ഒരു ഡിസംബറിലെ വീഴ്ചയാണ് ദോജ്‌രാജ് സിംഗിനെ ക്രിസ്തുവിലേക്ക് നയിച്ചത്

287

മദ്ധ്യപ്രദേശിലെ പച്ചോറിലുള്ള ദുന്താരിയ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ നടക്കുമ്പോൾ കാണുന്ന മനോഹരഭവനം. അതിന്റെ പ്രവേശനമുറിയിൽ നിലത്തുവിരിച്ച പായയിൽ അമ്പതോളം കുഞ്ഞുങ്ങൾ. കട്ടിച്ചില്ലിട്ടിരിക്കുന്ന വലിയ എഴുത്തുപലകയ്ക്കു പിന്നിൽ അരയ്ക്കുതാഴെ തളർന്ന ഒരു മനുഷ്യൻ സുസ്‌മേരവദനനായി ആത്മീയ മൂല്യങ്ങളെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു. കയ്യെത്തും ദൂരത്ത് ഹിന്ദിയിലുള്ള വിശുദ്ധഗ്രന്ഥവും പ്രാർത്ഥനാപുസ്തകങ്ങളും മാതാവിന്റെയും യേശുവിന്റെയും ചിത്രങ്ങളും. അതിനും മുകളിൽ അനുഗ്രഹം പൊഴിച്ച് യേശുവിന്റെക്രൂശിതരൂപം. ശക്തി സംഭരിക്കാനെന്നവിധം ഈ മനുഷ്യൻ ഇടയ്ക്കിടെ പിന്നിലുളള ക്രൂശിതരൂപത്തെ നോക്കുന്നു……അവിടേക്ക് കൈകൾ ഉയർത്തുന്നു. ഒരു ഡിസംബറിലെ വലിയ ദുരന്തം തന്റെ ജീവിതത്തിൽ പകർന്ന ‘ക്രിസ്മസ് അനുഭവ’ത്തിലേക്ക് കൂപ്പുകരങ്ങളുമായി അദ്ദേഹം സന്ദർശകരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1990 ഡിസംബർ 22. ദോജ്‌രാജ്‌സിംഗ് ചൗധരി രജപുത്തിന്റെ ജീവിതം തകിടം മറിഞ്ഞദിവസം. ഇലക്ട്രിക് പോസ്റ്റിന്റെ നെറുകയിൽ നിന്ന് വൈദ്യുതാഘാതമേറ്റയാൾ നിലംപതിച്ചപ്പോൾ തകർന്നത് നട്ടെല്ലും സുഷുമ്‌ന നാഡിയും മാത്രമായിരുന്നില്ല. ഒരു യുവഹൃദയത്തിന്റെ സമസ്ത സ്വപ്നങ്ങളും ഒരുപിടി ആളുകളുടെ പ്രതീക്ഷകളും കൂടിയായിരുന്നു. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്ര…..ലക്ഷങ്ങളുടെ ചികിത്സകൾ വൃഥാവിലായി……മരണം വിധിക്കപ്പെട്ട് നാളുകൾ തള്ളിനീക്കിയ ദോജ്‌രാജ് നിരാശയുടെ ആഴങ്ങളിലേക്ക് താണുപോയി. നിരന്തരമായ പൂജകളുടെയും നേർച്ച കാഴ്ചകളുടെയും പരമ്പരയായി പിന്നീട്. ആയുർവേദ, പ്രകൃതിചികിത്സാ രീതികളും പരീക്ഷിക്കപ്പെട്ടു.

എല്ലാം പരാജയപ്പെട്ട് ഒടുവിൽ മരണം കാത്തുകിടക്കവേ ദൈവവുമായി ഒരു മൽപിടുത്തത്തിന് ദോജ്‌രാജ് തയ്യാറായി. ‘ഒന്നുകിൽ എനിക്കു മറുപടി തരിക, ഇല്ലെങ്കിൽ എന്റെ ജീവിതമെടുത്തുകൊള്ളുക.’ ആഹാരംപോലും വെടിഞ്ഞ് ദൈവത്തിന്റെ പ്രതികരണത്തിനായി കാത്തുനിൽക്കവേ മാലാഖയെപ്പോലൊരു സന്യാസിനി ഒരു ദൂതുമായെത്തി. സിസ്റ്റർ ആഗ്നസ് ദോജ്‌രാജിനുവേണ്ടി പ്രാർത്ഥനാവാഗ്ദാനവുമായെത്തിയതാണ്. ആരുമില്ലല്ലോ ആശ്വാസത്തിനെന്ന് കേണവനുവേണ്ടി അവരൊരു നവനാൾ പ്രാർത്ഥനായജ്ഞത്തിന് തുടക്കമിട്ടു. കാത്തിരുന്ന ദൈവസ്വരം വന്ന പുതുവഴിയിൽ ദോജ്‌രാജ് ധൈര്യസമേതം പദമൂന്നി. തന്റെ സൗഖ്യത്തിനായി മുറിവേറ്റ ദൈവത്തിന്റെ മുമ്പിൽ അവനൊരു കൂപ്പുകരമായ് മാറി.

ആധുനിക വൈദ്യശാസ്ത്രമുപേക്ഷിച്ചവനെ ദൈവം കടാക്ഷിച്ച ദിവസങ്ങൾ. അത്ഭുതകരമായ സമാധാനം മനസ്സിൽ വിരുന്നിനെത്തിയ തീവ്രപ്രാർത്ഥനയുടെ ഒമ്പതുദിവസങ്ങൾ. ദോജ്‌രാജ് കരയാൻ മറന്നു. മുഖത്ത് അഭൗമിക പ്രസന്നത കളിയാടാൻ തുടങ്ങി. തീർന്നുവെന്ന് കരുതിയ ജീവിതത്തിൽ പുതിയ പ്രത്യാശാകിരണങ്ങൾ. മൂന്നു വർഷത്തെ ഘോരവേദനകൾക്കും വൃഥാവിലായ പൂജാപ്രാർത്ഥനകൾക്കും ശേഷം അയാൾ സത്യദൈവത്തെ കണ്ടെത്തുന്നതിന് തുടക്കമായി. 1993-ൽ മദ്ധ്യപ്രദേശിൽ മാത്യു നായ്ക്കംപറമ്പിലച്ചൻ നയിച്ച ധ്യാനത്തിൽ പങ്കെടുക്കാൻ ദോജ്‌രാജിനെ കൊണ്ടുപോയി.

”കിടന്നപടിയാണവരെന്നെ ചുമന്നുകൊണ്ടുപോയത്. അവിടെവച്ച് ദൈവമെന്നെ തൊട്ടു. വർഷങ്ങൾ കൂടി അവിടെ ധ്യാനപ്രസംഗം നടക്കവേ ഞാൻ കിടക്കവിട്ട് എഴുന്നേറ്റിരുന്നു. ക്രമേണ മണിക്കൂറുകളോളം ഞാനിരുന്ന് ധ്യാനിക്കാൻ തുടങ്ങി. മൂന്നാണ്ടുകളുടെ കിടപ്പ് എന്റെ ദേഹത്തുണ്ടാക്കിയ ചീഞ്ഞളിഞ്ഞ ഇരുപത് വ്രണങ്ങൾ എങ്ങോ പോയ്മറഞ്ഞു. മങ്ങിപ്പോയ എന്റെ കണ്ണുകൾ വീണ്ടും മിന്നിത്തെളിഞ്ഞു. തുടരെത്തുടരെ ഈ ഭൂമിയിൽ നിന്നെങ്ങോ ഉയർത്തപ്പെടുന്നതുപോലുള്ള അനുഭവങ്ങൾ….പകുതിയിലേറെ സൗഖ്യം ലഭിച്ച ഞാൻ ധ്യാനം കഴിയുംമുമ്പേ എന്നെ പൂർണ്ണമായും യേശുവിന് സമർപ്പിച്ചിരുന്നു. സൗഖ്യദായകനായ യേശുവിനെ രക്ഷനായി സ്വീകരിച്ചിട്ട് ഇന്ന് പത്തുവർഷങ്ങൾ പിന്നിടുകയാണ്. അല്പംപോലും തളരാതെ ഓരോ ദിവസവും ദൈവത്തോടടുത്തു വരികയാണു ഞാൻ. മരിച്ചവനായിരുന്ന ഞാൻ ഇതാ തിരികെ ജീവനിലേക്ക് വന്നിരിക്കുന്നു. എല്ലാം യേശുവിന്റെ കൃപ”.

? യേശു ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

♦ രോഗക്കിടക്ക മുതലേയുള്ള നിരന്തരമായ പ്രാർത്ഥനകളും മുടങ്ങാതെയുള്ള വേദവായനയും എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദൈവവിശ്വാസം പോലുമില്ലാതിരുന്ന എന്നെ ഇന്ന് ദൈവത്തിന്റെ ആളായിട്ടാണ് ലോകം കണക്കാക്കുന്നത്. പലരും ‘അച്ചാ’ എന്നെന്നെ വിളിക്കാറുണ്ട്. വി.ഗ്രന്ഥം പഠിപ്പിക്കുന്ന പരസ്പര സ്‌നേഹവും സേവനവും എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. അനൗപചാരിക വിദ്യാലയവും സ്വയംസഹായ സംഘങ്ങളും, തയ്യൽ പരിശീലനപരിപാടികളും അങ്ങനെയാണുടലെടുക്കുന്നത്.

അരയ്ക്കു താഴോട്ട് സ്വാധീനമില്ലെങ്കിലും ദോജ്‌രാജിന്ന് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. തളർന്ന കാലുകൾക്കു മുകളിലായ കട്ടിലിൽ ഒരു വലിയ എഴുത്തു പലക വച്ച് ദോജ്‌രാജ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. നാല്പതിലധികം ദരിദ്രവിദ്യാർത്ഥികൾ പഠിക്കുന്ന അനൗപചാരിക വിദ്യാലയത്തിലെ അധ്യാപകനാകുന്നത് ഈ കട്ടിലിലിരുന്നാണ്. ഗ്രാമത്തിലെ അനേകം പെൺകുട്ടികൾക്ക് ജീവിതമാർഗ്ഗം കാണിച്ചുകൊടുത്ത തയ്യൽ പരിശീലനവും ഈ പലകയ്ക്കു പുറകിലിരുന്നാണ്. ചവിട്ടി കറക്കുവാൻ കഴിയാത്തതിനാൽ സ്റ്റാന്റിൽ നിന്ന് വേർപ്പെടുത്തി ഹാന്റിംഗ് പിടിപ്പിച്ച് കറക്കിയാണ് അദ്ദേഹം തയ്യൽ പഠിപ്പിക്കുന്നത്. ഇന്നീ ഗ്രാമത്തിൽ തയ്യലറിയാത്തവരില്ലെന്നു പറയാം.

അരുതാത്ത വഴികളിലൂടെ ചരിച്ച് വീടിനും നാടിനും ശാപവും ദാരിദ്ര്യകാരണവുമായി മാറുന്ന വ്യക്തികളിൽ സമ്പാദ്യശീലം വളർത്താനും കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുമായി സ്വയംസഹായസംഘങ്ങൾ ദോജ്‌രാജിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു. ”എല്ലാറ്റിലുമുപരിയായ് യേശുവിന് സാക്ഷ്യം നൽകുവാൻ ഞാനെന്റെ ജീവിതം മാറ്റിവയ്ക്കുന്നു. പച്ചോറിലെ പ്രാർത്ഥനാനികേതൻ ധ്യാനകേന്ദ്രത്തിലും മറ്റുമായി ഞാനെന്റെ അനുഭവം പങ്കുവയ്ക്കുമ്പോൾ, വലിയ ദൈവാനുഗ്രഹങ്ങളാണുണ്ടാകുന്നത്.”

? സമൂഹത്തിന്റെ പ്രതികരണം

♦ യേശുവിന്റെ സ്പർശത്താലാണ് ഞാൻ രക്ഷപ്പെട്ടതെന്ന് ആളുകൾക്കെല്ലാമറിയാം. ഞാൻ നടത്തിയ ചികിത്സകളും പൂജകളും ഒടുവിൽ യേശുവിടപെട്ടതും നാടുമുഴുവൻ അറിഞ്ഞതാണ്. അതുകൊണ്ട് വലിയ എതിർപ്പുകളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. മരിച്ചുവെന്ന് ഉറപ്പിച്ചിട്ടും തിരിച്ചുവന്ന എന്നെ അവർ അത്ഭുതത്തോടെ വീക്ഷിക്കുന്നു. മനസ്സാലെ ക്രിസ്തുവിനെ സ്വീകരിച്ച എനിക്ക് കൗദാശികമായും അവനെ സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ ഗ്രാമത്തിലെ പൂജാരിപോലും എതിർത്തില്ല. അത്ഭുതകരമായ അനുഭവത്തിന് വ്യക്തിപരമായി നന്ദി പ്രകടിപ്പിക്കേണ്ടതാണെന്ന് അദ്ദേഹവും ശരിവയ്ക്കുന്നു. മാമ്മോദീസാ സ്വീകരിച്ചാൽ ഒറ്റപ്പെട്ടുപോകുമെന്ന പേടി എനിക്കിന്നില്ല. യേശുവിനെ അങ്ങനെ പൂർണ്ണമായി സ്വീകരിക്കുന്ന സുവർണ്ണദിനത്തിനായി ഞാൻ കാത്തിരിക്കുന്നു.

അനേകമാളുകൾ എന്റെ ജീവിതം കണ്ട് പ്രാർത്ഥനാനുഭവത്തിലേക്ക് വരുന്നുണ്ട്. ഭയം കൂടാതെ എല്ലാവരോടും ഞാനീ സാക്ഷ്യം പ്രഘോഷിക്കുന്നു. എന്റെ ജീവിതമല്ലാതെ മറ്റൊരു തെളിവെനിക്കാവശ്യമില്ല. ദോജ്‌രാജിന് സുവിശേഷം പ്രസംഗിക്കാൻ മറ്റു വാദഗതികളുടെ ആവശ്യമില്ല. അടിയുറച്ച ബോധ്യത്തോടെ അദ്ദേഹം പങ്കുവയ്ക്കുന്ന സത്യം യുക്തിക്കതീതമാണ്. ലക്ഷങ്ങളുടെ ചികിത്സയും മറ്റു ചിലവുകളും ആ കുടുംബത്തെ തളർത്തിയില്ല. ദോജ്‌രാജും ഭാര്യ സാവിത്രിയും തകരാതെ പിടിച്ചുനിന്നു. ‘അവളെന്നോടൊപ്പം മരിക്കാനും തയ്യാറാണ്.

വികലാംഗനായ എന്നെ വിട്ടുപിരിയാതെ ഈ വീടിന്റെ വിളക്കായി അവളെന്നോടൊപ്പം പ്രാർത്ഥിക്കുന്നു. എന്റെ കുറവുകൾ നികത്തുന്നു.’ ദോജ്‌രാജിന്റെ കണ്ണുനിറയുന്നു. ‘സാവിത്രിയുടെ സ്‌നേഹവും എന്റെ യേശുവിന്റെ ദാനമാണ്.’ ഗ്രാമത്തിലെ മെച്ചപ്പെട്ട വീടാണ് ദോജിന്റേത്. പതിനായിരക്കണക്കിന് രൂപയുടെ വരുമാനമാണ് കൃഷിയിടങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നത്. ‘എല്ലാം തരുന്നത് യേശു.’ തന്റെ വരുമാനത്തിൽ നിന്ന് അനേകം പേരെ സഹായിക്കുവാൻ ദോജ്‌രാജ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രോഗികൾ, ഭവനരഹിതർ, ദരിദ്രവിദ്യാർത്ഥികൾ തുടങ്ങിയ വ്യത്യസ്ത വേദന പേറുന്ന അനേകരെ അദ്ദേഹം സഹായിക്കുന്നുണ്ട്. അഞ്ചുലക്ഷം പോലും വില കിട്ടില്ലെന്നു കരുതിയ ഒരു സ്ഥലം റെയിൽവേ സ്റ്റേഷന്റെ സാമീപ്യത്താൽ 19 ലക്ഷത്തിന് വിൽക്കാൻ ദോജിന് കഴിഞ്ഞു. അങ്ങനെയാണ് നല്ല വീടുണ്ടായത്. സമൃദ്ധിയിൽ കഴിഞ്ഞുപോകുവാൻ ദൈവം തുണയ്ക്കുന്നു.

? ദൈവാനുഗ്രഹത്തിന്റെ വഴികൾ

♦ ജീവിതത്തിന്റെ ഇന്നലെകളെ സമഗ്രതയോടെ നോക്കുവാൻ ഇന്നെനിക്ക് കഴിയുന്നു. വർഷങ്ങളായി അടയാളങ്ങളും അനുഭവങ്ങളും തന്ന് യേശു എന്നെ ഒരുക്കുകയായിരുന്നു. എനിക്ക് അപകടം സംഭവിക്കുന്നതിനു മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. പച്ചോറിൽ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് ഒരു വാഹനം വന്നുനിൽക്കുന്നതും അതിൽ നിന്ന് വൈദികരും സിസ്റ്റേഴ്‌സും ഇറങ്ങുന്നതുമായ സ്വപ്നം. അധികം വൈകാതെ ആരും പ്രതീക്ഷിക്കാത്ത ആ സ്ഥലത്ത് തന്നെ ‘പ്രാർത്ഥനാനികേതൻ’ ധ്യാനകേന്ദ്രം ആരംഭിച്ചു. അന്നെനിക്ക് പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല. പക്ഷേ മഞ്ഞുമാറുംപോലെ എല്ലാം വ്യക്തമായി വരികയാണ്. യേശുവെന്റെ ജീവിതനാഥനായെന്ന കാരണത്താൽ ശരീരത്തെ തളർത്തിയ ആ വലിയ അപകടത്തെപ്പോലും ഞാൻ സ്‌നേഹിക്കുന്നു. അതിലൂടെയാണ് അവനെന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അതെ, ഞാൻ വീണതു നന്നായി.

? പൂർണ്ണമായി സൗഖ്യം കിട്ടിയാൽ കുറേക്കൂടെ മറ്റുള്ളവരെ സഹായിക്കാൻ കഴിയുമായിരുന്നുവെന്ന് തോന്നുന്നില്ലേ

♦ ഒരിക്കലുമില്ല. ശരിക്കും ആരോഗ്യമുണ്ടായിരുന്ന കാലത്ത് മറ്റുള്ളവരെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. ‘ഞാൻ’ മാത്രമായിരുന്നു മനസ്സു നിറയെ. പക്ഷേ ഇന്ന് യേശു എന്നിലൂടെ എത്ര അത്ഭുതമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ വ്യക്തിയേക്കാൾ എത്രയോ നന്മകളാണ് അവനെന്നിലൂടെ നിറവേറ്റുന്നത്. പണ്ട് എനിക്ക് ഒത്തിരി ദുശ്ശീലങ്ങളുണ്ടായിരുന്നു. കെട്ടുകണക്കിന് ബീഡിയും കൂടുകണക്കിന് തമ്പാക്ക്, പാൻപരാഗ് എന്നിങ്ങനെ അനേകം ചീത്തശീലങ്ങൾ. അപകടത്തിനുശേഷവും വർഷങ്ങളോളം ഈ ശീലം തുടർന്നിരുന്നു. പക്ഷേ യേശു ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ എല്ലാം പിടിച്ചുനിറുത്തിയതുപോലെ നിന്നു. പ്രാർത്ഥന ഫലവത്തായി. ചികിത്സിച്ചിട്ടു പോലും ഇത്തരം ശീലങ്ങൾ മാറാത്ത അനേകം പേരെ ഈ ഗ്രാമത്തിൽത്തന്നെ എനിക്കറിയാം. പക്ഷേ യേശുവെനിക്ക് വിടുതൽ തന്നു..