്റെ കാലം മുതൽ സംസാരവിഷയമാണ്. സി.എസ്.ലൂയിസിന്റെ ‘പ്രോബ്ലം ടു പെയ്ൻ’ പറയുന്നു: സഹനം ആകസ്മികമല്ല. ആരും മനസിലാക്കുന്നില്ലെങ്കിലും സഹനങ്ങൾ ഒരു ക്രിസ്ത്യാനിയുടെ വളർച്ചയ്ക്ക് സഹായകമാണ്. സഹനങ്ങൾ അനർഹമായ അനുസരണം പഠിപ്പിക്കുന്നു. ഈ വീക്ഷണം വലിയൊരു അവബോധമായിരുന്നെങ്കിലും ദൈവവചനവുമായി താരതമ്യം ചെയ്താൽ ഇത് അപൂർണമാണ്.

ഒരിക്കൽ ഡാളസ് തിയോളജിക്കൽ സെമിനാരി പ്രസിഡന്റിനോട് ഞാൻ ചോദിച്ചു, കൊളോ.1:24 പ്രകാരം രക്ഷ വിശ്വാസം വഴി മാത്രമെന്ന ആശയവുമായി എത്രമാത്രം പൊരുത്തപ്പെടും. തന്റെ സഹനങ്ങൾ തന്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്ക് നിദാനമായി വി.പൗലോസ് കാണുന്നു.

അത്ഭുതം, പ്രസിഡന്റിന് തന്റെ രക്ഷയുടെ ദൈവശാസ്ത്രം സാധൂകരിക്കാൻ സാധിച്ചില്ല. പിന്നീട് പലപ്പോഴും സെമിനാരിയിൽ ഞാൻ ഈ വിഷയം ഉന്നയിച്ചു. എഴുതപ്പെട്ട ഈ വചനവുമായി പൊരുത്തപ്പെടാൻ ഒരു പ്രൊട്ടസ്റ്റന്റ് പ്രഫസർക്കും സാധിച്ചില്ല.

അപ്പോൾ എനിക്ക് മനസിലായി, ദൈവവചനം എന്റെ ദൈവശാസ്ത്രത്തിന് വിരുദ്ധമാണെങ്കിൽ എന്റെ ഉത്തരവാദിത്തം ദൈവശാസ്ത്രത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുകയെന്നതാണ്. അല്ലാതെ ബൈബിൾ മാറ്റുകയല്ല. കാരണം ബൈബിൾ മാറ്റമില്ലാത്തതാണ്.

ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ലേഖനങ്ങൾ വായിച്ചപ്പോഴാണ് പരിത്രാണത്തിന് സഹനങ്ങൾ എത്രമാത്രം ആവശ്യമെന്ന് മനസിലായത്. അതാണ് ഒരു കത്തോലിക്കാ ഗ്രന്ഥകർത്താവുമായുള്ള എന്റെ ആദ്യസമാഗമം. അദ്ദേഹം പറയുന്നത് സഹനം ആസ്വാദ്യകരമല്ല. പക്ഷേ, അത് സ്വർഗപ്രാപ്തിക്ക് അത്യാവശ്യമാണ്. ഈ കത്തോലിക്കാ കാഴ്ചപ്പാട് പൗലോസ് ശ്ലീഹായുടെ കൊളോ.1:24 വാക്യങ്ങൾക്ക് അർത്ഥം നൽകുന്നുവെന്ന് മാത്രമല്ല, സഹനത്തിന് മാന്യത കല്പിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ആധ്യാത്മികതയുടെ ആഴം ഗ്രഹിച്ച ആദ്യ അനുഭവമായിരുന്നു ഇത്. പാപ്പാ പറയുന്നു, ‘നമ്മുടെ സഹനങ്ങൾ മറ്റുള്ളവരുടെ രക്ഷയ്ക്കും കാരണമാകുന്നു. രക്ഷയ്ക്ക് സഹനങ്ങൾ എത്രമാത്രം ആവശ്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.’ ഞാൻ കത്തോലിക്കാ വിശ്വാസത്തിൽവരുന്നതുവരെ ഇതിന് ശരിയായ വിശദീകരണം അറിയില്ലായിരുന്നു.
കത്തോലിക്കാ പഠനങ്ങളിൽനിന്ന് ഞാൻ മനസിലാക്കിയ അനേക സത്യങ്ങളിലൊന്നു മാത്രമായിരുന്നു സഹനത്തെക്കുറിച്ചുള്ള ബൈബിൾ സത്യം.ബൈബിൾ ഏറ്റവും നന്നായി മനസിലാക്കാൻ നല്ല വഴി കത്തോലിക്കാ പഠനങ്ങളിലൂടെ സഞ്ചരിക്കുകയെന്നതാണെന്ന് എനിക്ക് ഉറപ്പായി.

ഇനിയൊരു ബലി എന്തിന്?

ഞാൻ വിശ്വസിച്ചിരുന്നത് ക്രിസ്തു വേഗം വരുമെന്നും ആയിരം വർഷം ജറുസലേമിൽ യഹൂദരുമൊത്ത് ജീവിച്ച് ഭരണം നടത്തുമെന്നുമായിരുന്നു. പല അമേരിക്കക്കാരും വിശ്വസിച്ചതും ഇപ്രകാരം തന്നെ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എപ്രകാരമാണ് ക്രിസ്തുവിന്റെ പൂർണമായ കുരിശുമരണവും മൃഗബലിയും തമ്മിൽ യോജിക്കുന്നതെന്ന്. ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ പറയുന്നു, പഴയ ആരാധനാരീതികൾ എല്ലാം കാലഹരണപ്പെട്ടതും ഇനി ആവശ്യമില്ലാത്തതുമാണെന്ന്.

എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ വചനഭാഗം സഖറിയ പ്രവചനത്തിലാണ്. അവസാന കാലഘട്ടത്തെക്കുറിച്ച് പഠനം നടത്തിയ ഒരാളുമായി സംസാരിക്കുമ്പോൾ ഒരു യുവാവ് ചോദിച്ചു: ഈശോയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം മറ്റൊരു ബലി ജറുസലേമിൽ ആവശ്യമുണ്ടോ? അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. അദ്ദേഹം പറഞ്ഞു, ഇതിനൊരു വിശദീകരണം തരുവാൻ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് സഖറിയ. 14:20-21 അവർക്കൊരു പ്രശ്‌നമാകുന്നത്? ഇതെനിക്കൊരു പ്രഹേളികയായിരുന്നു.

കത്തോലിക്കാസഭയുടെ പഠനങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി, സഖറിയാ പ്രവാചകൻ സംസാരിച്ചത് അനുദിന ദിവ്യബലിയെക്കുറിച്ചാണ്-വിശുദ്ധ കുർബാനയെക്കുറിച്ച്. കർത്താവിന്റെ പീഡാനുഭവത്തിനുശേഷം മൂല്യമുള്ള ഏകബലി വിശുദ്ധ കുർബാന മാത്രമാണ്. കാരണം, അത് കർത്താവിന്റെ പീഡാനുഭവവും കുരിശുമരണവുമാണ്. കത്തോലിക്കാസഭയിൽ വിശുദ്ധബലി ദിവസവും അർപ്പിക്കുന്നു. ജറുസലേമിൽ മാത്രമല്ല ലോകം മുഴുവനിലും. സഭയിൽ തുടർന്നുകൊണ്ടിരിക്കുന്ന വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രവചനമാണ് പഴയനിയമത്തിൽ കാണുന്നത്.

കത്തോലിക്കാ സഭയിലേക്ക്

ക്രിസ്തീയ യാത്രയിൽ ചില നിർണായ തീരുമാനമെടുക്കേണ്ടതായി വരും. ദൈവത്തെ അനുഗമിക്കണമോ, വേണ്ടയോ. അത് അത്ര എളുപ്പമല്ല. പലപ്പോഴും ബലിയും സഹനവുമായിരിക്കും. ഒപ്പം കൃപയുടെ അ വസരവും. ഇത്തരമൊരു പ്രതിസന്ധി എനിക്കുമുണ്ടായി. ജീവിതകാലം മുഴുവൻ ഞാൻ വചനം പഠിച്ചു. മാസങ്ങൾ കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ പഠിച്ചു. കത്തോലിക്കനാകാതിരിക്കാനുള്ള കാരണങ്ങളാണ് മുഖ്യമായും ആരാഞ്ഞത്. കത്തോലിക്കനായാൽ കുടുംബബന്ധങ്ങൾ നഷ്ടപ്പെടും, എന്റെ ഭാര്യയും മക്കളും പുതിയ സാമൂഹ്യപശ്ചാത്തലത്തിലേക്ക് മാറേണ്ടിവരും. ഇപ്രകാരമുള്ള കാരണങ്ങളാൽ ഞാൻ മടിച്ചുനിന്നു.

ഒരു ദിവസം ഞാൻ ഭാര്യയോടു പറഞ്ഞു:ഞാൻ വിശ്വസിക്കുന്നു, വിശുദ്ധ കുർബാന ഈശോയുടെ ശരീരവും രക്ത വും ദൈവത്വവുമാണ്. ഈ വിശ്വാസം ഒരു ദൈവദാനമാണ്. കത്തോലിക്കാ സഭയുടെ വീക്ഷണങ്ങൾ പഠിച്ചപ്പോൾ കത്തോലിക്കാ സഭയാണ് സത്യമെന്ന് എനിക്ക് മനസിലായി. ജോൺ ആറാമൻ തന്റെ വ്യാഖ്യാന ത്തിൽ പഠിപ്പിക്കുന്നു, നിത്യജീവന് കർത്താവിന്റെ തിരുശരീരം അത്യാവശ്യമാണ്.

സഖറിയാ പ്രവാചകൻ അത് നേര ത്തെ പ്രവചിച്ചു. ഈശോ അത് സ്ഥാപിച്ചു. ഈശോ പഠിപ്പിച്ചതുപോലെ കത്തോലിക്കാസഭ പ്രവർത്തിക്കുന്നു. ആ പ്രഭാതം വ്യത്യസ്തമായിരുന്നു. ഞാൻ ഉണർന്നത് ആത്മാവിൽ പൂർണമായ ഉറപ്പോടെ ആയിരുന്നു. ദിവ്യകാരുണ്യത്തെ സംബന്ധിച്ച് കത്തോലിക്കാസഭ പൂർണമായും ശരിയാണ്-അതെനിക്കുറപ്പായിരുന്നു.

ഈ കൃപ ഞാൻ അർഹിക്കാത്തതായിട്ടും എനിക്ക് മാത്രം സ്വീകരിക്കുവാൻ എങ്ങനെ സാധിച്ചു. ആരോ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്റെ ബോധം തെളിച്ചു കിട്ടുന്നതിനായി അവരുടെ സഹനങ്ങൾ സമർപ്പിക്കുന്നുമുണ്ടാവും. ദൈവം എനിക്കുതന്ന വലിയ ദാനമാണ് എന്റെ സ്‌നേഹമുള്ള ഭാര്യ. അവൾ പറഞ്ഞു, ഡേവിഡ്, ഇതു വിശ്വസിക്കുന്നെങ്കിൽ കത്തോലിക്കാ സഭയിൽ ചേരുക. മാസങ്ങൾക്കുശേഷം ദൈവത്തിന്റെ പ്രത്യേക കൃപയാൽ ഞാങ്ങൾ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു, ഞാനും ഭാര്യയും ഞങ്ങളുടെ ആറുമക്കളും. അതിനുശേഷം ദൈവം ഞങ്ങൾക്ക് രണ്ടു മക്കളെ കൂടി നൽകി അനുഗ്രഹിച്ചു. ഈ പുനരൈക്യമാണ് ഞങ്ങളുടെ കുടുംബം ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് ഞാൻ ആത്മാർത്ഥമായി പറയും. കുടുംബത്തിന്റെ വളർച്ചയ്ക്കും സ്വർഗയാത്രയ്ക്കും ഉത്തമ മാർഗം സഭയാണ്. തീർച്ചയായും കത്തോലിക്കാസഭ മാത്രമാണ് ദൈവം ഭൂമിയിൽ നമുക്കായ് ഉദ്ദേശിക്കുന്ന ഇടവും.